സ്മരണയോ പ്രതികാരമോ? ആര്‍എസ്എസ് പ്രചാരകിന്റെ കൊലപാതകത്തിനു പിന്നാലെ ധനരാജിന്റെ ചിത്രങ്ങളുമായി സോഷ്യല്‍മീഡിയയില്‍ പ്രചാരണം

കാലം കടം വീട്ടാതിരിക്കില്ല, രക്തസാക്ഷി മരിക്കുന്നില്ല, ഏഴിമലയ്ക്ക് മുകളില്‍നിന്നും ഇന്ന് സഖാക്കളെ നോക്കി ആകാശത്ത് നിന്ന് ആ നക്ഷത്രം പുഞ്ചിരിക്കും തുടങ്ങിയ തലക്കെട്ടുകള്‍ക്ക് പുറമേ, പ്രകോപനകരമായ തലക്കെട്ടുകളോടുകൂടിയ പോസ്റ്റുകളും ഫേസ്ബുക്കില്‍ നിറയുന്നുണ്ട്.

സ്മരണയോ പ്രതികാരമോ? ആര്‍എസ്എസ് പ്രചാരകിന്റെ കൊലപാതകത്തിനു പിന്നാലെ ധനരാജിന്റെ ചിത്രങ്ങളുമായി സോഷ്യല്‍മീഡിയയില്‍ പ്രചാരണം

കണ്ണൂരില്‍ ആര്‍എസ്എസ് പ്രചാരകന്റെ കൊലപാതകത്തിനു പിന്നാലെ, പത്തുമാസം മുമ്പ് പയ്യന്നൂരില്‍ കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ ചിത്രങ്ങളും ഓര്‍മ്മകളുമായി സോഷ്യല്‍ മീഡിയയില്‍ സിപിഐഎം അനുഭാവികളുടെ പ്രചാരണം.

ധനരാജ് കൊലക്കേസിലെ പന്ത്രണ്ടാം പ്രതിയാണ് ഇന്ന് കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് ബിജു. കണ്ണൂരിലെ വലിയൊരുവിഭാഗം സിപിഐഎം അനുഭാവികളും അംഗങ്ങളും ധനരാജിന്റെ ചിത്രമാണ് ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോയാക്കിയിരിക്കുന്നത്. സിപിഐഎം അനുകൂല ഗ്രൂപ്പുകളിലെല്ലാം ധനരാജിന്റെ ചിത്രങ്ങളും അന്നത്തെ മാധ്യമ വാര്‍ത്തകളും പ്രചരിക്കുകയാണ്. ധനരാജ് കൊലപാതകം മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിരുന്നില്ല എന്ന ആക്ഷേപം അന്നുമുതലേ സിപിഐഎം പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. കേസിലെ പ്രതികളെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമായിരുന്നു.

കാലം കടം വീട്ടാതിരിക്കില്ല, രക്തസാക്ഷി മരിക്കുന്നില്ല, ഏഴിമലയ്ക്ക് മുകളില്‍നിന്നും ഇന്ന് സഖാക്കളെ നോക്കി ആകാശത്ത് നിന്ന് ആ നക്ഷത്രം പുഞ്ചിരിക്കും തുടങ്ങിയ തലക്കെട്ടുകള്‍ക്ക് പുറമേ, പക വീട്ടാനുള്ളതാണ്- ചുവന്ന് കണ്ണൂര്‍, കണ്ണീരുകൊണ്ട് പകരംവയ്ക്കില്ല ചങ്കൂറ്റം കൊണ്ട് പ്രതികാരം ചെയ്യും തുടങ്ങിയ പ്രകോപനകരമായ തലക്കെട്ടുകളോടുകൂടിയ പോസ്റ്റുകളും ഫേസ്ബുക്കില്‍ നിറയുന്നുണ്ട്.

കൊല്ലപ്പെട്ട ബിജുവിനെ പരിഹസിച്ചും പ്രതികാര കൊലപാതകം എന്ന നിലയിലും പോസ്റ്റുകളുണ്ട്. എന്നാല്‍ പ്രമുഖ സിപിഐഎം നേതാക്കളാരും വിഷയത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം സംഭവത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊലപാതകം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഐഎം പ്രതികരിച്ചു.

കണ്ണൂരില്‍ കൊലപാതകങ്ങള്‍ അരങ്ങേറുമ്പോള്‍ മാധ്യമങ്ങള്‍ ഇരട്ടത്താപ്പ് നടത്തുകയാണെന്ന ആരോപണവും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ധനരാജ് ഉള്‍പ്പെടെയുള്ള സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സമയത്ത് അത് വെറുമൊരു വാര്‍ത്തയായി മാത്രം നല്‍കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുമ്പോള്‍ ചര്‍ച്ചചെയ്ത് കണ്ണൂരിന്റെ സമാധാനത്തിനുവേണ്ടി വിലപിക്കുന്നുവെന്നും ആരോപണങ്ങളുണ്ട്.

2016 ജൂലൈ 11 നാണ് സിപിഐഎം പ്രവര്‍ത്തകനായ സി വി ധനരാജ് കൊല്ലപ്പെടുന്നത്. രാത്രി പത്തുമണിയോടെ വീട്ടുമുറ്റത്ത് വെച്ചാണ് ധനരാജിനെ ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്തുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ മുഖ്യ ആസൂത്രകനായ തിരുവനന്തപുരം സ്വദേശി കണ്ണന്‍ ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകനെ പിടികൂടാന്‍ പോലീസിന് സാധിക്കാത്തതിനെതിരേ സിപിഐഎം രംഗത്തുവന്നിരുന്നു.


Read More >>