അതിരപ്പള്ളിയിലും സിപിഐഎമ്മിനെതിരെ സിപിഐ പരസ്യപ്പോരിന്; പ്രചരണം നയിക്കാൻ കാനം എത്തുന്നു

ഇന്ന് വൈകിട്ട് സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫ് സംഘടിപ്പിക്കുന്ന സംരക്ഷണശൃംഖല കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അതിരപ്പള്ളി പദ്ധതി ഉപേക്ഷിക്കുക, ചാലക്കുടി പുഴയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള സിപിഐയുടെ പ്രചാരണങ്ങള്‍ക്ക് ഇതോടെ തുടക്കമാകും. മൂന്നാര്‍ വിഷയത്തിനു പിന്നാലെ സിപിഐഎമ്മും സിപിഐയും തമ്മിലുള്ള പരസ്യപോരിന് അതിരപ്പള്ളിയില്‍ കളമൊരുങ്ങുകയാണ്.

അതിരപ്പള്ളിയിലും സിപിഐഎമ്മിനെതിരെ സിപിഐ പരസ്യപ്പോരിന്; പ്രചരണം നയിക്കാൻ കാനം എത്തുന്നു

മൂന്നാറിനു പിന്നാലെ അതിരപ്പള്ളി വിഷയത്തിലും സിപിഐഎം വിരുദ്ധ നിലപാടുമായി സിപിഐ രംഗത്തിറങ്ങുന്നു. അതിരപ്പള്ളി പദ്ധതി ഉപേക്ഷിക്കുക, ചാലക്കുടി പുഴയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് സംഘടിപ്പിക്കുന്ന സംരക്ഷണശൃംഖല ഇന്നു വൈകിട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആദ്യമായാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് കാനം അതിരപ്പള്ളിയിലെത്തുന്നത്.

യുവജനസംഘടനയായ എഐവൈഎഫിന്റെ നേതൃത്വത്തിലാണ് പ്രചാരണപരിപാടികള്‍ നടത്തുന്നതെങ്കിലും സിപിഐയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രകടനപത്രികയില്‍ ഇല്ലാത്ത അതിരപ്പള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് സിപിഐ. പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കം വൈദ്യുതബോര്‍ഡ് സജീവമാക്കിയതാണ് പാര്‍ട്ടിയുടെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

ജൂലൈ പതിനാറിനു മുമ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടില്ലെങ്കില്‍ അനുമതി എന്നന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ആശങ്ക വൈദ്യുത ബോര്‍ഡിനുണ്ട്. പദ്ധതിയെക്കുറിച്ച് വൈദ്യുതി മന്ത്രി എം എം മണി നടത്തുന്ന പ്രഖ്യാപനങ്ങളേയും സിപിഐ സംശയത്തോടെയാണ് കാണുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പദ്ധതിയ്ക്കനുകൂലമായി മന്ത്രി പ്രസ്താവന നടത്തിയിരുന്നു. ഈ മാസം 25ന് സഭ വീണ്ടും ചേരുന്നതിനു മുമ്പ് പദ്ധതിയ്‌ക്കെതിരെ രംഗത്തുവരികയാണ് ഇന്നത്തെ പരിപാടിയുടെ ലക്ഷ്യം.

മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി എം എം മണി സിപിഐയ്‌ക്കെതിരെ നടത്തുന്ന പ്രസ്താവനകളോടുള്ള അമര്‍ഷവും നീക്കത്തിനു പിന്നിലുണ്ട്. 163 മെഗാവാട്ട് പദ്ധതിയ്ക്കായി അമൂല്യമായ ജൈവസമ്പത്ത് നശിപ്പിക്കാന്‍ പാടില്ലെന്ന് എഐവൈഎഫ് നേതാക്കള്‍ പറയുന്നു.

എല്‍ഡിഎഫ് അധികാരത്തിലുള്ള അതിരപ്പള്ളി പഞ്ചായത്ത് ഭരണസമിതിയിലും പദ്ധതി സംബന്ധിച്ച് വിരുദ്ധാഭിപ്രായമാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഐഎമ്മിനും വൈസ് പ്രസിഡന്റ് സ്ഥാനം സിപിഎയ്ക്കുമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.