‌ഒറ്റപ്പാലം ടൗണ്‍ ഹാള്‍ കെട്ടിടം സിപിഐ പാര്‍ട്ടി ഓഫീസാക്കി; താഴത്തെ നില കടയ്ക്കായി വിട്ടുനൽകി വാടകയും പിരിച്ചു

നിയമലംഘനം നടന്നിട്ടുണ്ടെന്നു ബോധ്യമായാല്‍ കെട്ടിടം ഒഴിപ്പിച്ച് സ്ഥലം തിരിച്ചുപിടിക്കുന്നതടക്കമുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ പറയുന്നുണ്ട്. ടൗണ്‍ ഹാളായി ഉപയോഗിക്കേണ്ട കെട്ടിടം സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിച്ചതു സംബന്ധിച്ച് താലൂക്ക് ഓഫീസില്‍ ഹിയറിങ്ങിന് ഹാജരാകാന്‍ പറഞ്ഞ് നോട്ടീസ് കിട്ടിയിട്ടും സിപിഐ നേതാക്കളാരും ഹാജരായില്ല. അതേസമയം ഭരണ സ്വാധീനം ഉപയോഗിച്ച് വീണ്ടും അതേ സ്ഥലത്ത് പാര്‍ട്ടി ഓഫീസ് പുനസ്ഥാപിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

‌ഒറ്റപ്പാലം ടൗണ്‍ ഹാള്‍ കെട്ടിടം സിപിഐ പാര്‍ട്ടി ഓഫീസാക്കി; താഴത്തെ നില കടയ്ക്കായി വിട്ടുനൽകി വാടകയും പിരിച്ചു

മൂന്നാറില്‍ അനധികൃത കയ്യേറ്റങ്ങള്‍ക്കും അത് ഒഴിപ്പിക്കുന്ന സബ് കലക്ടര്‍ക്കും പിന്തുണ നല്‍കി സിപിഐഎമ്മിനെതിരെ വരെ ശക്തമായി ആഞ്ഞടിക്കുന്ന സിപിഐക്ക് പാലക്കാട് ജില്ലയില്‍ മറ്റൊരു മുഖം. ഒറ്റപ്പാലം ടൗണില്‍ ടൗണ്‍ ഹാളിനായി സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് നിര്‍മിച്ച കെട്ടിടം സിപിഐ പാര്‍ട്ടി ഓഫീസാക്കി. കെട്ടിടത്തിന്റെ താഴത്തെ നില ഒരു ഫര്‍ണീച്ചര്‍ ഷോപ്പ് നടത്താന്‍ വാടകയ്ക്കു നല്‍കുകയും ചെയ്തു. ഏകദേശം 15 വര്‍ഷത്തോളമാണ് ടൗണ്‍ഹാള്‍ അനധികൃതമായി പാര്‍ട്ടി ഓഫീസാക്കി ഉപയോഗിക്കുകയും കെട്ടിടത്തിന്റെ ഒരു ഭാഗം വാടകയ്ക്കു നല്‍കുകയും ചെയ്തത്.

ഈ വര്‍ഷം ഫെബ്രുവരി മാസത്തില്‍ ഇതിനെതിരെ പരാതി വന്നതോടെ രണ്ടു ദിവസത്തിനകം ടൗണ്‍ ഹാള്‍ കെട്ടിടത്തില്‍ നിന്ന് സിപിഐ ഓഫീസിന്റെ ബോര്‍ഡ് കാണാതായി. താഴത്തെ നിലയിലെ ഫര്‍ണിച്ചര്‍ ഷോപ്പും അടച്ചു. പരാതി വന്നതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ ഭയന്നാണ് സിപിഐ നേതൃത്വം തന്നെയാണ് പാര്‍ട്ടി ഓഫീസിന്റെ ബോര്‍ഡ് മാറ്റിയതും കട ഒഴിപ്പിച്ചതും. സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്തെ കെട്ടിടത്തില്‍ അനധികൃത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തുന്നത് തടയാനായിരുന്നു റവന്യൂ വകുപ്പ് പരിശോധന നടത്തും മുമ്പെ കെട്ടിടം ഒഴിഞ്ഞത്.

പരാതി വന്നതിനെ തുടർന്ന് പാര്‍ട്ടി ഓഫീസ് ബോര്‍ഡ് മറയ്ക്കുകയും കട അടയ്ക്കുകയും ചെയ്തപ്പോൾ


നിയമ ലംഘനം നടന്നിട്ടുണ്ടെന്ന് ബോധ്യമായാല്‍ കെട്ടിടം ഒഴിപ്പിച്ച് സ്ഥലം തിരിച്ചുപിടിക്കുന്നതടക്കമുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ പറയുന്നുണ്ട്. ടൗണ്‍ ഹാളായി ഉപയോഗിക്കേണ്ട കെട്ടിടം സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിച്ചത് സംബന്ധിച്ച് താലൂക്ക് ഓഫീസില്‍ ഹിയറിങ്ങിനു ഹാജരാകാന്‍ പറഞ്ഞ് നോട്ടീസ് കിട്ടിയിട്ടും സിപിഐ നേതാക്കളാരും ഹാജരായില്ല. തുടര്‍ന്ന് ഈ മാസം 25ലേക്കു വീണ്ടും ഹിയറിങ് മാറ്റിവെച്ചിട്ടുണ്ട്. അതേസമയം, ഭരണ സ്വാധീനം ഉപയോഗിച്ച് വീണ്ടും അതേ സ്ഥലത്ത് പാര്‍ട്ടി ഓഫീസ് പുനസ്ഥാപിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ഒറ്റപ്പാലം നഗരത്തില്‍ മായന്നൂര്‍ പാലത്തിനു സമീപം 1997 ലാണ് 10 സെന്റ് സ്ഥലം ടൗണ്‍ ഹാള്‍ നിര്‍മിക്കാൻ സൗജന്യമായി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നത്. ഒറ്റപ്പാലം-2 വില്ലേജില്‍ അരിയൂര്‍ തെക്കുമുറി ദേശത്ത് 76/31, 53/8 സര്‍വേ നമ്പറുകളിലായി പിഡബ്ല്യുഡിയുടെ കൈവശമുണ്ടായിരുന്ന ഭൂമിയായിരുന്നു ഇത്. സ്ഥലം വിട്ടുനല്‍കുന്നതിന് പൊതുമരാമത്ത് വകുപ്പ് സമ്മതം അറിയിച്ചതോടെയാണ് ടൗണ്‍ ഹാള്‍ നിര്‍മിച്ചത്. സൗജന്യമായി പതിച്ചു നല്‍കിയ ഭൂമി പി വി കുഞ്ഞുണ്ണി നായര്‍ സ്മാരക ടൗണ്‍ ഹാളിനു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. വ്യവസ്ഥ ലംഘിക്കുന്ന പക്ഷം ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നതിനും നിയമമുണ്ട്.

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പി വി കുഞ്ഞുണ്ണി നായരുടെ പേരില്‍ ടൗണ്‍ ഹാള്‍ നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ സ്വാതന്ത്ര്യ പോരാളി സംഘമാണ് ആദ്യമായി രംഗത്തെത്തുന്നത്. പി വി കുഞ്ഞുണ്ണി നായര്‍ സ്മാരക സമിതിയും ഇതേ ആവശ്യം ഉന്നയിച്ച് പിന്നീട് രംഗത്തെത്തി. സിപിഐ നേതാവ് കൂടിയായിരുന്ന പി വി കുഞ്ഞുണ്ണിനായരുടെ പേരില്‍ ടൗണ്‍ ഹാള്‍ നിര്‍മിക്കാന്‍ ഒറ്റപ്പാലത്ത് 25 സെന്റ് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കൂടിയായ കെ ഇ ഇസ്മയില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന് കത്തെഴുതുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് നിര്‍മിച്ച കെട്ടിടത്തിലാണ് സിപിഐ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. ഏകദേശം 15 വര്‍ഷത്തിലേറെയായി മുഴുവന്‍ സമയ സിപിഐ ഓഫീസായാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. താഴത്തെ നില ഫര്‍ണിച്ചര്‍ ഷോപ്പ് നടത്താന്‍ സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് നല്‍കുകയും വാടക പാര്‍ട്ടി പിരിക്കുകയും ചെയ്തുവരികയായിരുന്നു.

ഒറ്റപ്പാലത്ത് ഒരു ടൗണ്‍ഹാള്‍ കെട്ടിടം ഇല്ലാത്തതിനാല്‍ അത് പരിഹരിക്കാന്‍ എല്ലാ വര്‍ഷത്തേയും ബജറ്റില്‍ നഗരസഭ തുക മാറ്റിവെക്കുക പതിവാണ്. എന്നാല്‍ സ്ഥലം കണ്ടെത്താനായില്ല എന്ന കാരണത്താല്‍ നിര്‍മാണം തുടങ്ങാറുമില്ല. പക്ഷെ വകുപ്പ് മന്ത്രിയുടെ പാര്‍ട്ടി തന്നെ ടൗണ്‍ഹാള്‍ കെട്ടിടം പാര്‍ട്ടി ഓഫീസാക്കി വെച്ചിരുന്നതിനെ കുറിച്ച് നഗരസഭ അധികൃതര്‍ക്കും വ്യക്തമായ ധാരണയില്ലായിരുന്നു. സ്ഥലം സര്‍ക്കാരിന്റെതാണെങ്കിലും സ്വന്തം കൈയില്‍ നിന്ന് പണമെടുത്താണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്ന വാദമാണ് ചില സിപിഐ നേതാക്കള്‍ ഉയര്‍ത്തുന്നത്.