വയനാട്ടിലെത്തിയ മാവോയിസ്റ്റുകള്‍ വരാഹിണി ദളം പ്രവര്‍ത്തകരെന്ന് പൊലീസ്; സംഘത്തിലെ വലതു കൈപ്പത്തിയില്ലാത്തയാള്‍ സി പി മൊയ്തീന്‍

കബനിദളം, നാടുകാണി ദളം, ഭവാനിദളം പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വരാഹിണി ദളം രൂപീകരിച്ചത്. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വില്‍ വരുന്ന കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സംഗമസ്ഥലം കേന്ദ്രീകരിച്ചാണു സിപിഐ മാവോയിസ്റ്റ് വരാഹിണി ദളം രൂപീകരിച്ചതെന്നു പൊലീസ് പറയുന്നു. സി പി മൊയ്തീനാണു പുതിയ ദളത്തിന്റെ ചുമതലയെന്നു രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ നാരദാ ന്യൂസിനോടു പറഞ്ഞു. മുമ്പു നാടുകാണി ദളത്തിലായിരുന്നു സി പി മൊയ്തീന്‍ പ്രവര്‍ത്തിച്ചിരുന്നത്.

വയനാട്ടിലെത്തിയ മാവോയിസ്റ്റുകള്‍ വരാഹിണി ദളം പ്രവര്‍ത്തകരെന്ന് പൊലീസ്; സംഘത്തിലെ വലതു കൈപ്പത്തിയില്ലാത്തയാള്‍ സി പി മൊയ്തീന്‍

വയനാട്ടിലെ മുണ്ടക്കൈ വനാതിര്‍ത്തിയില്‍ സായുധധാരികളായെത്തിയത് സിപിഐ മാവോയിസ്റ്റിലെ വരാഹിണി ദളം പ്രവര്‍ത്തകരെന്ന് പൊലീസ്. സംഘത്തിലെ വലതുകൈപ്പത്തിയില്ലാത്തയാള്‍ സിപി മൊയ്തീനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. രൂപേഷും ഷൈനയും മുരളി കണ്ണമ്പള്ളിയും പിടിയിലായതിനു ശേഷം സി പി മൊയ്തീനു വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. മൊയ്തീന്റെ സഹോദരന്‍ സി പി ഇസ്മായില്‍ ഒന്നരവര്‍ഷം മുമ്പു പൊലീസ് പിടിയിലായിരുന്നു. ഇതിനിടെയാണു നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജും അജിതയും വെടിയേറ്റു മരിച്ചത്. അതിനു ശേഷം മാസങ്ങള്‍ പിന്നിട്ടപ്പോഴാണു കബനിദളം, നാടുകാണി ദളം, ഭവാനിദളം പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വരാഹിണി ദളം രൂപീകരിച്ചത്.

നീലഗിരി ബയോസ്ഫിയര്‍ റിസര്‍വില്‍ വരുന്ന കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സംഗമസ്ഥലം കേന്ദ്രീകരിച്ചാണു സിപിഐ മാവോയിസ്റ്റ് വരാഹിണി ദളം രൂപീകരിച്ചതെന്നു പൊലീസ് പറയുന്നു. സി പി മൊയ്തീനാണു പുതിയ ദളത്തിന്റെ ചുമതലയെന്നു രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ നാരദാന്യൂസിനോടു പറഞ്ഞു. മുമ്പു നാടുകാണി ദളത്തിലായിരുന്നു സി പി മൊയ്തീന്‍ പ്രവര്‍ത്തിച്ചിരുന്നത്.

മുണ്ടക്കൈയില്‍ മാവോയിസ്റ്റുകളെത്തിയെന്ന് ഇന്നലെ രാത്രിയാണ് പൊലീസിനു വിവരം ലഭിച്ചത്. ഡംഡം എസ്റ്റേറ്റ് തൊഴിലാളികളുടെ ലയത്തിലാണ് അഞ്ചംഗ മാവോയിസ്റ്റ് സംഘത്തെ പ്രദേശവാസികള്‍ കണ്ടത്. നാലു പുരുഷന്‍മാരും ഒരു വനിതയും ഉള്‍പ്പെടുന്ന സംഘം വൈകിട്ട് രണ്ടു മുതല്‍ നാലുവരെ പ്രദേശത്തുണ്ടായിരുന്നുവെന്നാണു വിവരം. സോമന്‍ ഉള്‍പ്പെടെയുള്ളവർ വരാഹിണി ദളത്തിലാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നു പൊലീസ് പറയുന്നു. ഇന്നലെയെത്തിയ സംഘത്തില്‍ സോമന്‍ ഉള്ളതായി വിവരമില്ല.

ഏപ്രില്‍ 17ന് തിരുനെല്ലിയിലെ വെള്ളറോടി കോളനിയിലെത്തിയ നാലംഗ സംഘം മാവോയിസ്റ്റുകളാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷമാണിപ്പോള്‍ മുണ്ടക്കൈയിലേതും സ്ഥിരീകരിക്കുന്നത്. മുമ്പും ഇവിടെ മാവോയിസ്റ്റ് സംഘമെത്തിയെന്ന വിവരത്തില്‍ പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. നിലമ്പൂര്‍ കാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് മുണ്ടക്കൈ.