ശബരിമലയിലെ ആദിവാസികളുടെ ഉടമ സിപിഐഎമ്മോ? കോടിയേരിയുടെ ആര്‍എസ്എസ് മോഡല്‍ ദത്തെടുക്കലിനെതിരെ പ്രതിഷേധം

മൂക്കളയൊലിപ്പിപ്പിക്കുന്ന ആദിവാസി കുഞ്ഞിന്റെ ചിത്രം പോസ്റ്ററാക്കി ശബരിമലയിലെ ആദിവാസികളെ ദത്തെടുക്കാന്‍ സിപിഐഎം. ആര്‍എസ്എസിനെ മാതൃകയാക്കി സിപിഐഎം നടത്തുന്ന ദത്തെടുക്കല്‍ ആദിവാസികളുടെ യജമാനര്‍ ചമയലാണെന്ന വിമര്‍ശനം ഉയര്‍ത്തുന്നു. ആദിവാസിക്കു പകരം ആര്‍എസ്എസ് മോഡലില്‍ 'വനവാസി' എന്നും സിപിഐഎം പ്രയോഗിക്കുന്നു.

ശബരിമലയിലെ ആദിവാസികളുടെ ഉടമ സിപിഐഎമ്മോ? കോടിയേരിയുടെ ആര്‍എസ്എസ് മോഡല്‍ ദത്തെടുക്കലിനെതിരെ പ്രതിഷേധം

ആര്‍എസ്എസ് മോഡലില്‍ ആദിവാസി കോളനികളില്‍ മേലാളര്‍ ചമഞ്ഞ് സിപിഐഎമ്മും. ശബരിമല വനമേഖലയിലെ ആദിവാസി മേഖലകളില്‍ ആര്‍എസ്എസ് നടത്തിവരുന്ന മോഡലിലുള്ള ദത്തെടുക്കല്‍ പ്രക്രിയക്കാണ് സിപിഐഎമ്മും തുടക്കം കുറിക്കുന്നത്. ആദിവാസികളെ വനവാസികളെന്ന് വിളിക്കുന്ന ആര്‍എസ്എസിന്റെ അതേ നിലപാട് സിപിഐഎമ്മും ഇതുസംബന്ധിച്ച പോസ്റ്ററുകളില്‍ ആവര്‍ത്തിക്കുന്നു.

ശബരിമല വനാന്തരങ്ങളില്‍, സിപിഐഎം റാന്നി താലൂക്കിലെ മുഴുവന്‍ വനവാസികളായ ആദിവാസി കുടുംബങ്ങളെയും ദത്തെടുക്കുന്നു എന്ന വരികളാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. ആദിവാസികളെ വനവാസികളെന്ന് സംബോധന ചെയ്യുന്നത് ഫാസിസ്റ്റ് ടെര്‍മിനോളജിയുടെ ഭാഗമാണെന്ന വിലയിരുത്തലുകള്‍ ഉയരുന്ന ഈ കാലഘട്ടത്തിലാണ് ആര്‍എസ്എസിന്റെ അതേ പാതയില്‍ സിപിഐഎമ്മും 'വനവാസി' പ്രയോഗം നടത്തുന്നതെന്നതാണ് ശ്രദ്ധേയം.

മൂക്കളയൊലിപ്പിച്ച് ഭക്ഷണം വാരിക്കഴിക്കുന്ന ആദിവാസി കുട്ടിയുടെ ദയനീയ ചിത്രവും പൊട്ടിപ്പൊളിഞ്ഞ കൂരയ്ക്കുമുന്നില്‍ നില്‍ക്കുന്ന ആദിവാസി സ്ത്രീയുടെ ചിത്രവും പോസ്റ്ററിലുണ്ട്. ഇതിനടിയിലായി ദത്തെടുക്കല്‍ ചടങ്ങിന്റെ ഉദ്ഘാടകനായ സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ ചിത്രവും കാണാം.
ആദിവാസികളെ വനത്തിനുള്ളില്‍ നിന്ന് കുടിയിറക്കുന്ന ഏജന്‍സിയാകാനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍ പറഞ്ഞു. കമ്മ്യൂണിറ്റി ഫോറസ്റ്റ് റൈറ്റാണ് ആദിവാസികള്‍ക്ക് നല്‍കേണ്ടത്. അല്ലാതെ താല്‍ക്കാലിക സംവിധാനങ്ങളോ കോളനിവല്‍ക്കരണമോ അല്ല. ആദിവാസികളെ കാട്ടില്‍ നിന്ന് പറിച്ചുനടാനുള്ള ശ്രമങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്കുമേലുള്ള കത്തിവയ്ക്കലാണെന്നും ഗീതാനന്ദന്‍ നാരദാന്യൂസിനോട് പറഞ്ഞു.

പെരുനാട്, സീതത്തോട് പഞ്ചായത്തുകളുടെ ഭാഗമായ ശബരിമല വനമേഖലയിലെ ഭാഗങ്ങളിലുള്ള നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ ഇന്നും ഭൂരഹിതരാണ്. മലമ്പണ്ടാരം, മലവേടര്‍, മല അരയര്‍, മല ഉള്ളാടര്‍ തുടങ്ങിയ വിഭാഗങ്ങളും ഇവരിലുള്‍പ്പെടുന്നു. മിച്ചഭൂമി ഏറെയുണ്ടെങ്കിലും ഇവര്‍ക്ക് ഭൂമി ലഭിക്കാനുള്ള നടപടിക്രമങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ഏറ്റെടുക്കാവുന്ന ആയിരക്കണക്കിനേക്കര്‍ ഭൂമി എ വി ടി, ബിലിവേഴ്‌സ് ചര്‍ച്ച്, ഹാരിസണ്‍ മലയാളം തുടങ്ങിയ പ്ലാന്റേഷന്‍ കമ്പനികളുടെ കൈവശമുണ്ട്. ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടാതെയാണ് സിപിഐഎം, ആദിവാസികള്‍ക്ക് കാരുണ്യം പകരാനിറങ്ങുന്നത്. അവകാശപ്പെട്ട ഭൂമി ആദിവാസികള്‍ക്ക് നല്‍കിയാല്‍ ആരുടെയും കരുണയില്ലാതെ ഇവര്‍ക്ക് സ്വന്തം ഭൂമിയില്‍ കൃഷി ചെയ്ത് അന്തസായി ജീവിക്കാവുന്നതേയുള്ളൂ. മലമ്പണ്ടാര വിഭാഗം പോലെ പൂര്‍ണമായും വനത്തിനുള്ളില്‍ ജീവിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് വനാവകാശനിയമപ്രകാരം ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിനുള്ള ശ്രമങ്ങളും ഇതുവരെ നടന്നിട്ടില്ല.

മേഖലയില്‍ ആദിവാസി കുട്ടികളെ വര്‍ഷങ്ങളായി ബിജെപി- ആര്‍എസ്എസ് നേതൃത്വം ഏറ്റെടുത്ത് പഠിപ്പിക്കുന്നുണ്ട്. ബാലാശ്രമങ്ങള്‍ പോലുള്ളവയുടെ സഹായത്തോടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിവരുന്ന ആര്‍എസ്എസിന് മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിരുന്നു. കഴിഞ്ഞ തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ അട്ടത്തോട് വാര്‍ഡില്‍ സിപിഐഎമ്മിനെ പിന്നിലാക്കാനും ബിജെപിക്ക് സാധിച്ചിരുന്നു. ഇതോടെയാണ് ആര്‍എസ്എസിനെ അതേപടി അനുകരിക്കാനുള്ള സിപിഐഎം തീരുമാനം. എന്നാല്‍ ആദിവാസികള്‍ക്ക് താല്‍ക്കാലിക സഹായം നല്‍കി രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനു പകരം മിച്ചഭൂമി പിടിച്ചെടുത്ത് ഇവര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടികളാണ് വേണ്ടതെന്ന് ഇടതുകേന്ദ്രങ്ങളില്‍ നിന്നുതന്നെ അഭിപ്രായങ്ങളുയരുന്നുണ്ട്.

ആദിവാസി, സമരം ചെയ്ത് നേടിയെടുത്ത ഭൂമി വിട്ടുകൊടുക്കാന്‍ വി.എസ് അച്യുതാന്ദന്‍, പിണറായി സര്‍ക്കാരുകള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഔദാര്യം വിതരണം ചെയ്യാനും ഏറ്റെടുക്കാനും സംസ്ഥാന സെക്രട്ടറി മെയ് 27ന് എത്തുന്നത്. ഭൂസമരങ്ങള്‍ സംസ്ഥാനത്ത് ശക്തമായി ഉയരുന്നതിനിടയിലാണ് ആര്‍എസ്എസ് മോഡല്‍ ഏറ്റെടുക്കലിന് സിപിഐഎം നേരിട്ടിറങ്ങിയിരിക്കുന്നത്.