സ്വകാര്യ സ്ക്കൂളും ഭൂമിയും കൈയടക്കാൻ വ്യാജട്രസ്റ്റുമായി സിപിഐ നേതാക്കൾ; കേസിലെ നാലാം പ്രതി റവന്യൂ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

വെളിയം ടിവി തോമസ് മെമ്മോറിയൽ ഹൈസ്‌കൂളും സ്ഥലവും കൈക്കലാക്കാൻ ശ്രമം നടത്തി എന്നതിന് പുറമെ വെളിയം പഞ്ചായത്തിലെ മറ്റുചില ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടും കെ ജി രാധാകൃഷ്ണപ്പിള്ളയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ട്. ആരോപണവിധേയർ മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിൽ ഉണ്ടാവരുതെന്ന എൽഡിഎഫ് പൊതു തീരുമാനത്തിന് വിരുദ്ധമായി, റവന്യൂ മന്ത്രിയുടെ ഓഫീസിലെ ഉന്നതസ്ഥാനത്ത് എത്താൻ അദ്ദേഹത്തെ സഹായിച്ചത് ഉന്നത സിപിഐ നേതാക്കളുമായുള്ള അടുത്ത ബന്ധമാണ്.

സ്വകാര്യ സ്ക്കൂളും ഭൂമിയും കൈയടക്കാൻ വ്യാജട്രസ്റ്റുമായി സിപിഐ നേതാക്കൾ; കേസിലെ നാലാം പ്രതി റവന്യൂ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

ടി വി തോമസിന്റെ പേരിലുള്ള എയിഡഡ് സ്ക്കൂളും മൂന്നേകാൽ ഏക്കർ ഭൂമിയും സ്വന്തമാക്കാൻ വ്യാജട്രസ്റ്റു രൂപീകരിച്ച് കൊല്ലം ജില്ലയിലെ സിപിഐ നേതാക്കൾ ശ്രമിക്കുന്നുവെന്ന് ആരോപണം. പാർടി കൊല്ലം അസിസ്റ്റന്റ് സെക്രട്ടറി ആർ രാജേന്ദ്രൻ അധ്യക്ഷനായുള്ള ട്രസ്റ്റാണ് വെളിയം ടിവി തോമസ് മെമ്മോറിയൽ ഹൈസ്‌കൂളും ഭൂമിയും കൈയടക്കാൻ ശ്രമിക്കുന്നത്. 1978ൽ വെളിയം സ്വദേശി വാസുദേവൻ സ്ഥാപിച്ച സ്ക്കൂളിന്റെ ഉടമസ്ഥതയാണ് 1985ൽ രൂപീകരിച്ച ട്രസ്റ്റ് അവകാശപ്പെടുന്നത്.


ട്രസ്റ്റിനെതിരെ കൊട്ടാരക്കര മുൻസിഫ് കോടതിയിലുള്ള കേസിലെ നാലാംപ്രതി കെ ജി രാധാകൃഷ്ണപിള്ളയെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ കസേരയിൽ പ്രതിഷ്ഠിച്ചതോടെ സ്ക്കൂൾ കൈയടക്കാനുള്ള ശ്രമങ്ങൾക്ക് പാർടി നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും ആരോപണമുയരുന്നു. വ്യാജരേഖകളുടെ പേരിൽ രാധാകൃഷ്ണപിള്ള അടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസിനൊരുങ്ങുകയാണ് പരേതനായ സ്ക്കൂൾ ഉടമസ്ഥൻ വാസുദേവന്റെ ബന്ധുക്കൾ.

1978ൽ കൊല്ലം ജില്ലയിലെ വെളിയം സ്വദേശി വാസുദേവൻ സ്വന്തം സമ്പാദ്യം ഉപയോഗിച്ച് സ്വന്തം ഭൂമിയിൽ ആരംഭിച്ച സ്‌കൂളാണിത്. അദ്ദേഹത്തിന് അനാരോഗ്യമായതോടെയാണ് സ്കൂളും ഭൂമിയും കൈയേറാനുള്ള ലക്ഷ്യവുമായി സിപിഐ നേതൃത്വം രംഗത്തിറങ്ങിയത്. സിപിഐ കൊല്ലം അസിസ്റ്റന്റ് സെക്രട്ടറി ആർ രാജേന്ദ്രൻ, കെ ജി രാധാകൃഷ്ണപിള്ള തുടങ്ങിയർക്കു പുറമേ സിപിഐയുടെ മണ്ഡലം നേതാക്കളും ട്രസ്റ്റിലുണ്ട്. സ്കൂളിന്റെ ഭൂമിയിലാണ് 2013ൽ ട്രസ്റ്റ് ആദ്യമായി അവകാശവാദം ഉന്നയിച്ചത്. തുടർന്ന് സ്കൂളിന്റെ ഉടമസ്ഥതയിലും.


തന്റെ സ്ക്കൂൾ കൈയടക്കാനുള്ള സിപിഐ നേതാക്കളുടെ ശ്രമങ്ങൾക്കെതിരെ വാസുദേവൻ കൊല്ലം ആർഡിഒയ്ക്കു പരാതി നൽകിയിരുന്നു. കടുത്ത സിപിഐ അനുഭാവിയായിരുന്നു വാസുദേവൻ പാർടി കൂറു മൂലമാണ് സ്ക്കൂളിന് പാർടി നേതാവായിരുന്ന ടിവി തോമസിന്റെ പേരു നൽകിയത്.

2014ന്റെ തുടക്കത്തിൽ മാനേജർ വാസുദേവൻ മരണപ്പെട്ടതോടെ സ്‌കൂൾ ഉടമസ്ഥാവകാശം ഭാര്യക്കും മക്കൾക്കുമായി മാറി. ഈ ഘട്ടത്തിൽ സ്കൂളിന്റെ പേരിൽ അവകാശവാദം ഉന്നയിച്ച് ഔദ്യോഗികമായി ട്രസ്റ്റ് രംഗത്തു വന്നു. തർക്കം ഔദ്യോഗികമായി ഡിഇഒയിലും തുടർന്ന് ഹൈക്കോടതിയിലുമെത്തി. ഉടമസ്ഥാവകാശത്തിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെ കക്ഷികൾ സ്ക്കൂളിൽ കയറുന്നതു വിലക്കിയ ഹൈക്കോടതി മാനേജരുടെ താൽക്കാലിക ചുമതല ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കു നൽകി.

തുടർന്ന് വാസുദേവന്റെ അനന്തരാവകാശികൾ കൊട്ടാരക്കര മുൻസിഫ് കോടതിയെ സമീപിക്കുകയും ട്രസ്റ്റിനെതിരായി പരാതി നൽകുകയും ചെയ്തു. ഈ കേസിന് അനുബന്ധമായി സമർപ്പിച്ച രേഖകളിലാണ് കള്ളക്കളി സ്പഷ്ടമായതെന്ന് വാസുദേവന്റെ ബന്ധുക്കൾ ആരോപിക്കുന്നു. സ്‌കൂളിന്റെ ഉടമസ്ഥരെന്നു വാദിക്കുന്ന ട്രസ്റ്റിന് ഒരു യോഗം പോലും ഇതുവരെ സ്‌കൂളിൽ ചേർന്നതിന്റെയോ ഒരു അധ്യാപകനിയമനമെങ്കിലും നടത്തിയതിന്റെയോ രേഖ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.

1985ലെ ട്രസ്റ്റ് എഗ്രിമെന്റ് സംബന്ധിച്ചുള്ള രേഖകളും ദുരൂഹമാണെന്നും പല ഒപ്പുകളും വ്യാജമാണെന്നും ആരോപണമുണ്ട്. 2014ൽ വെളിയം വില്ലജ് ഓഫീസിൽ കരമടച്ചതിന്റെ റെസീപ്റ്റ് മാത്രമാണ് ട്രസ്റ്റ് ഗ്രിമെന്റിനു പുറമെ സ്‌കൂൾ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ട്രസ്റ്റ് അധികൃതർ കോടതിയിൽ ഹാജരാക്കിയിരിക്കുന്ന രേഖ.

ആരോപണവിധേയനെത്തിയത് റവന്യൂമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ കസേരയിൽ

വെളിയം ടിവി തോമസ് മെമ്മോറിയൽ ഹൈസ്‌കൂളും സ്ഥലവും കൈക്കലാക്കാൻ ശ്രമം നടത്തി എന്നതിന് പുറമെ വെളിയം പഞ്ചായത്തിലെ മറ്റുചില ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടും കെ ജി രാധാകൃഷ്ണപ്പിള്ളയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ട്. ഉന്നത സിപിഐ നേതാക്കളുമായുള്ള അടുത്ത ബന്ധമാണ് റവന്യൂ മന്ത്രിയുടെ ഓഫീസിലെ ഉന്നതസ്ഥാനത്ത് അദ്ദേഹത്തെ എത്തിച്ചത്.


യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുമായി ബന്ധപ്പെട്ട് അനേകം ആരോപണങ്ങൾ ഉയർന്നിരുന്നതിനാൽ, അത്തരക്കാരെയൊന്നും പേഴ്സണൽ സ്റ്റാഫിൽ ഉണ്ടാകരുത് എന്ന് എൽഡിഎഫ് തീരുമാനമെടുത്തിരുന്നു. എന്നാൽ ഭൂമി കൈയേറ്റവും വ്യാജരേഖ ചമയ്ക്കലുമടക്കം ഗുരുതരമായ ആരോപണങ്ങളുടെ പേരിൽ പ്രതിസ്ഥാനത്തുള്ള ആൾക്ക് റവന്യൂമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ഉന്നത ചുമതല ലഭിച്ചത് സിപിഐ നേതൃത്വത്തിന്റെ അറിവോടെയാണ് എന്നുറപ്പാണ്.