സിപിഐ ഇടുക്കി ജില്ലാ ഓഫീസ് സ്ഥിതി ചെയ്യുന്നത് അതീവ പരിസ്ഥിതി ദുർബല പ്രദേശത്ത്

നിർമാണ നിരോധിത മേഖലയായി പ്രഖ്യാപിച്ചിരുന്ന ഈ ഭാഗത്ത് ഭരണത്തിന്റെ മറവിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് മുമ്പ് സിപിഐ പ്രാദേശിക നേതൃത്വം പട്ടയം സംഘടിപ്പിച്ചതെന്നാണ് ആരോപണം.

സിപിഐ ഇടുക്കി ജില്ലാ ഓഫീസ് സ്ഥിതി ചെയ്യുന്നത് അതീവ പരിസ്ഥിതി ദുർബല പ്രദേശത്ത്

സർക്കാർ ഭൂമി കൈയേറുന്നവരെ ഒഴിപ്പിക്കണമെന്നും കൈയേറ്റക്കാർക്കു കൂട്ടുനിൽക്കില്ലെന്നും ആവർത്തിക്കുന്ന സിപിഐയുടെ ഇടുക്കി ജില്ലാ കൗൺസിൽ ഓഫീസ് സ്ഥിതി ചെയ്യുന്നത് അതീവ പരിസ്ഥിതി ദുർബല പ്രദേശത്തെന്ന് റിപ്പോർട്ട്. നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെയാണ് നിർവഹിച്ചത്. നിർമാണ നിരോധിത മേഖലയായി പ്രഖ്യാപിച്ചിരുന്ന ഈ ഭാഗത്ത് ഭരണത്തിന്റെ മറവിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് മുമ്പ് സിപിഐ പ്രാദേശിക നേതൃത്വം പട്ടയം സംഘടിപ്പിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ഇടുക്കി അണക്കെട്ടിന്റെ നിർമാണഘട്ടത്തിൽ, സിപിഐയ്ക്ക് യൂണിയൻ ഓഫീസായി പ്രവർത്തിക്കുന്നതിന്, ഇപ്പോൾ ജില്ലാ കൗൺസിൽ ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് താൽക്കാലിക മന്ദിരം നിർമിച്ചു നൽകിയിരുന്നു. വൈദ്യുതി വകുപ്പിന്റെ അനുമതിയോടെയായിരുന്നു സിപിഐയ്ക്കായി മന്ദിരം നിർമിച്ചത്. ഇടുക്കി ജില്ല രൂപീകൃതമായപ്പോൾ, ഇൗ മന്ദിരം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസായി പ്രവർത്തനം തുടരുകയായിരുന്നു. പൈനാവ് ടൗൺ സ്ഥിതി ചെയ്യുന്ന ഈ ഭാഗം ഇടുക്കി ജലാശയത്തോട് ചേർന്നുള്ളതിനാൽ പട്ടയം നൽകാൻ അധികാരികൾ തുടക്കം മുതൽ വിസമ്മതിച്ചിരുന്നു.

എന്നാൽ 20 വർഷം മുമ്പ് പ്രദേശത്തെ ഏതാനും പേർ ചേർന്ന് പട്ടയത്തിനായി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകി. അന്നത്തെ ആർഡിഒ ഈ അപേക്ഷ തള്ളി. തുടർന്ന് കളക്ടറെ സമീപിച്ചെങ്കിലും കളക്ടറും അനുമതി നിഷേധിച്ചു. ഭൂ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പൈനാവിൽ റോഡിനു താഴെയുള്ള ഭാഗത്ത് നിർമാണ നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഇവിടെ മരങ്ങൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കണമെന്നും ഉത്തരവിട്ടു. ഇവിടെ ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകി മാറ്റിപ്പാർപ്പിക്കണമെന്നും കോടതി നിർദേശമുണ്ടായിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഈ ഉത്തരവ് പിന്നീട് ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാരുടെ സഹായത്തോടെ പൂഴ്ത്തുകയായിരുന്നു.

കഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ കാലത്താണ് സ്ഥലത്തിന് ജില്ലാ ഭരണകൂടത്തിൽ നിന്നും പട്ടയം സംഘടിപ്പിച്ചത്. കൈവശം ഉള്ളതിനേക്കാൾ ഏതാണ്ട് 20 സെന്റ് അധികം സ്ഥലത്തിന് അന്ന് പട്ടയം സംഘടിപ്പിക്കാൻ പാർട്ടിക്കു കഴിഞ്ഞതായും അറിയുന്നു. സിപിഐ ഓഫീസിനു താഴെയായി ഇടുക്കി തടാകത്തിനു സമീപത്ത് പാർട്ടി ഓഫീസ് സെക്രട്ടറിയുടെ വീടും ഉണ്ട്. ഇൗ സ്ഥലത്തിനും പട്ടയമുണ്ടെന്നാണ് നേതാക്കളുടെ അവകാശവാദം. 1972ലാണു ഓഫീസ് സ്ഥിതി ചെയ്യുന്ന ഭൂമി കൈവശമായി ലഭിച്ചതെന്നും, ഇതു സംബന്ധിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞതായും മനോരമ റിപ്പോർട്ട് ചെയ്യുന്നു.

Story by
Read More >>