പശുവിനെ അറുത്തതിന് എറണാകുളത്ത് അക്രമം; ഈസ്റ്റര്‍ തലേന്ന് ഇറച്ചിയില്‍ മണ്ണുവാരിയിട്ട് ആര്‍എസ്എസ്സുകാര്‍; ദേശീയനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമെന്ന് അക്രമികള്‍

പശുവിന്റെ പേരില്‍ കേരളത്തില്‍ ആദ്യ അക്രമം റിപ്പോര്‍ട്ട് ചെയ്യുന്നു. എറണാകുളം കരുമാല്ലൂര്‍ പഞ്ചായത്തിലെ കാരുകുന്നില്ലാണ് പശുക്കിടാവിനെ അറുത്തതിന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഈസ്റ്റര്‍ ആഘോഷിക്കാന്‍ അറുത്ത പശുക്കിടാവന്റെ ഇറച്ചിയില്‍ പതിനഞ്ചോളം വരുന്ന ആര്‍എസ്എസ് സംഘം മണ്ണുവാരിയിട്ടു ഉപയോഗശൂന്യമാക്കി. പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നു.

പശുവിനെ അറുത്തതിന് എറണാകുളത്ത് അക്രമം; ഈസ്റ്റര്‍ തലേന്ന് ഇറച്ചിയില്‍ മണ്ണുവാരിയിട്ട് ആര്‍എസ്എസ്സുകാര്‍; ദേശീയനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമെന്ന് അക്രമികള്‍

പശുവിനെ അറുത്തതിന് കേരളത്തിലും ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ അക്രമം. എറണാകുളം കരുമാല്ലൂർ പഞ്ചായത്തിലാണ് സംഭവം. പ്രസവിക്കാത്ത പശുവിനെ ഇറച്ചിക്കു വേണ്ടി അറുത്തതിന്റെ പേരിലാണ് കരുമാല്ലൂര്‍ പഞ്ചായത്തിലെ കാരുകുന്നില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഉത്തരേന്ത്യയിൽ പശുവിന്റെ പേരിലുള്ള ആക്രമണങ്ങൾ പതിവാണെങ്കിലും കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം.

സംഘപരിവാറിന്റെ ദേശീയ നേതൃത്വം നിശ്ചയിച്ച പ്രകാരമാണ് തങ്ങള്‍ എത്തിയതെന്നും പശുവിനെ കൊല്ലാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് അക്രമി സംഘം ഇറച്ചിയില്‍ മണ്ണുവാരിയിടുകയായിരുന്നു. ഗോസംരക്ഷകരാണ് തങ്ങളെന്ന് അവകാശപ്പെട്ട സംഘം സ്ഥലത്തുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയും വിരട്ടിയോടിക്കുകയും ചെയ്തതായി പ്രദേശവാസികള്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

ഈസ്റ്റര്‍ പ്രമാണിച്ച് ഇറച്ചിക്കു വേണ്ടിയാണ് കല്ലറക്കല്‍ ജോസ്, കിഴക്കുംതല ജോയ് എന്നിവര്‍ അപ്പുക്കുട്ടന്‍ എന്നയാളില്‍ നിന്നും മൂന്നു വയസ് പ്രായമുള്ള പശുക്കിടാവിനെ വാങ്ങിയത്. ഗര്‍ഭപാത്ര വളര്‍ച്ചയില്ലാത്തതിനാല്‍ പ്രസവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെതുടര്‍ന്നാണ് അപ്പുക്കുട്ടന്‍ പശുക്കിടാവിനെ വില്‍ക്കാന്‍ തയ്യാറായത്. 15,000 രൂപയ്ക്കാണ് ജോസും ജോയിയും പശുവിനെ വാങ്ങിയത്.

ഇറച്ചി വില്‍ക്കാനുള്ള ഉദ്ദേശപ്രകാരമായിരുന്നില്ല പശുക്കിടാവിനെ വാങ്ങിയതെന്ന് ജോസ് പറഞ്ഞു. ജോയിയുടേയും തന്റേയും കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും കൊടുക്കാമല്ലോ എന്നാണ് കരുതിയത്. തങ്ങള്‍ക്ക് കൊല്ലാന്‍ അറിയാത്തതിനാൽ കശാപ്പുകാരനെ ഏര്‍പ്പാടാക്കിയിരുന്നെന്നും ജോസ് പറയുന്നു.

ശനിയാഴ്ച ഉച്ചയോടുകൂടി കശാപ്പുകാര്‍ പശുക്കിടാവിനെ അറുത്ത ശേഷമാണ് 15ഓളം വരുന്ന ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. പശുവിനെ കൊല്ലാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നും സ്വന്തം സ്ഥലത്തുതന്നെ കുഴിച്ചിടണമെന്നും ഇവര്‍ പറഞ്ഞു. കശാപ്പുകാരയെും മറ്റും ഇവര്‍ സ്ഥലത്തുനിന്ന് ഓടിച്ചുവിടുകയായിരുന്നു.

തുടർന്ന് മേശപ്പുറത്ത് കഷ്ണങ്ങളാക്കി വെച്ചിരുന്ന ഇറച്ചി അക്രമിസംഘം തട്ടിമറിച്ചിട്ടു. പിന്നീട് അതിനുമുകളില്‍ മണ്ണുവാരിയിട്ട് ഉപയോഗശൂന്യമാക്കി. എന്നാല്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വലിയ സംഭവമല്ല അതെന്നുമായിരുന്നു ബിജെപി നേതാവ് പ്രദീപിന്റെ പ്രതികരണം.

പശുവിനെ കൊന്നാല്‍ കൈയും കാലും വെട്ടുമെന്ന് അക്രമി സംഘം ഭീഷണിപ്പെടുത്തിയതായി സിഐടിയു നേതാവ് ഐ കെ രമേശന്‍ നാരദാ ന്യൂസിനോട് പറഞ്ഞു. ഭീഷണി കാരണം പൊലീസില്‍ പരാതിപ്പെടാന്‍ വീട്ടുകാര്‍ ഭയപ്പെടുകയാണെന്നും രമേശന്‍ പറയുന്നു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് സ്വാധീനമുള്ള പ്രദേശമാണ് കാരുകുന്ന്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ഈ വാര്‍ഡ് ബിജെപിയില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

ഉത്തരേന്ത്യയില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗോസംരക്ഷകരെന്ന പേരില്‍ ആക്രമണം നടത്തുന്നത് പതിവാണ്. ബീഫ് വിഷയം കേരളത്തില്‍ പല സമയത്തും ചര്‍ച്ചാവിഷയമായിട്ടുണ്ടെങ്കിലും ബീഫിന്റെ പേരില്‍ പ്രത്യക്ഷ ആക്രമണം നടക്കുന്നത് ഇതാദ്യമായാണ്.