ജിഷ്ണു കേസ്: ഇടിമുറിയിൽ കണ്ടെത്തിയ രക്തക്കറയുടെ ഡിഎൻഎ പരിശോധന പരാജയം; സാംപിൾ വേർതിരിച്ചെടുക്കാനായില്ല

ജിഷ്ണുവിനു മർദ്ദനമേറ്റെന്നു പറയുന്ന കോളേജിലെ പിആർഒയുടെ മുറിയിൽ നിന്നും ഹോസ്റ്റൽ മുറിയിൽനിന്നും കണ്ടെത്തിയ രക്തക്കറയാണ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചത്. നേരത്തെ, നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ രക്ത​ഗ്രൂപ്പായ ഒ-പോസിറ്റീവ് ആണെന്നു കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കാനാണ് ഫോറൻസിക് പരിശോധന കൂടി നടത്താൻ തീരുമാനിച്ചത്.

ജിഷ്ണു കേസ്: ഇടിമുറിയിൽ കണ്ടെത്തിയ രക്തക്കറയുടെ ഡിഎൻഎ പരിശോധന പരാജയം; സാംപിൾ വേർതിരിച്ചെടുക്കാനായില്ല

ജിഷ്ണു കേസിൽ അന്വേഷണ സംഘത്തിനു തിരിച്ചടി. പാമ്പാടി നെഹ്രു കോളേജിലെ ഇടിമുറിയിൽ നിന്നും കണ്ടെത്തിയ രക്തക്കറയുടെ ഡിഎൻഎ പരിശോധന പരാജയപ്പെട്ടു. കേസിൽ നിർണായക തെളിവായി കണ്ടെത്തിയ രക്തക്കറയിൽ നിന്നും ഡിഎൻഎ സാംപിൾ വേർതിരിച്ചെടുക്കാനാവില്ലെന്നും അതിനാൽ ഇത് ജിഷ്ണുവിന്റേതു തന്നെയാണെന്നു പറയാൻ കഴിയില്ലെന്നും തിരുവനന്തപുരത്തെ ഫോറന്‍സിക് വിഭാഗം അന്വേഷണ സംഘത്തെ അറിയിച്ചു.

ജിഷ്ണുവിനു മർദ്ദനമേറ്റെന്നു പറയുന്ന കോളേജിലെ പിആർഒയുടെ മുറിയിൽ നിന്നും ഹോസ്റ്റൽ മുറിയിൽനിന്നും കണ്ടെത്തിയ രക്തക്കറയാണ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചത്. നേരത്തെ, നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ രക്ത​ഗ്രൂപ്പായ ഒ-പോസിറ്റീവ് ആണെന്നു കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കാനാണ് ഫോറൻസിക് പരിശോധന കൂടി നടത്താൻ തീരുമാനിച്ചത്.

ഇതിനായി അന്വേഷണ സംഘം ജിഷ്ണുവിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിരുന്നു. എന്നാൽ മതിയായ അളവില്‍ രക്തമില്ലാത്തതിനാലാണ് ഡിഎന്‍എ സാംപിള്‍ എടുക്കാന്‍ കഴിയാത്തതെന്നാണ് ലാബ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം, ഹോസ്റ്റലിലെ കുളിമുറിയില്‍ നിന്നു ലഭിച്ച രക്തക്കറയില്‍ നിന്ന് ഡിഎന്‍എ സാംപിള്‍ വേര്‍തിരിക്കാന്‍ കഴിയുമോ എന്ന പരിശ്രമത്തിലാണ് ലാബ് അധികൃതര്‍.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നെഹ്രു കോളേജിലെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയുടെ ചുമരിൽ നിന്നും തറയിൽ നിന്നും ജിഷ്ണുവിന്റേതെന്നു സംശയിക്കുന്ന രക്തക്കറ ലഭിച്ചത്. ഇത് കേസിനു നിര്‍ണയകമാകുമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് കോളേജ് അധികൃതരുടെ പീഢനത്തെ തുടര്‍ന്ന് ഡിസംബറിലാണ് ആത്മഹത്യ ചെയ്തത്. കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ വൻ പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതിനിടെ, ഡിജിപി ആസ്ഥാനത്തു സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മയേയും ബന്ധുക്കളേയും പൊലീസ് വലിച്ചിഴച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.