കുളം നിർമാണത്തിൽ അഴിമതി; കൃഷി വകുപ്പിലെ അഞ്ച് ഉന്നത ഉദ്യോ​ഗസ്ഥർക്കു സസ്പെൻഷൻ

കൃഷിവകുപ്പ് മെക്കാനിക്കൽ എഞ്ചിനീയർ എം എം സജു, ദക്ഷിണമേഖലാ എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ ജയന്തി എന്നിവരടക്കമുള്ള അഞ്ചു പേരെയാണ് സസ്പെൻഡ് ചെയ്തത്.

കുളം നിർമാണത്തിൽ അഴിമതി; കൃഷി വകുപ്പിലെ അഞ്ച് ഉന്നത ഉദ്യോ​ഗസ്ഥർക്കു സസ്പെൻഷൻ

കുളം നിർമാണത്തിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് കൃഷിവകുപ്പിലെ അഞ്ച് ഉന്നത ഉദ്യോ​ഗസ്ഥർക്കു സസ്പെൻഷൻ. കൃഷിവകുപ്പ് മെക്കാനിക്കൽ എഞ്ചിനീയർ എം എം സജു, ദക്ഷിണമേഖലാ എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ ജയന്തി എന്നിവരടക്കമുള്ള അഞ്ചു പേരെയാണ് സസ്പെൻഡ് ചെയ്തത്.

തിരുവനന്തപുരത്തെ കരോട് കുളം നിർമാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നു കൃഷിവകുപ്പ് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുളം നവീകരണത്തിന്റെ ഭാ​ഗമായി പാർശ്വഭിത്തി അടക്കമുള്ളവ നിർമിച്ചതിൽ വൻ ക്രമക്കേടാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നിർമിച്ച് ഒരുമാസത്തിനുള്ളിൽ തന്നെ പാർശ്വഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതോടെ നിർമാണത്തിനായി കമ്പിയും സിമന്റും വാങ്ങിയതിലും അഴിമതി നടന്നിട്ടുണ്ടെന്നു തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർക്കെതിരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.