അങ്കമാലി ഡയറീസിനെതിരെ ആമി; സിനിമയില്‍ മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം ഉപയോഗിച്ചത് വിവാദമാകുന്നു

സിനിമയില്‍ അപകീര്‍ത്തികരമായി ചിത്രീകരിച്ചതിനെതിരെ ഷൈന പറഞ്ഞ കാര്യങ്ങളാണ് ആമി വ്യക്തമാക്കുന്നത്. ഭാഗങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കാന്‍ വക്കീലിനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്

അങ്കമാലി ഡയറീസിനെതിരെ ആമി;  സിനിമയില്‍ മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം ഉപയോഗിച്ചത് വിവാദമാകുന്നു

അങ്കമാലി ഡയറീസില്‍ മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം അപമാനകരമായി ഉപയോഗിച്ചതിനെതിരെ മകള്‍ ആമി. സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളായ കൊട്ടേഷനും ഗുണ്ടാപിരിവും ഭീക്ഷണിയും കഞ്ചാവ് വില്‍പനയുമൊക്കെയായി നടക്കുന്ന രവിയുടേയും രാജന്റേയും ഗുണ്ടാ പ്രവര്‍ത്തനങ്ങളുടെ ഭീകരത വെളിവാക്കാന്‍ ഉപയോഗിച്ച സീനുകളുടെ തുടക്കം തന്നെ അങ്കമാലി പോലീസ് സ്റ്റേഷനെന്ന് സിനിമയില്‍ കാണിക്കുന്ന പോലീസ് സ്റ്റേഷനകത്ത് രവിയുടേയും രാജന്റേയും മറ്റു ചിലരുടേയും ചിത്രം പതിച്ചിട്ടുള്ള 'ഇവരെ സൂക്ഷിക്കുക' എന്ന തലവാചകമുള്ള നോട്ടീസ് ബോര്‍ഡില്‍ അവരുടെ ചിത്രങ്ങള്‍ക്ക് സമീപം 'ശാന്ത' എന്ന പേരോടു കൂടി നല്ല ക്ലാരിറ്റിയുള്ളതും എന്‍ലാര്‍ജ്ജ് ചെയ്തതുമായ സ. ഷൈനയുടെ ഫോട്ടോ പതിച്ചിട്ടുണ്ടെന്നും ഷൈനയുടെയും രൂപേഷിന്റെയും മകളായ ആമി രൂപ് ഷൈന ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


ഈ ചിത്രം മൂന്നു സീനില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും തിരക്കഥാകൃത്തും സംവിധായകനും മറ്റു അണിയറ പ്രവര്‍ത്തകരും സമൂഹത്തെക്കുറിച്ച് എന്ത് കാഴ്ച്ചപ്പാടാണു വെച്ചു പുലര്‍ത്തുന്നത് എന്ന് അത്ഭുതപ്പെടുത്തുന്നുവെന്നും ആമി പറയുന്നു. സ. ഷൈന എന്ന സ്ത്രീ 20 നു മുകളില്‍ കള്ളക്കേസുകള്‍ ചുമത്തപ്പെട്ട് വിചാരണത്തടവുകാരിയായി കഴിഞ്ഞ 2 വര്‍ഷമായി കേരളത്തിലേക്ക് ജയില്‍മാറ്റം പോലും ലഭിക്കാതെ കോയമ്പത്തൂര്‍ സെന്റ്രല്‍ ജയിലിലാണു. ഗുണ്ടായിസമോ വ്യക്തിവൈരാഗ്യം മൂലമുള്ള നശീകരണങ്ങളോ അല്ല സഖാവിനു മേലുള്ള കുറ്റം. മറിച്ച്, മര്‍ദ്ദിതരെ നിര്‍മ്മിക്കുന്ന നിലനില്‍ക്കുന്ന ഈ ജീര്‍ണ്ണിച്ച ചൂഷക വ്യവസ്ഥിതിയെ തകര്‍ത്തെറിഞ്ഞ് സമത്വാധിഷ്ഠിതമായ ലോകത്തിനായ് പ്രവര്‍ത്തിച്ചു എന്നതിനാണ്. കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ എല്ലാ സാമൂഹിക ബന്ധങ്ങളേയും തകര്‍ത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിനായ് ജീവിതം തന്നെ മാറ്റിവെച്ച ചുരുക്കം ചില സ്ത്രീകളില്‍ ഒരാളാണു സ. ഷൈന.

ഈ സഖാവിനെ 'ഇവരെ സൂക്ഷിക്കുക' എന്ന ലേബലില്‍ ഗുണ്ടകളുടെ ഫോട്ടോകള്‍ക്കൊപ്പം ദ്വയാര്‍ത്ഥം വരുന്ന രീതിയില്‍ 'ശാന്ത' എന്ന പേരു നല്‍കി അധിക്ഷേപിച്ചിരിക്കുകയാണെന്നും ആമി പറഞ്ഞു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒരാളെ കുറ്റവാളിയെന്നു പോലും തെളിയുന്നതിനു മുന്‍പ് തന്നെ പരസ്യമായി ഇവരെ സൂക്ഷിക്കേണ്ടവരാണെന്ന് മുദ്രകുത്തുകയാണു സിനിമയിലൂടെ അതിന്റെ നിര്‍മ്മാതാക്കള്‍ ചെയ്തിരിക്കുന്നത്. ഇതു കേവലം യാഥര്‍ശ്ചികതയായി കാണാവുന്ന ഒന്നായി തോന്നുന്നില്ല. ഈ സാഹചര്യത്തില്‍ ഈ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അഡ്വ. ലൈജു വഴി വക്കീല്‍ നോട്ടീസ് അയക്കാന്‍ ഷൈന ആവശ്യപ്പെട്ടിട്ടുണ്ട്. നീക്കം ചെയ്യാത്ത പക്ഷം ഈ മാസം 30 നു വയനാട് കോടതിയില്‍ അഡ്വക്കേറ്റ് ലൈജു മുഖാന്തരം നേരിട്ട് ക്രിമിനല്‍ ഡിഫമേഷന്‍ ഫയല്‍ ചെയ്യുമെന്ന് ഷൈന അറിയിച്ചിട്ടുണ്ടെന്നും ആമി പറഞ്ഞു.

Read More >>