റഫ്‌സീനയുടെ ആത്മഹത്യയിൽ ദുരൂഹത തുടരുന്നു; ആത്മഹത്യയിലേക്ക് നയിച്ചത് പത്രവാർത്തയെന്നും സഹായിക്കാനെത്തിയവരെന്നും ആരോപണങ്ങൾ

റഫ്‌സീനയുടെ ആത്മഹത്യ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഏറെ ചർച്ചയായിട്ടുണ്ട്. മുസ്ലിം സമുദായത്തിനകത്തെ സാമ്പത്തിക അസമത്വങ്ങളോടു മൗനം പാലിക്കുന്ന മുസ്ലിം സമുദായ സംഘടനകൾക്ക് നേരെയും വിമർശനം ഉയരുന്നുണ്ട്. മുസ്ലിം വിഭാഗത്തിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെ നിൽക്കുന്നവർക്കും ഭൂരഹിതർക്കും വേണ്ടി സമുദായ സംഘടനകൾ ഒന്നും ചെയ്യാതിരുന്നതിന്റെ നേർചിത്രമാണ് റഫ്‌സീനയുടെ അവസ്ഥയെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.

റഫ്‌സീനയുടെ ആത്മഹത്യയിൽ ദുരൂഹത തുടരുന്നു; ആത്മഹത്യയിലേക്ക് നയിച്ചത് പത്രവാർത്തയെന്നും സഹായിക്കാനെത്തിയവരെന്നും ആരോപണങ്ങൾ

ഹയർസെക്കന്ററി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ കണ്ണൂർ ശിവപുരത്തെ റഫ്‌സീനയുടെ മരണത്തിൽ ദുരൂഹത തുടരുന്നു. വീട്ടിലെ ഇല്ലായ്മ പുറംലോകത്തെ അറിയിക്കും വിധമുള്ള പത്രവാർത്തയാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ പ്രശസ്തി ഉദ്ദേശമിട്ടുകൊണ്ടു പള്ളിക്കമ്മിറ്റിയുൾപ്പെടെ നടത്തിയ സഹായവിതരണമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ആരോപണവും പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഇതിനിടെ റഫ്‌സീന എഴുതിയതെന്നു കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നു. 'എന്റെ ജീവിതം എനിക്കുള്ളതാണ്. ഞാൻ പറഞ്ഞത് ആരും ചെവിക്കൊണ്ടില്ലല്ലോ?' എന്ന വാചകങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.

'സന്മനസ്സുള്ളവരുടെ സഹായം തേടുന്നു' എന്ന് പത്രവാർത്ത


ഈ മാസം പതിനേഴാം തീയതിയിലെ മാതൃഭൂമി പത്രത്തിലാണ് റഫ്‌സീനയുടെ വിജയവാർത്ത പ്രസിദ്ധീകരിച്ചിരുന്നത്. 'ദാരിദ്ര്യം കൂട്ട്; എങ്കിലും റഫ്‌സീനയ്ക്ക് പ്ലസ്‌ടുവിന്‌ മിന്നുന്ന ജയം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ നിട്ടാമ്പറമ്പ് കോളനിയിലെ ഒറ്റമുറി വീടിനു മുന്നിൽ നിൽക്കുന്ന റഫ്‌സീനയുടെ ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. റഫ്‌സീനയുടെ അക്കാദമിക് നേട്ടങ്ങൾ വിവരിക്കുന്ന വാർത്തയിൽ, റഫ്‌സീനക്ക് മെഡിക്കൽ പഠനത്തിനാണ് താൽപര്യമെന്നും എന്നാൽ സാമ്പത്തികപ്രയാസം തടസ്സമാണെന്നും പറയുന്നുണ്ട്. 'റഫ്‌സീനയുടെ ദാരിദ്രാവസ്ഥ മനസ്സിലാക്കി സന്മനസ്സുള്ളവർ തുടർപഠനത്തിനും മറ്റും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അവർ' - എന്ന വാചകങ്ങളോടെയാണ് വാർത്ത അവസാനിക്കുന്നത്.

പള്ളികമ്മിറ്റി വക 'അടിയന്തിര സഹായധനവിതരണം'


വാർത്തയിലൂടെയും അല്ലാതെയും റഫ്‌സീനയുടെ വിജയത്തെക്കുറിച്ചറിഞ്ഞ നിരവധിപ്പേർ സഹായവാഗ്ധാനങ്ങളുമായി എത്തി. വാർത്ത പ്രസിദ്ധീകരിക്കപ്പെട്ട പതിനേഴാം തീയതി പുലർച്ചെ പതിനൊന്നു മണിയോടെ മാലൂർ മുസ്ലിം പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ സംഘം റഫ്‌സീനയുടെ വീട്ടിലെത്തുകയും 'പള്ളിക്കമ്മിറ്റിയുടെ അടിയന്തിര സഹായധനം' കൈമാറുകയും ചെയ്‌തു. സഹായധന വിതരണത്തിന്റെ ഫോട്ടോയും ഇവർ എടുത്തിരുന്നു. പിന്നീട് വൈകീട്ട് അഞ്ചുമണിയോടെ ജോലികഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ മാതാവ് റഹ്മത്ത് ആണ് റഫ്‌സീനയെ വീട്ടിനകത്ത് ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

ഉറപ്പിച്ചു പറയാതെ പൊലീസ്

നിലവിൽ ലഭിച്ചിരിക്കുന്ന ആത്മഹത്യാക്കുറിപ്പ് വ്യക്തമായ സൂചനകളൊന്നും തന്നെ നൽകുന്നില്ല എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഏതെങ്കിലും ഒരു കാരണം ഉറപ്പിച്ചു പറയാൻ ഇപ്പോൾ പൊലീസ് തയ്യാറാവുന്നില്ല. മാലൂർ പൊലീസ് ആത്മഹത്യാ കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണമാണ് നടത്തുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള പരിശോധനാ ഫലങ്ങൾ കൂടി ലഭിക്കുന്ന മുറക്ക് കൃത്യമായ കാരണത്തിലേക്ക് എത്താൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.

മുസ്ലിം സമുദായ സംഘടനകൾക്ക് നേരെയും പ്രതിഷേധം

റഫ്‌സീനയുടെ ആത്മഹത്യ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഏറെ ചർച്ചയായിട്ടുണ്ട്. മുസ്ലിം സമുദായത്തിനകത്തെ സാമ്പത്തിക അസമത്വങ്ങളോടും മൗനം പാലിക്കുന്ന മുസ്ലിം സമുദായ സംഘടനകൾക്ക് നേരെയും വിമർശനം ഉയരുന്നുണ്ട്. മുസ്ലിം വിഭാഗത്തിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെ നിൽക്കുന്നവർക്കും ഭൂരഹിതർക്കും വേണ്ടി സമുദായ സംഘടനകൾ ഒന്നും ചെയ്യാതിരുന്നതിന്റെ നേർചിത്രമാണ് റഫ്‌സീനയുടെ അവസ്ഥയെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.

സമുദായത്തിലെ അശരണരും രോഗികളും ആയവർക്ക് സഹായം നൽകുകയും വീട് നിർമ്മിച്ച് നൽകുകയും ചെയ്യുന്ന പ്രവൃത്തികൾ പല സംഘടനകളും ചെയ്തുവരുന്നത് പ്രശസ്തിക്ക് മാത്രമാണ്. മുസ്ലിം വിഭാഗത്തിലെ ദാരിദ്ര്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാണിച്ച് രാഷ്ട്രീയ സമരത്തിനിറങ്ങാത്തത് സംഘടനകളുടെ ഇരട്ടത്താപ്പാണെന്നും ആരോപണം ഉയരുന്നുണ്ട്.

പത്രവാർത്തയ്ക്കും ചിത്രത്തിനും കടപ്പാട്: മാതൃഭൂമി