കോടതിച്ചെലവ് പിണറായി തന്റെ കൈയില്‍ നിന്നും അടയ്ക്കണമെന്ന് ബിജെപി; സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയെന്ന് ഉമ്മന്‍ചാണ്ടി: രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

വിധിയിൽ വ്യക്തത തേടിയെത്തിയ സർക്കാരിനു സുപ്രീംകോടതി ചുമത്തിയ കോടതിച്ചെലവ് പിണറായി വിജയൻ സ്വന്തം കൈയിൽനിന്നടയ്ക്കണമെന്നാണു ബിജെപിയുടെ ആവശ്യം. തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു കെപിസിസി അദ്ധ്യക്ഷൻ എം എം ഹസൻ ആവശ്യപ്പെട്ടിരിക്കുന്നു. വിധി നടപ്പാക്കാൻ സർക്കാർ ബാധ്യതപ്പെട്ടിരിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷം ആക്രമണം കടുപ്പിക്കുകയാണ്. ടി പി സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നു പുറത്താക്കിയ സർക്കാർ നടപടി റദ്ദ് ചെയ്യുന്ന വിധിയായിരുന്നു സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഈ വിധിയിലെ വിശദാംശങ്ങളിൽ വ്യക്തത തേടിയാണ് സർക്കാർ വീണ്ടും കോടതിയെ സമീപിച്ചത്.

കോടതിച്ചെലവ് പിണറായി തന്റെ കൈയില്‍ നിന്നും അടയ്ക്കണമെന്ന് ബിജെപി; സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയെന്ന് ഉമ്മന്‍ചാണ്ടി: രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

സംസ്ഥാന സര്‍ക്കാരിന് നേരിട്ട നാണംകെട്ട തിരിച്ചടിയാണ് സെന്‍കുമാര്‍ വിഷയത്തിലുണ്ടായതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി പി സെന്‍കുമാറിന്റെ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് വ്യക്തതതേടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇന്നു തന്നെ അദ്ദേഹത്തെ പൊലീസ് മേധാവിയായി നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടതി വിധി മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നു കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ പറഞ്ഞു. കോടതിയുടെ രൂക്ഷ വിമര്‍ശങ്ങള്‍ സര്‍ക്കാര്‍ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

ടി പി സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധിയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിനു സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സെന്‍കുമാര്‍ കേസുമായി ബന്ധപ്പെട്ട് കോടതി ചെലവായി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുള്ള 25,000 രൂപ പിണറായി വിജയന്‍ സ്വന്തം കൈയില്‍ നിന്നു നല്‍കണമെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍. സംസ്ഥാനത്തിന്റെ ഖജനാവിലുള്ളതു ജനങ്ങളുടെ കാശാണ്. അതു മുഖ്യമന്ത്രിക്കു തോന്നുന്നപോലെ ചെലവാക്കാനുള്ളതല്ലെന്നും മുരളീധരന്‍ പറഞ്ഞു. സര്‍ക്കാര്‍ സുപ്രീംകോടതിയുടെ വിമര്‍ശനങ്ങള്‍ നിരന്തരമേറ്റുവാങ്ങുന്നത് സംസ്ഥാനത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.