പുതിയ മന്ത്രിയുടെ കാര്യത്തില്‍ എന്‍.സി.പിയില്‍ ആശയക്കുഴപ്പം; ശശീന്ദ്രന്‍ തിരിച്ചുവരണമെന്ന് ഒരു വിഭാഗം; പിന്മാറാതെ തോമസ് ചാണ്ടി

എ കെ ശശീന്ദ്രന്‍ രാജി വയ്ക്കാനിടയായ വിവാദഫോണ്‍ സംഭാഷണ വിഷയത്തില്‍ മംഗളം ചാനല്‍ ഖേദം പ്രകടിപ്പിച്ചതോടെ പുതിയ മന്ത്രിയുടെ കാര്യത്തില്‍ ആശയക്കുഴപ്പം. ശശീന്ദ്രനു പകരം കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി മന്ത്രിയാകുമെന്ന് കരുതിയെങ്കിലും പുതിയ സാഹചര്യത്തില്‍ എന്തു തീരുമാനമെടുക്കണമെന്ന പാര്‍ട്ടിയ്ക്ക് നിശ്ചയമില്ല. രാവിലെ നടക്കുന്ന എല്‍.ഡി.എഫ് യോഗത്തില്‍ മന്ത്രിയുടെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.

പുതിയ മന്ത്രിയുടെ കാര്യത്തില്‍ എന്‍.സി.പിയില്‍ ആശയക്കുഴപ്പം; ശശീന്ദ്രന്‍ തിരിച്ചുവരണമെന്ന് ഒരു വിഭാഗം; പിന്മാറാതെ തോമസ് ചാണ്ടി

എ കെ ശശീന്ദ്രനു പകരം എന്‍.സി.പിയില്‍ നിന്ന് മന്ത്രിസ്ഥാനത്തേയ്ക്ക് ആരെത്തുമെന്ന കാര്യത്തില്‍ അവ്യക്തത. രാജിയ്ക്കിടയാക്കിയ മന്ത്രിയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ ഇന്നലെ രാത്രി മംഗളം ചാനല്‍ ഖേദം പ്രകടിപ്പിച്ചതാണ് പുതിയ പ്രതിസന്ധികള്‍ക്കിടയാക്കിയത്. ശശീന്ദ്രനു പകരം എന്‍.സി.പിയിലെ മറ്റൊരംഗമായ തോമസ് ചാണ്ടി എം.എല്‍.എ മന്ത്രിയാകുമെന്നാണ് കരുതിയിരുന്നത്. തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയെ കാണാനിരിക്കെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

ചാനല്‍ ഖേദം പ്രകടിപ്പിച്ചതോടെ മന്ത്രി സ്ഥാനത്ത് എ കെ ശശീന്ദ്രന്‍ തിരിച്ചെത്തണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. നവമാദ്ധ്യമങ്ങളിലടക്കം മംഗളം ചാനല്‍ നിലപാടിനെ എതിര്‍ക്കുന്നവര്‍ ശശീന്ദ്രന്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെടുന്നുണ്ട്. മന്ത്രിയാകാന്‍ കച്ച കെട്ടി കുവൈറ്റില്‍ നിന്നെത്തിയ തോമസ് ചാണ്ടി ഇതിന് വഴങ്ങുമെന്ന കാര്യത്തില്‍ ഉറപ്പില്ല. മന്ത്രിയാകണമെന്ന ആവശ്യത്തില്‍ നിന്ന് അദ്ദേഹം പിന്മാറില്ലെന്നാണ് വിവരം.

മന്ത്രിസഭാ രൂപീകരണവേളയില്‍ മന്ത്രിയാകാന്‍ തോമസ് ചാണ്ടി ശ്രമിച്ചിരുന്നെങ്കിലും സിപിഐഎം നേതൃത്വവും എന്‍.സി.പി സംസ്ഥാനഘടകവും ശശീന്ദ്രനെ പിന്തുണയ്ക്കുകയായിരുന്നു. പത്ത് മണിക്ക് നേതാക്കള്‍ മുഖ്യമന്ത്രിയേയും കാണും. പതിനൊന്നരയ്ക്ക് ചേരുന്ന എല്‍.ഡി.എഫ് യോഗത്തിനു മുമ്പ് മന്ത്രി ആരായിരിക്കണമെന്ന കാര്യത്തില്‍ എന്‍.സി.പിയ്ക്കുള്ളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.

ശശീന്ദ്രന് അനുകൂലമായ അഭിപ്രായം ഉയര്‍ന്നു വരുന്നെണ്ടെങ്കിലും സംഭാഷണം പൂര്‍ണമായും തന്റേതല്ലെന്ന് പറയാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രിയാക്കരുതെന്ന് തോമസ് ചാണ്ടിയെ അനുകൂലിക്കുന്നവര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. മന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെ ബോധപൂര്‍വ്വം കുടുക്കിയതാണെന്ന് സമ്മതിച്ച് ചാനല്‍ സിഇഒ ആര്‍ അജിത്കുമാര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. മന്ത്രിയെ വിളിച്ചത് വീട്ടമ്മയല്ല, മാദ്ധ്യമപ്രവര്‍ത്തക തന്നെയാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചാനല്‍ സിഇഒ പറഞ്ഞിരുന്നു. ഇതോടെയാണ് മന്ത്രിസ്ഥാനത്തെ ചൊല്ലി ആശയക്കുഴപ്പം ഉടലെടുത്തത്.