സമ്പൂര്‍ണ വൈദ്യുതീകരണം, ആദിവാസി ഗ്രാമങ്ങളില്‍ ഇനിയും വെളിച്ചം എത്തിയില്ല.

പത്ത് വര്‍ഷം മുമ്പ് തന്നെ ഇന്ത്യയില്‍ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി പാലക്കാടിനെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തെ സമ്പൂര്‍ണ വൈദ്യുതികരണ സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടും ജില്ലയില്‍ പല ഭാഗങ്ങളും ഇപ്പോഴും ഇരുട്ടിലാണ്.

സമ്പൂര്‍ണ വൈദ്യുതീകരണം, ആദിവാസി ഗ്രാമങ്ങളില്‍ ഇനിയും വെളിച്ചം എത്തിയില്ല.

സംസ്ഥാനം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തിയിട്ടും ആദിവാസി കേന്ദ്രങ്ങള്‍ ഇപ്പോഴും ഇരുട്ടില്‍. അട്ടപ്പാടിയിലേയും മലമ്പുഴ അകമല വാരത്തേയും നൂറ് കണക്കിന് കുടുംബങ്ങളിലും ഇനിയും വൈദ്യുതി എത്തിയിട്ടില്ല. അട്ടപ്പാടിയിലും മലമ്പുഴ അകമല വാരത്തുമൊക്കെ നാട്ടുകാർ വര്‍ഷങ്ങളായി വൈദ്യുതിക്ക് കാത്തിരിക്കുന്നുണ്ട്.

അട്ടപ്പാടി, അഗളി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് കുറുക്കന്‍കുണ്ട് ഊര്. ഇവിടെയുള്ളവര്‍ വൈദ്യുതിക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വര്‍ഷങ്ങള്‍ക്ക് മുന്‍പെ ഈ പ്രദേശത്ത് താമസം ആരംഭിച്ച കുടിയേറ്റ കര്‍ഷകരാണ് ഇവിടെയുള്ളവരില്‍ അധികവും. ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി വനംവകുപ്പുമായി തര്‍ക്കം മൂലമാണ് പ്രദേശത്ത് വൈദ്യുതിയെത്താത്തത് എന്നാണ് വൈദ്യുതി വകുപ്പിന്റെ വിശദീകരണം. 2017 ല്‍ പൊതു ആവശ്യമെന്ന നിലയില്‍ വൈദ്യുതി കണക്ഷന് അപേക്ഷിക്കുന്നതിന് മണ്ണാര്‍ക്കാട് തഹസില്‍ദാരുടെ ഉത്തരവ് പ്രകാരം കള്ളമല വില്ലേജ് ഓഫീസര്‍ ഇവര്‍ക്ക് കൈവശവകാശ രേഖ നല്‍കിയിട്ടുണ്ട്.

എന്നാല്‍ നിക്ഷിപ്ത വനഭൂമിയില്‍ കയ്യേറി താമസിക്കുന്നവരാണ് എന്നാണ് വനംവകുപ്പിന്റെ നിലപാട്. ഇതുകൊണ്ട് ഈ പ്രദേശത്ത് ലൈന്‍ വലിച്ച് വൈദ്യുതി നല്‍കാന്‍ കഴിയില്ലെന്ന് വൈദ്യുതി വകുപ്പ് പറയുന്നു. പതിറ്റാണ്ടുകളായി ഈ ഊരില്‍ താമസിക്കുന്ന ആദിവാസികള്‍ അടക്കമുള്ള കുടുംബങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് കഴിഞ്ഞിട്ടില്ല. അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തിലും വൈദ്യുതിക്കായി കാത്തിരിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങള്‍ ഉണ്ട്. ഓരോരോ കാരണങ്ങള്‍ പറഞ്ഞാണ് മിക്ക ഊരിനും വൈദ്യുതി കിട്ടാത്ത അവസ്ഥയുള്ളത്.


തൊടുക്കി, മേലെതൊടുക്കി, ഗലനി, പാലപ്പട, ഊരടം, ആനവായ്, മേലെമൂലക്കൊമ്പ് എന്നിവിടങ്ങളിലൊന്നും വൈദ്യുതി എത്തിയിട്ടില്ല. വനത്തിനുള്ളിലെ ഊരുകളായതിനാല്‍ മണ്ണിനടിയില്‍ കൂടി ലൈന്‍ വലിക്കണം. ഇതിന് മൂന്നു കോടി രൂപയോളം ചെലവുവരുമെന്നാണ് വൈദ്യുതി വകുപ്പിന്റെ കണക്ക്. കേരളത്തിൽ സമ്പൂര്‍ണ വൈദ്യുതികരണം പ്രഖ്യാപിക്കാനായി ഒരുക്കങ്ങള്‍ നടത്തിയപ്പോഴും ഈ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ കാര്യത്തില്‍ വൈദ്യുതി വകുപ്പ് വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന് ആരോപണമുണ്ട്.

വൈദ്യുതി നേരിട്ട് എത്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഈ പ്രദേശങ്ങളില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചാലും ഒരളവു വരെ പ്രശ്‌നത്തിന് പരിഹാരമാകും. എന്നാല്‍ ഇത്തരം സ്ഥലങ്ങളില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കാന്‍ അനര്‍ട്ടിന് നിര്‍ദ്ദേശം കൊടുത്തെങ്കിലും പദ്ധതി തുടങ്ങിയിട്ടില്ല.

മലമ്പുഴ അകമല വാരത്തെ ഭൂരിഭാഗം വീടുകളിലും വൈദ്യുതി എത്തിയിട്ടില്ല. ചെറിയ കൂരകളായതോ, പോസ്റ്റില്ലാത്തതോ, ഉടമസ്ഥവാകാശ രേഖകള്‍ ഇല്ലാത്തതോ ഒക്കെയാണ് വൈദ്യുതി കിട്ടാത്തതിന് കാരണം. ഓലപ്പുരകളില്‍ താമസിക്കുന്നവര്‍ക്ക് വീടിനോട് ചേര്‍ന്ന് പ്രത്യേക ചുമര്‍ കെട്ടി അവിടെ മീറ്റര്‍ സ്ഥാപിച്ച് വൈദ്യുതി നല്‍കുമെന്ന് പറഞ്ഞതും നടപ്പിലായില്ല.


സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി വൈദ്യുതിക്കുള്ള അപേക്ഷ ലഘൂകരിച്ചെന്നാണ് പുതിയ പരസ്യം. എന്നാല്‍ അപേക്ഷ ലഘൂകരിച്ചതായുള്ള കാര്യം ഓഫീസില്‍ വൈദ്യുതിക്കായി ചെല്ലുമ്പോഴാണ് അത് വെറും പരസ്യമാണെന്ന് തിരിച്ചറിയുക. മുമ്പ് ഉടമാവസ്ഥാവാകാശ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് കോപ്പി, നൂറ് രൂപ സ്റ്റാമ്പ് പേപ്പറില്‍ എഗ്രിമെന്റ് എന്നിവ ഉണ്ടെങ്കില്‍ കണക്ഷന്‍ ലഭിക്കുമായിരുന്നു.

എന്നാല്‍ ഇന്ന് 200 രൂപയുടെ അഡ്‌ഹെസീവ് സ്റ്റാമ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തൊട്ടടുത്തുള്ള ഉപഭോക്താവിന്റെ കണ്‍സ്യൂമര്‍ നമ്പര്‍, നികുതി രശീത് എന്നിവയെല്ലാം ഹാജരാക്കണം. മാത്രമല്ല ആദിവാസികള്‍ തന്നെ വാഹനം വാടകക്ക് എടുത്ത് ഓവര്‍സിയറെ സ്ഥലം കൊണ്ടു പോയി കാണിക്കണം. ഇതിനൊന്നും സാധിക്കാത്തതു കൊണ്ടാണ് ആദിവാസി മേഖലകളിലേക്ക് ഇനിയും വൈദ്യുതി എത്താത്തത്.