ഭൂമി കൈയേറാൻ ഇരട്ടക്കുഴൽ തോക്കിന്റെ ഭീഷണിയും വീട്ടുതടങ്കലും; ലംബോധരനും മക്കൾക്കുമെതിരെ ഉയർന്നത് ഗുരുതരമായ പരാതികൾ

വസ്തു നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചു അറുപത്തിനാലു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം രേഖകൾ സ്വന്തമാക്കാൻ ലംബോധരന്റെ നേതൃത്വത്തിൽ ഇരട്ടക്കുഴൽ തോക്കുമായി ഗുണ്ടാസംഘമെത്തി. തോട്ടത്തിന്റെ മേൽനോട്ടത്തിനു ചുമതലപ്പെടുത്തിയ മാനേജരെയും ഭാര്യയെയും രണ്ടുദിവസം വീട്ടുതടങ്കലിലാക്കി ഗുണ്ടാവിളയാട്ടം നടത്തി എന്നിങ്ങനെ അതിഗുരുതരമായ ആരോപണങ്ങളാണ് വൈദ്യുതി മന്ത്രി എം എം മണിയുടെ സഹോദരൻ എംഎം ലംബോധരനെതിരെ ഉയരുന്നത്. സംഭവത്തെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടിട്ടും ഫലമില്ല.

ഭൂമി കൈയേറാൻ  ഇരട്ടക്കുഴൽ തോക്കിന്റെ ഭീഷണിയും വീട്ടുതടങ്കലും;  ലംബോധരനും മക്കൾക്കുമെതിരെ ഉയർന്നത് ഗുരുതരമായ പരാതികൾ

വസ്തു നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചു അറുപത്തിനാലു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം രേഖകൾ തട്ടിയെടുക്കാൻ ഇരട്ടക്കുഴൽ തോക്കുമായി ഗുണ്ടാസംഘം. തോട്ടത്തിന്റെ മേൽനോട്ടത്തിനു ചുമതലപ്പെടുത്തിയ മാനേജരെയും ഭാര്യയെയും രണ്ടുദിവസം വീട്ടുതടങ്കലിലാക്കി ഗുണ്ടാവിളയാട്ടം. സംഭവത്തെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ല. പരാതിക്കാർക്ക് അനുകൂലമായി കട്ടപ്പന മുൻസിഫ് കോടതിയുടെ വിധിയുണ്ടായിട്ടും ഫലമില്ല. അതിഗുരുതരമായ ആരോപണങ്ങളാണ് വൈദ്യുതി മന്ത്രി എംഎം മണിയുടെ സഹോദരൻ എംഎം ലംബോധരനെതിരെ ഉയരുന്നത്.

ഭൂമി വിൽപന കരാറുണ്ടാക്കി തിരുവല്ല സ്വദേശികളായ ജേക്കബ് ചാക്കോ, സഹോദരൻ സ്റ്റീഫൻ ചാക്കോ എന്നിവരിൽ നിന്ന് ലംബോധരനും മക്കളും ബന്ധുക്കളും ചേർന്ന് 64 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതി കഴിഞ്ഞ ദിവസം നാരദാ ന്യൂസ് പുറത്തുവിട്ടിരുന്നു. അഡ്വാൻസ് തീയതി മുതൽ തോട്ടങ്ങളുടെ കൈവശാവകാശം പൂർണ്ണമായും ജേക്കബ് ചാക്കോയ്ക്കും സഹോദരനും വിട്ടുകൊടുക്കുമെന്ന് കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. അതനുസരിച്ച് തോട്ടത്തിന്റെ കാര്യങ്ങൾ നോക്കാൻ നിയമിച്ചവരെ ലംബോധരന്റെ നേതൃത്വത്തിൽ ഇരട്ടക്കുഴൽ തോക്കുമായെത്തിയ സംഘം ഭീഷണിപ്പെടുത്തിയെന്നും വീട്ടുതടങ്കലിലാക്കിയെന്നുമാണ് പരാതി. ശാന്തൻപാറ പോലീസ് സ്റ്റേഷനിലും കട്ടപ്പന ഡിവൈഎസ് പിയ്ക്കും ആർഡിഒയ്ക്കും പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു.


കരാർ അനുസരിച്ച് തോട്ടത്തിന്റെ മാനേജരായി നിയമിച്ച ജോസഫിനെയും ഭാര്യയെയും 2009 ജൂൺ 7 ന് ലംബോധരനും മക്കളും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരാതി ഇങ്ങനെയാണ്: സംഭവദിവസം മൂന്ന് ജിപ്പുകളിലായി ലംബോധരന്റെയും മക്കളുടേയും നേതൃത്വത്തിൽ ഇരട്ടക്കുഴൽ തോക്കുകളുമായി ഒരു സംഘം തോട്ടത്തിൽ അതിക്രമിച്ചു കടന്നു. ജോസഫിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തി, ടെലഫോൺ ബന്ധം വിഛേദിച്ചതിന് ശേഷം ഓഫീസിൽ കടന്ന് ബുക്കുകളും ഫയലുകളും കൈക്കലാക്കി. ഇവരെ രണ്ടു ദിവസം വീട്ടു തടങ്കലിലാക്കി. രണ്ടുദിവസവും ഗുണ്ടകൾ വീടിനു കാവലിരുന്നുവെന്നും തങ്ങളുണ്ടാക്കി വെച്ച ഭക്ഷണമാണ് ഇവർ കഴിച്ചതെന്നും ജോസഫ് നാരദാ ന്യൂസിനോടു പറഞ്ഞു. ഗുണ്ടകളുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ ജോസഫിന്റെ ഭാര്യ അടുത്ത എസ്റ്റേറ്റ് ബംഗ്ലാവിൽ പോയാണ് ജേക്കബ് ചാക്കോയെ ടെലഫോൺ ചെയ്ത് വിവരങ്ങൾ ധരിപ്പിച്ചത്. പിറ്റേന്ന് തങ്ങൾ എത്തിയതിനു ശേഷമാണ് ജോസഫിനേയും കുടുംബത്തേയും വിട്ടയച്ചതെന്ന് ജേക്കബ് ചാക്കോ പറയുന്നു.


അക്രമികൾക്കെതിരെ നൽകിയ പരാതികളോട് തോക്കുകളെല്ലാം ലൈസൻസ് ഉള്ളവയാണെന്നായിരുന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. പോലീസ്, നടപടിയ്ക്കു വിസമ്മതിച്ചതോടെ ജേക്കബ് ചാക്കോ കട്ടപ്പന മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തു . പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയ കോടതി 73,12,000 രൂപയും 6% പലിശയുമടക്കം നൽകാൻ ലംബോധരനും സംഘത്തിനും ഉത്തരവു നൽകി.

ഇതിനെതിരെ ലംബോധരൻ ഹൈക്കോടതിയിൽ 16,59,288 രൂപ കെട്ടി വച്ച് അപ്പീൽ നൽകിയിരിക്കുകയാണ്. തങ്ങൾക്കു ഭൂമി വേണ്ടെന്നും നൽകിയ പണം തിരികെ കിട്ടിയാൽ മതിയെന്നുമാണ് തിരുവല്ല സ്വദേശികളുടെ ആവശ്യം. അതിനു വേണ്ടിയാണ് നിയമയുദ്ധം. സ്വന്തം ഭൂമിയിൽ പോലും പ്രവേശിക്കാനാവാത്ത അവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മൂന്ന് മാസങ്ങൾക്കു മുൻപേ പരാതി കൊടുത്തെങ്കിലും മറുപടി പോലും കിട്ടിയില്ലെന്ന് ജേക്കബ് ചാക്കോ പറയുന്നു. എൽഡിഎഫ് വന്നാൽ എല്ലാം ശരിയാക്കുമെന്നു ധരിച്ച ജേക്കബ്ബ് ചാക്കോയും സഹോദരനും ഇനി ഹൈക്കോടതിയാണ് ആശ്രയം.