മഴക്കെടുതിയിലും വർ​ഗീയ പ്രചരണവുമായി സംഘപരിവാറുകാരൻ; ദുരന്തമുണ്ടായത് മുസ്ലിം-ക്രിസ്ത്യൻ ഭൂരിപക്ഷ ജില്ലകളിലെന്ന് നുണവാദം

തൃശൂർ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട് എന്നിവ ഹിന്ദു ഭൂരിപക്ഷ ജില്ലകളായിരിക്കെയാണ് ( റിലീജ്യൻ സെൻസസ് റിപ്പോർട്ട് 2011) ഇയാൾ ക്രിസ്ത്യൻ ഭൂരിപക്ഷ ജില്ലകളാണെന്ന നുണ പ്രചരണം നടത്തിയിരിക്കുന്നത്.

മഴക്കെടുതിയിലും വർ​ഗീയ പ്രചരണവുമായി സംഘപരിവാറുകാരൻ; ദുരന്തമുണ്ടായത് മുസ്ലിം-ക്രിസ്ത്യൻ ഭൂരിപക്ഷ ജില്ലകളിലെന്ന് നുണവാദം

കേരളമാകെ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുമ്പോൾ വർ​ഗീയ-വിദ്വേഷ പ്രചരണവുമായി സം​ഘപരിവാർ പ്രവർത്തകൻ. വഴിത്തല സ്വദേശിയും മുംബൈ മലയാളിയുമായ ശങ്കരൻ നായരാണ് ​​ഫേസ്ബുക്കിലെ ​ഗുരുവായൂർ നെറ്റ് വർക്സ് എന്ന ​ഗ്രൂപ്പിലൂടെ വിദ്വേഷ പരാമർശം നടത്തിയിരിക്കുന്നത്. 'പ്രകൃതിദുരന്തങ്ങൾ ഉണ്ടായിരിക്കുന്നത് കേരളത്തിലെ മുസ്ലിം-ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിലാണ്. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളായ ആലപ്പുഴയിലെ കുട്ടനാട്, ജില്ലകളായ കോട്ടയം ജില്ല, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ദുരന്തം ഉണ്ടായിരിക്കുന്നത്. മഴക്കെടുതിയുണ്ടായ മറ്റൊരു ജില്ലയായ പാലക്കാടാവട്ടെ കമ്യൂണിസ്റ്റുകളുടെ കോട്ടയാണ്. ഈ വിഭാ​ഗങ്ങളെല്ലാം പ്രകൃതിയെയും സ്വാർത്ഥ താൽപര്യങ്ങൾക്കായി ജീവികളെയും ദ്രോഹിക്കുന്നവരാണ്. മാത്രമല്ല, ഇവരെല്ലാവരും തന്നെ സ്വാമി അയ്യപ്പന്റെ പേരിൽ കള്ളക്കളികൾ നടത്തുന്നവരുമാണ്. അപ്പോൾ മന്ദബുദ്ധികളായ മലയാളികൾ ഈ ദുരന്തം അർഹിക്കുന്നുണ്ടോ ഇല്ലയോ?' എന്നാണ് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.

കനത്ത മഴ മൂലമുണ്ടായ ഉരുൾപ്പൊട്ടലിൽ വിവിധ ജില്ലകളിലായി 29 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. നിരവധി പേർക്ക് പരിക്കേൽക്കുകയും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. നിരവധി വീടുകൾക്കും കടകൾക്കും സ്ഥാപനങ്ങൾക്കുമാണ് കേടുപാടുകൾ സംഭവിച്ചത്. ഇത്തരമൊരു സാഹചര്യത്തിലാണ് മുംബൈയിൽ ഇരുന്ന് കേരളത്തിലെ ദുരന്തത്തെ കുറിച്ച് വർ​ഗീയതയും വംശീയ വിദ്വേഷവും തുളുമ്പുന്ന പരാമർശം ഇയാൾ നടത്തിയിരിക്കുന്നത്.തൃശൂർ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട് എന്നിവ ഹിന്ദു ഭൂരിപക്ഷ ജില്ലകളായിരിക്കെയാണ് (റിലീജ്യൻ സെൻസസ് റിപ്പോർട്ട് 2011) ഇയാൾ ക്രിസ്ത്യൻ ഭൂരിപക്ഷ ജില്ലകളാണെന്ന നുണ പ്രചരണം നടത്തിയിരിക്കുന്നത്. ഇതോടൊപ്പം മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെന്ന് ഇയാൾ അവകാശപ്പെടുന്ന കോഴിക്കോട്ടെ ജനസംഖ്യയുടെ 56.21 ശതമാനവും ഹിന്ദു ജനവിഭാ​ഗമാണ്. മാത്രമല്ല, കമ്യൂണിസ്റ്റ് ഭൂരിപക്ഷ ജില്ലയെന്ന് വാദിക്കുന്ന പാലക്കാട്ടെ ഹിന്ദു ജനസംഖ്യ 66.76 ആണെന്നും 2011 ലെ റിലീജ്യൻ സെൻസസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് നുണയിൽ മുക്കിയ വർ​ഗീയ പ്രചരണവുമായി ഇയാൾ രം​ഗത്തെത്തിയിരിക്കുന്നത്.

ദുരന്തത്തിനിടയിലും വർ​ഗീയത കാണുന്ന ഇയാൾക്കെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇതു കൂടാതെ സ്വന്തം ടൈംലൈനിൽ ഇയാൾ സമാന രീതിയിൽ മറ്റൊരു പോസ്റ്റും ഇട്ടിട്ടുണ്ട്. 'കേരളത്തിലെ വെള്ളപ്പൊക്കം! ഇത് പ്രകൃതി ദുരന്തമാണോ അതോ മനുഷ്യനാൽ സംഭവിച്ചതാണോ? പ്രകൃതിക്കും നേരെയുള്ള ഉപദ്രവങ്ങളും. അയ്യപ്പന്റെ പേരിലുള്ള കള്ളക്കളികളും അവസാനിപ്പിക്കുക' എന്നാണ് ഇയാളുടെ പോസ്റ്റ്. ഇതിനടിയിലും മലയാളികളുടെ രൂക്ഷ വിമർശനങ്ങൾ കാണാം.സേട്ടൻ മഹാരാഷ്ട്രയിൽ അല്ലേ സേട്ട... അവിടെ മുംബൈ എയർപോർട്ട് അമ്പലക്കുളം പോലെ ആക്കിയതും ഈ അയ്യപ്പൻ ആണോ... ശബരിമലയിൽ പോയി ഒന്നു ശെരിക്കും മനസു ഇരുത്തി അയ്യപ്പനെ വിളിക്കൂ... ആ മാനസിക കുഷ്ഠം അങ്ങു മാറട്ടെ എന്നാണ് ശ്രീനിവാസ് സോമൻ നായർ എന്നയാളുടെ കമന്റ്. ഗുജറാത്തിലും കേദാർനാഥിലും ഒക്കെ വെള്ളപ്പൊക്കം ഉണ്ടായത് അവിടെ ക്രിസ്ത്യാനികളും മുസ്ലിമുകളും കൂടുതൽ ഉണ്ടായിട്ടാണോ. ഈ സമയത്തെങ്കിലും വർഗീയത പറയാതെ ഇരിക്കണം എന്നാണ് ജിജോ വർ​ഗീസ് എന്നയാൾ പറയുന്നത്. കേരളമൊട്ടാകെ മഴക്കെടുതിയിൽ വേദനയനുഭവിക്കുമ്പോൾ അപവാദവും നുണയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഇയാൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

Read More >>