ശീതസമരത്തിന് അർദ്ധവിരാമം; ശിവിഗിരി മഠവും എസ്എൻഡിപി യോഗവും വീണ്ടും അടുക്കുന്നു

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ ഉൾക്കൊള്ളുന്ന കാര്യത്തിൽ പ്രകാശാനന്ദ നേതൃത്വം നൽകിയിരുന്ന വർക്കലയിലെ ശിവഗിരി മഠവും വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന ശ്രീനാരായണ ധർമ്മ പരിപാലന യോഗവും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. ദർശനം വേറെ, പ്രവൃത്തി വേറെ എന്ന ലൈനാണ് യോഗം കൈക്കൊണ്ടതെങ്കിൽ മതാതീത ആത്മീയത, മദ്യവർജ്ജനം തുടങ്ങിയ വിഷയങ്ങളിൽ ഗുരുവിന്റെ ചിന്തകളോടു കൂടുതൽ അടുത്തുനിൽക്കുന്ന നിലപാടാണ് മഠം സ്വീകരിച്ചത്. മഠത്തിന്റെ ഭരണസമിതി മാറിയതോടെ, ഈ അഭിപ്രായവ്യത്യാസങ്ങളെല്ലാം പിന്നിലേക്കു മാറുകയാണ്.

ശീതസമരത്തിന് അർദ്ധവിരാമം; ശിവിഗിരി മഠവും എസ്എൻഡിപി യോഗവും വീണ്ടും അടുക്കുന്നു

വര്‍ഷങ്ങളായി നിലനിന്ന ശീതസമരം അവസാനിപ്പിച്ചു ശിവഗിരി മഠവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടുക്കുന്നതായി സൂചന. കഴിഞ്ഞ ശിവഗിരി ഭരണസമിതി തിരഞ്ഞെടുപ്പില്‍ പുതിയ സമിതി ചുമതലയേറ്റതോടെയാണ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള എസ്എന്‍ഡിപി യോഗം വീണ്ടും ശിവഗിരിയുമായി അടുത്തു തുടങ്ങിയത്. മഞ്ഞുരുകുന്നതിന്റെ ഭാഗമായി ശിവഗിരിയിലെ സമാധി മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ അന്‍പതാം വാര്‍ഷികച്ചടങ്ങില്‍ വെള്ളാപ്പള്ളി പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശിവഗിരി മഠത്തില്‍ സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുമായി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ്എന്‍ഡിപി യോഗം കാലങ്ങളായി കടുത്ത ശത്രുതയിലായിരുന്നു. മഠത്തിന്റെ നിലപാടുകള്‍ക്കും യോഗത്തിന്റെ നിലപാടുകള്‍ക്കും, പ്രത്യേകിച്ചു വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ക്കും തമ്മില്‍ ഒത്തുപോകാനാകുന്നില്ല എന്നുള്ളതായിരുന്നു അതിനു പ്രധാന കാരണം. പ്രധാനമായും മദ്യം സംബന്ധിച്ചുള്ള മഠത്തിന്റെ നിലപാടുകള്‍ക്കു നേരേ വിരുദ്ധമായ സമീപനമായിരുന്നു വെള്ളാപ്പള്ളി കൈക്കൊണ്ടിരുന്നത്. അതിന്റെ പേരില്‍ പരസ്യ പ്രസ്താവനകളുമായി ഇരുകൂട്ടരും ഈ അടുത്തകാലം വരെ പരസ്പരം ഏറ്റുമുട്ടിയിരുന്നു.

ശിവഗിരി മഠത്തിന്റെ ഭൂമിയിലാണ് എസ്എന്‍ ട്രസ്റ്റിന്റെ അധീനതയിലുള്ള വര്‍ക്കല എസ്എന്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. 50 വര്‍ഷത്തെ പാട്ടക്കരാറിന്റെ പുറത്താണ് മഠം ട്രസ്റ്റിനു കോളേജ് നടത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ പാട്ടക്കരാര്‍ അവസാനിച്ചുവെങ്കിലും ട്രസ്റ്റ് അതു പുതുക്കാനോ ഭൂമി വിട്ടു നല്‍കാനോ തയ്യാറായില്ല. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള കോളേജ് പ്രസ്തുത ഭൂമിയില്‍ നിന്നും മാറ്റാന്‍ കഴിയില്ലെന്നുള്ള വാദമാണ് വെള്ളാപ്പള്ളി സ്വീകരിച്ചത്. ഇതിനെതിരെ ശക്തമായ നിലപാടെടുത്ത അന്നത്തെ ശിഗിരി മഠം ഭരണസമിതി കേസിനു പോകുകയായിരുന്നു. ഈ സംഭവവും മഠവും യോഗവുമായുള്ള ബന്ധം വലിയ തോതില്‍ വഷളാക്കിമാറ്റി.

വെള്ളാപ്പള്ളി നടേശന്‍ ഭരണാധികാരിയായി തുടരുന്ന കാലം യോഗവുമായുള്ള പരിപാടികളിലും മറ്റും സഹകരിക്കില്ലെന്ന ഒരു അപ്രഖ്യാപിത തീരുമാനുവും മഠം കൈക്കൊണ്ടിരുന്നു. കഴിഞ്ഞ ഭരണസമിതി തെരഞ്ഞെടുപ്പു വരെ ഈ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോയതും. എന്നാല്‍ പുതിയ ഭരണസമിതി അധികാരത്തിലേറിയതോടെ വെള്ളാപ്പള്ളിക്കെതിരെയുള്ള നിലപാടില്‍ മാറ്റം വന്നതായിവേണം കരുതാന്‍. വെള്ളാപ്പള്ളിക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചിരുന്ന സ്വാമി പ്രകാശാനന്ദ, സ്വാമി അനപേക്ഷാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി സച്ചിദാനന്ദ എന്നിവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും വെള്ളാപ്പള്ളിക്ക് ഇക്കാര്യത്തില്‍ തുണയായി മാറി.

വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ എസ്എന്‍ഡിപി യോഗം ബിഡിജെഎസ് രൂപീകരിച്ചു രാഷ്ട്രീയ രംഗത്തിറങ്ങിയതിനെതിരെ മഠം പരസ്യമായി വിമര്‍ശനമുന്നയിച്ചിരുന്നു. തനിക്കെതിരെ നീങ്ങുന്ന എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ക്കു ശക്തമായ മറുപടി കൊടുക്കുവാന്‍ കേന്ദ്രം ഭിരിക്കുന്ന എന്‍ഡിഎ മുന്നണിയുമായി ചേര്‍ന്നാണു വെള്ളാപ്പള്ളി രാഷ്ട്രീയ ബന്ധത്തിനു ശ്രമിച്ചത്. കൊല്ലത്ത് ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻ പ്രധാനമന്ത്രി വന്നപ്പോൾ ചടങ്ങില്‍ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പ്രവേശനം നിഷേധിച്ച സംഭവം വന്‍ വിവാദം വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്നു ശിവഗിരിയിലെ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തപ്പോള്‍ അദ്ദേഹം ക്ഷണിച്ചിട്ടല്ല വരുന്നതെന്നു മഠം അധികൃതരും വ്യക്തമാക്കിയിരുന്നു. എസ്എന്‍ഡിപി യോഗത്തിനെതിരെയുള്ള മഠത്തിന്റെ നിപാടിന്റെ ഭാഗമായിട്ടാണ് ഈ സംഭവം വ്യാഖ്യാനിക്കപ്പെട്ടത്.

ശിവഗിരിയില്‍ പുതിയ ഭരണസമിതി അധികാരമേറ്റെടുക്കുകയും പുത്തന്‍ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തതോടെ ശിവഗിരി വെള്ളാപ്പള്ളിക്കും പ്രാപ്യമാകുകയാണ്. എന്നാല്‍ ഇതിനെതിരെ വെള്ളാപ്പള്ളിവിരുദ്ധരും രംഗത്തെത്തിയിട്ടുണ്ട്.