എന്തു കാര്യമാണ് സമരത്തിലൂടെ നേടാനുണ്ടായിരുന്നതെന്ന മുഖ്യമന്ത്രിയുടെ ചോദ്യം വേദനിപ്പിച്ചു; ഇനി കൂടിക്കാഴ്ചയ്ക്കില്ലെന്ന് മഹിജ

സഹോദരൻ ശ്രീജിത്തിനെതിരായ ആരോപണങ്ങളിലും ദുഃഖമുണ്ട്. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ തങ്ങളുടെ കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും മഹിജ വ്യക്തമാക്കി.

എന്തു കാര്യമാണ് സമരത്തിലൂടെ നേടാനുണ്ടായിരുന്നതെന്ന മുഖ്യമന്ത്രിയുടെ ചോദ്യം വേദനിപ്പിച്ചു; ഇനി കൂടിക്കാഴ്ചയ്ക്കില്ലെന്ന് മഹിജ

എന്തു കാര്യമാണ് സമരത്തിലൂടെ നേടാനുണ്ടായിരുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം തങ്ങളെ വേദനിപ്പിച്ചുവെന്നും അതിനാൽ ഇനി അദ്ദേഹവുമായി കൂടിക്കാഴ്ചക്കില്ലെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ. സഹോദരൻ ശ്രീജിത്തിനെതിരായ ആരോപണങ്ങളിലും ദുഃഖമുണ്ട്. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ തങ്ങളുടെ കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും മഹിജ വ്യക്തമാക്കി.

ഡിജിപി ഓഫീസിനു മുന്നിൽ നടന്ന സമരത്തെ പൊലീസ് അടിച്ചമർത്തിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായ മഹിജയും സഹോദരൻ ശ്രീജിത്തും നടത്തിയ നാലുദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചത് സർക്കാരിന്റെ പത്തിന ഉറപ്പ് ലഭിച്ചതോടെയായിരുന്നു. ഇതിലൊന്നായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഇതിനായി നാളെയാണ് സമയം അനുവദിച്ചിരുന്നത്.

സമരം അവസാനിച്ചതിന് ശേഷം കോഴിക്കോട്ടേക്ക് തിരിക്കുന്നതിനു മുന്‍പായി തന്റെയും ശ്രീജിത്തിന്റെയും വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുകയാണെങ്കില്‍ മാത്രമെ മുഖ്യമന്ത്രിയെ കാണുകയുള്ളൂവെന്ന് മഹിജ നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീജിത്തിനെതിരെ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ മഹിജ തള്ളുകയും ചെയ്തിരുന്നു.

ജിഷ്ണുവിന്റെ കുടുംബത്തിന് ഏത് കാര്യമാണ് സമരത്തിലൂടെ നേടാന്‍ ഉണ്ടായിരുന്നതെന്നായിരുന്നു സമരം അവസാനിച്ചതിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ചോദിച്ചത്. ജിഷ്ണു കേസിൽ സർക്കാർ എന്തു വീഴ്ചയാണ് നടത്തിയതെന്നും ചെയ്യാനാവുന്നതെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. അതേസമയം, നാളെ ജിഷ്ണുവിന്റെ ജന്മനാടായ വളയത്ത് സിപിഐഎം പൊതുയോഗവും പ്രകടനവും സംഘടിപ്പിക്കുന്നുണ്ട്.