കൊട്ടക്കാമ്പൂരിൽ ജോയ്സ് ജോർജ് എംപിയുടെ കൈയേറ്റ ഭൂമിയിൽ കൈവെച്ച ഡിഎഫ്ഒയെ സ്ഥലം മാറ്റാൻ മുഖ്യമന്ത്രിയുടെ ഓഫീസ്?

സിപിഐഎം നേതൃത്വവുമായി അസ്വാരസ്യമുള്ള ഡിഎഫ്ഒയെ ഏതുവിധേനയും മാറ്റണമെന്ന നിലപാടിലാണ് ഇടുക്കി എംപി. കൊട്ടക്കാമ്പൂര്‍ ഭൂമി തട്ടിപ്പ് വിഷയത്തില്‍ ജോയ്‌സ് ജോര്‍ജിനെ വെള്ളപൂശി, മുഖ്യമന്ത്രി നിയമസഭയിൽ രംഗത്തുവന്ന സാഹചര്യത്തില്‍ എംപിയുടെ ആവശ്യപ്രകാരം സ്ഥലം മാറ്റവുമുണ്ടാകുമെന്ന കാര്യം ഉന്നത ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നു. അങ്ങനെയെങ്കില്‍ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിന് പിന്നാലെ സിപിഐയുടെ വകുപ്പില്‍ മുഖ്യമന്ത്രി നേരിട്ടിടപെടുന്ന മറ്റൊരു സംഭവമാകുമിത്.

കൊട്ടക്കാമ്പൂരിൽ ജോയ്സ് ജോർജ് എംപിയുടെ കൈയേറ്റ ഭൂമിയിൽ കൈവെച്ച ഡിഎഫ്ഒയെ സ്ഥലം മാറ്റാൻ മുഖ്യമന്ത്രിയുടെ ഓഫീസ്?

കൊട്ടക്കാമ്പൂരിൽ ജോയ്സ് ജോർജ് എംപിയുടെ കൈവശമുള്ളതു വനഭൂമിയാണെന്നും കുറിഞ്ഞി വന്യജീവി സങ്കേതത്തിനുവേണ്ടി ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിനു റിപ്പോർട്ടു നൽകിയ വനംവകുപ്പുദ്യോഗസ്ഥനെ സ്ഥലംമാറ്റാന്‍ നീക്കം. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി പ്രസാദിനെ സ്ഥലം മാറ്റാനാണ് ചരടുവലികള്‍ സജീവമായിരിക്കുന്നത്. നാളെ തലസ്ഥാനത്തു ചേരുന്ന വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമുണ്ടായേക്കും. ഇദ്ദേഹത്തിനു പകരം വനഭൂമിയിലെ ടൂറിസം വികസനത്തിന് പ്രാധാന്യം കൊടുത്തതിനു പേരുകേട്ട ഒരു വനിതാ ഡിഎഫ്ഒയെ നിയമിക്കുമെന്നാണു വിവരം.

ബിനോയ് വിശ്വം വനംമന്ത്രിയായിരുന്ന സമയത്താണ് കുറിഞ്ഞിമല സാങ്ച്വറി വിഭാവനം ചെയ്തത്. നിലവിലെ നോട്ടിഫിക്കേഷന്‍ പ്രകാരം കൊട്ടക്കാമ്പൂര്‍ വില്ലേജിലെ അമ്പത്തിയെട്ടാം ബ്ലോക്കിലെ നാനൂറേക്കറോളം സ്ഥലം കുറിഞ്ഞിമല സാങ്ച്വറിയുടെ ഭാഗമാകും. ഈ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് കൊട്ടക്കാമ്പൂരിലെ ജോയ്‌സ് ജോര്‍ജിന്റെ ഭൂമി ഉള്‍പ്പെടുന്ന സ്ഥലം. എന്നാല്‍ അതിരുകള്‍ നിര്‍ണയിച്ച് നല്‍കിയ വനംവകുപ്പിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ എത്രയും വേഗം തീരുമാനമുണ്ടാകണമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഡിഎഫ്ഒ ജി പ്രസാദിന്റെ സ്ഥാനചലനത്തിന് വഴിയൊരുങ്ങുന്നത്.

ഈ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമം നടന്നപ്പോള്‍ ഉടമകള്‍ക്ക് ഡിഎഫ്ഒ നോട്ടീസ് അയച്ചിരുന്നു. കുറിഞ്ഞിമല സാങ്ച്വറിയുടെ പരിധിയില്‍ വരുന്ന ഭൂമിയാണ് ജോയ്‌സ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും കൈവശമുള്ളതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലും അദ്ദേഹം റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

വനംവകുപ്പ് റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ജോയ്‌സ് ജോര്‍ജിന് ഭൂമി നഷ്ടമാകും. ഇതോടെയാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാന്‍ നടപടി തുടങ്ങിയതെന്ന് ഒരുന്നത വനംവകുപ്പുദ്യോഗസ്ഥന്‍ നാരദാന്യൂസിനോട് പറഞ്ഞു. സ്ഥലം നഷ്ടമാകാത്ത രീതിയില്‍ അതിരുകള്‍ പുനര്‍നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഉദ്യോഗസ്ഥയെ പകരം എത്തിക്കാനാണ് പദ്ധതി.

ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ജി പ്രസാദിനെ സ്ഥലം മാറ്റാന്‍ ഇറക്കിയ ഉത്തരവ് വനംമന്ത്രി പി രാജു ഇടപെട്ട് മരവിപ്പിക്കുകയായിരുന്നു. നിലവില്‍ ഉദ്യോഗസ്ഥന് പൂര്‍ണപിന്തുണ നല്‍കുകയാണ് സിപിഐ പ്രതിനിധിയായ വനംമന്ത്രി. എന്നാല്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനെ മാറ്റാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദമുണ്ടെന്നാണ് വനംവകുപ്പുദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

കുറിഞ്ഞിമല സാങ്ച്വറി യാഥാര്‍ത്ഥ്യമായാല്‍ വട്ടവട മേഖലയിലെ റിസോര്‍ട്ടുടമകള്‍ക്കും നിലവില്‍ നിര്‍മ്മാണങ്ങള്‍ നടത്തുന്നവര്‍ക്കും ഇത് വലിയ തിരിച്ചടിയാകും. ജോയ്‌സ് ജോര്‍ജുമായി അടുത്ത ബന്ധമുള്ള അടിമാലിയിലെ ഒരു കരാറുകാരന്റെ സമ്മര്‍ദവും സ്ഥലംമാറ്റത്തിന് പിന്നിലുണ്ടെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു.

മറയൂര്‍-ഉടുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ വേഗനിയന്ത്രണത്തിനായി ഹമ്പുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഡിഎഫ്ഒയും പ്രാദേശിക സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ പരസ്യമായ തര്‍ക്കമുണ്ടായിരുന്നു. ഇതുസംബന്ധിച്ച യോഗങ്ങളിലും തര്‍ക്കം ആവര്‍ത്തിച്ചു. വിഷയത്തിലിടപെട്ട എംപി, ഡിഎഫ്ഒയെ ശകാരിക്കുകയും ചെയ്തു. സമാനമായ സംഭവങ്ങളിൽ സിപിഐഎം നേതൃത്വവുമായി അസ്വാരസ്യമുള്ള ഡിഎഫ്ഒയെ ഏതുവിധേനയും മാറ്റണമെന്ന നിലപാടിലാണ് ഇടുക്കി എംപി. കൊട്ടക്കാമ്പൂര്‍ ഭൂമി തട്ടിപ്പ് വിഷയത്തില്‍ ജോയ്‌സ് ജോര്‍ജിനെ വെള്ളപൂശി, മുഖ്യമന്ത്രി നിയമസഭയിൽ രംഗത്തുവന്ന സാഹചര്യത്തില്‍ എംപിയുടെ ആവശ്യപ്രകാരം സ്ഥലം മാറ്റവുമുണ്ടാകുമെന്ന കാര്യം ഉന്നത ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നു. അങ്ങനെയെങ്കില്‍ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിന് പിന്നാലെ സിപിഐയുടെ വകുപ്പില്‍ മുഖ്യമന്ത്രി നേരിട്ടിടപെടുന്ന മറ്റൊരു സംഭവമാകുമിത്.

വട്ടവട പഞ്ചായത്തിലെ കടവരിക്ക് തൊട്ടടുത്ത വാര്‍ഡായ കൊട്ടക്കാമ്പൂര്‍ ഈസ്റ്റിലാണ് ജോയ്സ് ജോര്‍ജിന്റെ വിവാദ ഭൂമിയുള്ളത്. സര്‍ക്കാര്‍ തമിഴ് വംശജര്‍ക്ക് അനുവിച്ച ഭൂമി ജോയ്സിന്റെ പിതാവ് പവര്‍ ഓഫ് അറ്റോര്‍ണി എഴുതി വാങ്ങുകയും പിന്നീട് ജോയ്സിന്റെയും ഭാര്യയുടെയും പേരിലേക്ക് ആക്കുകയും ചെയ്തെന്നാണ് ആരോപണം. കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് ബി കമാല്‍പാഷ വ്യക്തമാക്കുകയുണ്ടായി.

പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിലെ പ്രായപൂര്‍ത്തിയാകാത്തവരുടെ കൈവശം വരെ ഭൂമിയുണ്ടെന്ന് കാണിച്ച് അതിന് പട്ടയത്തിന് അപേക്ഷിച്ചതായാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അപേക്ഷ നല്‍കിയ കാലം നോക്കിയാല്‍ അന്ന് അഞ്ചും ആറും വയസുള്ളവരുടെ പേരിലാണ് അപേക്ഷ നല്‍കിയത്. അപേക്ഷിച്ച അന്നു തന്നെ പട്ടം അനുവദിച്ചെന്നും ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.

അതേസമയം, തനിക്കും ഭാര്യക്കും കൊട്ടക്കാമ്പൂരില്‍ എട്ടേക്കര്‍ ഭൂമിയുണ്ടെന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജോയ്സ് ജോര്‍ജ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ, ജോയ്സിന്റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്തുവീട്ടില്‍ ജോര്‍ജ്, ആറ് തമിഴ് വംശജരുടെ ഭൂമി മുക്ത്യാര്‍ വാങ്ങി ബന്ധുക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായി കലക്ടര്‍ക്ക് പരാതി ലഭിച്ചു. തുടര്‍ന്നാണ് സംഭവം വിവാദമായത്. രേഖകള്‍ പ്രകാരം 32 ഏക്കറാണ് ജോയ്‌സ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും കൈവശമുള്ളത്. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം ദേവികുളം വില്ലേജ് ഓഫീസില്‍ നിന്ന് ഇതിനിടെ കാണാതാവുകയും ചെയ്തിരുന്നു.

Read More >>