ഒളിയമ്പുകൾ കുറിക്കുകൊണ്ടു: സമ്മർദ്ദത്തെ തുടർന്ന് ചടങ്ങിൽ നിന്നും മുഖ്യമന്ത്രി പിന്മാറി; ജേക്കബ് തോമസിന്റെ പുസ്തകപ്രകാശന ചടങ്ങ് റദ്ദാക്കി‌‌

മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കാനിരുന്നത്. എന്നാൽ തനിക്ക് വരാനാവില്ലെന്നു മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ‌‌ഇതേ തുടർന്നാണ് പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിക്കാൻ ജേക്കബ് തോമസ് തീരുമാനിച്ചത്. പുസ്തകത്തിനെതിരെ എൽഡിഎഫ് നേതാക്കളിൽ നിന്നടക്കമുണ്ടായ വിമർശനങ്ങളുടെ അടിസ്ഥാനത്തിലാണ് ചടങ്ങിൽ പങ്കെടുക്കുന്നതിൽനിന്നും മുഖ്യമന്ത്രി പിന്മാറിയതെന്നാണ് സൂചന.

ഒളിയമ്പുകൾ കുറിക്കുകൊണ്ടു: സമ്മർദ്ദത്തെ തുടർന്ന് ചടങ്ങിൽ നിന്നും മുഖ്യമന്ത്രി പിന്മാറി; ജേക്കബ് തോമസിന്റെ പുസ്തകപ്രകാശന ചടങ്ങ് റദ്ദാക്കി‌‌

മുഖ്യമന്ത്രി പിണറായി വിജയൻ‌ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഡിജിപി ജേക്കബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങ് റദ്ദാക്കി. ഇന്നു വൈകീട്ട് അ‍ഞ്ചിനു പ്രകാശനം ചെയ്യാനിരുന്ന ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആത്മ​കഥയുടെ പ്രകാശനമാണ് റദ്ദാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കാനിരുന്നത്. എന്നാൽ തനിക്ക് വരാനാവില്ലെന്നു മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. ‌‌ഇതേ തുടർന്നാണ് പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിക്കാൻ ജേക്കബ് തോമസ് തീരുമാനിച്ചത്.

പ്രകാശനത്തിനു മുമ്പുതന്നെ ചർച്ചയായ പുസ്തകമാണ് സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വി എസ് അച്യുതാനന്ദൻ സർക്കാരിലെ സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന സി ദിവാകരൻ അടക്കമുള്ളവർക്കെതിരായ വിമർശനങ്ങളും ഒളിയമ്പുകളും പുസ്തകത്തിൽ ഇടംപിടിച്ചിരുന്നു.

പുസ്തകത്തിലെ വിവിധ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ എൽഡിഎഫ് നേതാക്കളിൽ നിന്നടക്കമുണ്ടായ വിമർശനങ്ങളുടെയും പല കോണുകളിൽ നിന്നുണ്ടായ സമ്മർദ്ദങ്ങളുടേയും അടിസ്ഥാനത്തിലാണ് ചടങ്ങിൽ പങ്കെടുക്കുന്നതിൽനിന്നും മുഖ്യമന്ത്രി പിന്മാറിയതെന്നാണ് സൂചന.

ഇതിനിടെ, ജേക്കബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കെ സി ജോസഫ് കത്ത് നൽകിയിരുന്നു. ജേക്കബ് തോമസ് പുസ്തകമെഴുതിയത് സർക്കാരിന്റെ അനുമതിയില്ലാതെയാണെന്നും അദ്ദേഹം ഔദ്യോ​ഗിക രഹസ്യനിയമം ലംഘിച്ചെന്നും കെ സി ജോസഫ് ആരോപിച്ചു.

തന്റെ പുസ്തകം വിപണിയിലും ഓൺലൈനിലും ലഭ്യമാണെന്ന് ജേക്കബ് തോമസ് അറിയിച്ചു.

അതേസമയം, നിയമപ്രശ്നങ്ങളുള്ളതിനാലാണ് പുസ്തക പ്രകാശന ചടങ്ങിനു പോവാതിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുസ്തക രചനയിലെ ചില നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കെ സി ജോസഫ് കത്ത് നൽകിയിരുന്നു. ഇതു പരി​ഗണിച്ച് വിഷയത്തിൽ നിയമപ്രശ്നങ്ങളുണ്ടെന്നു നിയമസെക്രട്ടറിയും അറിയിച്ചിരുന്നു.

അങ്ങനെ വരുമ്പോൾപ്പിന്നെ ചടങ്ങിൽ പങ്കെടുക്കുന്നത് ശരിയല്ലെന്നു തോന്നിയെന്നും അതുകൊണ്ടാണ് അതൊഴിവാക്കിയതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജേക്കബ് തോമസ് സപ്ലൈകോ എംഡിയായിരിക്കെ വകുപ്പില്‍ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചും അന്നത്തെ മന്ത്രിമാരെക്കുറിച്ചുമെല്ലാം പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ഇതിനെതിരെ അന്നത്തെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന സി ദിവാകരൻ എംഎൽഎ രം​ഗത്തുവന്നിരുന്നു.

തന്റെ പുസ്തകം വിറ്റു പോകാനുള്ള തന്ത്രമാണ് ഡയറക്ടര്‍ ജേക്കബ് തോമസ് നടത്തുന്നതെന്നായിരുന്നു സി ദിവാകരന്‍റെ ആരോപണം. സംസ്ഥാന മന്ത്രിയായിരുന്ന തന്നെപ്പോലുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പുസ്തകം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കുകയും അതുവഴി വിറ്റഴിക്കുകയും ചെയ്യുക എന്നുള്ള നീക്കമാണ് ജേക്കബ് തോമസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡിയായിരുന്നപ്പോള്‍ താന്‍ ശുപാര്‍ശ ചെയ്ത സിബിഐ അന്വേഷണം അന്ന് സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന സി ദിവാകരന്‍ തള്ളിക്കളഞ്ഞുവെന്നാണ് ജേക്കബ് തോമസ് തന്റെ പുസ്തകത്തിലൂടെ ആരോപിക്കുന്നത്. അതിനു പിന്നാലെ തന്നെ പ്രസ്തുത സ്ഥാനത്ത് മാറ്റിയെന്നും ജേക്കബ് തോമസ് പുസ്തകത്തിൽ പറയുന്നു. ഇതൊക്കെയാണ് ദിവാകരനെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തൽ.