'ബംഗാളില്‍ ടാറ്റയ്ക്ക് വേണ്ടി നിലകൊണ്ടവരെ ജനങ്ങള്‍ക്കറിയാം'; മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നു: സിപിഐ

അധികാരമേറ്റടുത്തതു മുതല്‍ മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുകയാണെന്നും ഇത് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നുമായിരുന്നു വിമര്‍ശനം.

ബംഗാളില്‍ ടാറ്റയ്ക്ക് വേണ്ടി നിലകൊണ്ടവരെ ജനങ്ങള്‍ക്കറിയാം; മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നു: സിപിഐ

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമര്‍ശനം. അധികാരമേറ്റെടുത്തതു മുതല്‍ മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുകയാണെന്നും ഇത് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നുമായിരുന്നു വിമര്‍ശനം.

തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് സിപിഐ. ടാറ്റയ്ക്ക് വേണ്ടി നിലകൊണ്ടത് സിപിഐ അല്ല. ബംഗാളിലെ സിംഗൂരില്‍ ടാറ്റയ്ക്ക് വേണ്ടി നിലകൊണ്ടത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം, മൂന്നാറിൽ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടുപോകുന്ന മന്ത്രി ഇ ചന്ദ്രശേഖരനെ യോഗം അഭിനന്ദിച്ചു. കയ്യേറ്റക്കാർക്കെതിരെ നിയമ നടപടികളെടുക്കുന്നതിന് മന്ത്രിക്ക് പിന്തുണ നൽകുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.