കൈയേറ്റത്തിനെതിരായ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി; സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടില്ലെന്ന് റവന്യൂ മന്ത്രി; സഭയിൽ നിന്നും പ്രതിപക്ഷം വാക്കൗട്ട് നടത്തി

മൂന്നാർ വിഷയത്തിൽ അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തി. മൂന്നാർ ഒഴിപ്പിക്കലിൽ സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വലിയ മത്സ്യത്തെ കണ്ടാൽ കണ്ണടയ്ക്കുന്ന കൊക്കിനെ പോലെയാണ് റവന്യു മന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. റവന്യു മന്ത്രിയുടെ പ്രവർത്തനങ്ങൾക്കു മുഖ്യമന്ത്രി വിലങ്ങുതടിയാവുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കൈയേറ്റത്തിനെതിരായ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി; സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടില്ലെന്ന് റവന്യൂ മന്ത്രി; സഭയിൽ നിന്നും പ്രതിപക്ഷം വാക്കൗട്ട് നടത്തി

മൂന്നാറിൽ ഒരു തരത്തിലുള്ള കൈയേറ്റവും അനുവദിക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനി കൈയേറാൻ തോന്നാത്ത വിധമുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മൂന്നാറിലെ കൈയേറ്റ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

പട്ടയവിതരണം തടയലാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരു കൈയേറ്റവും നടന്നിട്ടില്ലെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി എല്ലാത്തരം കൈയേറ്റവും ഒഴിപ്പിക്കലാണ് സർക്കാർ നയമെന്നും വ്യക്തമാക്കി.

മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കൽ നടപടികൾ തുടരുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. സർക്കാരിനു കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടില്ല. കൂട്ടുത്തരവാദിത്വത്തിന് ഒരു കോട്ടവു തട്ടിയിട്ടില്ല. മുഖ്യമന്ത്രിക്ക് ഏതു വകുപ്പിലും ഇടപെടാം. സർവ്വകക്ഷിയോ​ഗത്തിനു ശേഷം മൂന്നാറിലെ ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണെന്നും മന്ത്രി അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകി.

അതേസമയം, മൂന്നാർ വിഷയത്തിൽ അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തി. മൂന്നാർ ഒഴിപ്പിക്കലിൽ സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വലിയ മത്സ്യത്തെ കണ്ടാൽ കണ്ണടയ്ക്കുന്ന കൊക്കിനെ പോലെയാണ് റവന്യു മന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. റവന്യു മന്ത്രിയുടെ പ്രവർത്തനങ്ങൾക്കു മുഖ്യമന്ത്രി വിലങ്ങുതടിയാവുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

മൂന്നാറിലെ കൈയേറ്റക്കാർ സിപിഐഎമ്മുകാരാണെന്നു പറഞ്ഞ ചെന്നിത്തല ഇവരെ ഒഴിപ്പിക്കാൻ റവന്യൂമന്ത്രിക്കു ധൈര്യമുണ്ടോയെന്നും ചോദിച്ചു. മൂന്നാറിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ച് സഭയിൽ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി ടി തോമസ് എംഎല്‍എയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്.

ഇടുക്കി എം പി ജോയ്സ് ജോർജ് അടക്കമുള്ളവരുടെ കൈയേറ്റങ്ങൾക്കു സാധുത നൽകാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പി ടി തോമസ് ആരോപിച്ചു. ഏലമലക്കാടുകളിൽ മരങ്ങളുടെ ശിഖരവും നീലക്കുറിഞ്ഞി സംരക്ഷണമേഖലയിൽ മരങ്ങളും മുറിക്കൻ അനുമതി നൽകാൻ മാർച്ച് 27ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ തീരുമാനിച്ചെന്നും പി ടി തോമസ് മിനിട്സ് സഹിതം ഉദ്ധരിച്ച് കുറ്റപ്പെട്ടുത്തി.