കൊലയാളി ​ഗെയിമായ ബ്ലൂവെയിൽ നിരോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കുട്ടികളെ ലക്ഷ്യം വച്ചുള്ള ഈ ​ഗെയിം ഇന്ത്യയിൽ പലയിടത്തും ജീവനുകൾ അപഹരിച്ചുകഴിഞ്ഞു. ​ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.

കൊലയാളി ​ഗെയിമായ ബ്ലൂവെയിൽ നിരോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

രാജ്യത്ത് ഒന്നാകെ കൗമാരക്കാരിൽ ഭീതിജനകമാം വിധം പടർപിടിച്ചിരിക്കുന്ന കൊലയാളി ​ഗെയിമായ ബ്ലൂവെയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ബ്ലൂവെയിൽ ​ഗെയിം വ്യാപിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

കുട്ടികളെ ലക്ഷ്യം വച്ചുള്ള ഈ ​ഗെയിം ഇന്ത്യയിൽ പലയിടത്തും ജീവനുകൾ അപഹരിച്ചുകഴിഞ്ഞു. ​ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രിക്ക് അയച്ച കത്ത് മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ബ്ലൂവെയിൽ ​ഗെയിമിന്റെ പ്രത്യാ​ഘാതങ്ങളെ കുറിച്ച് സൈബർ പൊലീസിന്റെ നേതൃത്വത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ബോധവൽക്കരണം നൽകാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ സംസ്ഥാന സർക്കാരിന് ചെയ്യാവുന്നതിൽ പരിധിയുണ്ടെന്നും എന്നാൽ ബന്ധപ്പെട്ട കേന്ദ്ര സർക്കാർ മന്ത്രാലയങ്ങൾ ഇത് നിരോധിക്കുക മാത്രമാണ് ഏക പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി.

അനിയന്ത്രിതമാം വിധം പടർന്നുപന്തലിക്കുന്നതിനു മുമ്പുതന്നെ ഇത് നിരോധിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നും കുട്ടികളുടെ ജീവൻ രക്ഷിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ വിശദമാക്കുന്നു.

Read More >>