അതിക്രമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി: പൊലീസ് നടത്തിയത് കൃത്യനിർവഹണം മാത്രം; ജിഷ്ണുവിന്റെ അമ്മയെ കാണാൻ പോകില്ല

പൊലീസ് നടത്തിയത് കൃത്യനിർവഹണം മാത്രമാണെന്നായിരുന്നു പിണറായിയുടെ പ്രതികരണം. ജിഷ്ണുവിന്റെ അമ്മയ്ക്കു കുടുംബത്തിനും നേർക്കുള്ള പൊലീസ് അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് സംഭവത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി രം​ഗത്തെത്തിയത്. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരായ അതിക്രമത്തെക്കുറിച്ച് ഐജി അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് കിട്ടിയതിനുശേഷം നടപടിയെടുക്കും. ജിഷ്ണുവിന്റെ അമ്മയെ കാണാൻ പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിക്രമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി: പൊലീസ് നടത്തിയത് കൃത്യനിർവഹണം മാത്രം; ജിഷ്ണുവിന്റെ അമ്മയെ കാണാൻ പോകില്ല

ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനും നേരെയുള്ള അതിക്രമത്തിൽ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് നടത്തിയത് കൃത്യനിർവഹണം മാത്രമാണെന്നായിരുന്നു പിണറായിയുടെ പ്രതികരണം. ജിഷ്ണുവിന്റെ അമ്മയെ കാണാൻ ഡിജിപി സന്നദ്ധനായിരുന്നു. ബന്ധുക്കൾ മാത്രമല്ല സമരത്തിനെത്തിയത്. തോക്കുസ്വാമി അടക്കമുള്ളവരാണ് ഒപ്പമുണ്ടായിരുന്നതെന്നാണ് അറിയുന്നത്. പുറത്തുനിന്നുള്ളവർ സമരസ്ഥലത്തേക്ക് ഇരച്ചുകയറി. ഇവരെയാണ് പൊലീസ് തടയാൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരായ അതിക്രമത്തെക്കുറിച്ച് ഐജി അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് കിട്ടിയതിനുശേഷം നടപടിയെടുക്കും. ജിഷ്ണുവിന്റെ അമ്മയെ കാണാൻ പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരുവനന്തപുരം കരകുളത്ത് യുവമോർച്ച കരിങ്കൊടി കാട്ടി. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

അതേസമയം, സംഭവത്തില്‍ ഡിജിപിയെ മാറ്റേണ്ട ആവശ്യം വരുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ഡിജിപിക്കെതിരെ നടപടിയുടെ ആവശ്യവുമില്ല. പൊലീസിനു വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തുക തന്നെ ചെയ്യും. തിരുത്താനുള്ള ശേഷി പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും കുടുംബത്തിനും നേരെയുണ്ടായ പൊലീസ് നടപടിയെക്കുറിച്ച് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി.

പാമ്പാടി നെഹ്രു കോളജേിലെ വിദ്യാര്‍ഥിയായ ജിഷ്ണു ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ 80 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് മഹിജയും ബന്ധുക്കളും ഡിജിപി ഓഫീസിലിന് സമരം നടത്തിയത്. അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന കാരണമുണ്ടാക്കിയാണ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരെ പൊലീസ് അതിക്രമം കാട്ടിയത്. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കിയത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ വീണ്ടും പ്രതിഷേധവുമായി ഡിജിപി ഓഫിസിനു മുമ്പില്‍ എത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.