കുരിശ് പൊളിച്ചതിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി: കളക്ടർക്കു ശാസന; നിലപാട് കൈയേറ്റമൊഴിപ്പിക്കലിനു തടസ്സമാവുമോയെന്ന് ആശങ്ക

കുരിശ് പൊളിച്ചുമാറ്റേണ്ടിയിരുന്നില്ലെന്നും ഭൂമി ഏറ്റെടുത്താല്‍ മതിയായിരുന്നെന്നുമാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. വന്‍കിടക്കാരെ ലക്ഷ്യമിട്ട് ദൗത്യസംഘം നീങ്ങുമ്പോഴാണ് സംഭവത്തിൽ എതിർപ്പുമായി മുഖ്യമന്ത്രി തന്നെ രം​ഗത്തെത്തുന്നത്. കുടിയേറ്റം ഒഴിപ്പിക്കൽ നടപടിക്കെതിരെ മന്ത്രി എം എം മണി, ദേവികുളം എംഎൽഎ ശശീന്ദ്രൻ അടക്കമുള്ളവർ ആദ്യമേ തന്നെ രം​ഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രി തന്നെ അതൃപ്തി അറിയിച്ചിരിക്കുന്നതെന്നാണ് ശ്രദ്ധേയം. ഈ സാഹചര്യത്തിൽ സബ് കളക്ടർക്കും സംഘത്തിനും ദൗത്യം എത്രത്തോളം വിജയകരമായി മുന്നോട്ടുകൊണ്ടുപോവാൻ ആകുമെന്നാണ് രാഷ്ട്രീയ കേരളത്തിന്റെ ആശങ്ക.

കുരിശ് പൊളിച്ചതിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി: കളക്ടർക്കു ശാസന; നിലപാട് കൈയേറ്റമൊഴിപ്പിക്കലിനു തടസ്സമാവുമോയെന്ന് ആശങ്ക

മൂന്നാർ കൈയേറ്റമൊഴിപ്പിക്കലിന്റെ ഭാ​ഗമായി സൂര്യനെല്ലി പാപ്പാത്തി ചോലയില്‍ കുരിശ് പൊളിച്ചുമാറ്റിയ സംഭവത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടറെ വിളിച്ച് മുഖ്യമന്ത്രി ശാസിച്ചു. കുരിശ് പൊളിച്ചുമാറ്റേണ്ടിയിരുന്നില്ലെന്നും ഭൂമി ഏറ്റെടുത്താല്‍ മതിയായിരുന്നെന്നുമാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. വന്‍കിടക്കാരെ ലക്ഷ്യമിട്ട് ദൗത്യസംഘം നീങ്ങുമ്പോഴാണ് സംഭവത്തിൽ എതിർപ്പുമായി മുഖ്യമന്ത്രി തന്നെ രം​ഗത്തെത്തുന്നത്.

ഇനി സര്‍ക്കാര്‍ ഭൂമിയാണെന്നുറപ്പുണ്ടെങ്കില്‍ തന്നെ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയായിരുന്നു. കുരിശ് പൊളിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ റവന്യൂസംഘം കൂടുതല്‍ ജാഗ്രത കാട്ടണമായിരുന്നു. സര്‍ക്കാര്‍ ഭൂമിയിലുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയാണ് സര്‍ക്കാര്‍ നിലപാട്. കൈയേറ്റങ്ങളിലെ നിര്‍മാണങ്ങള്‍ പൊളിക്കേണ്ടതില്ലെന്നും ഏറ്റെടുത്താല്‍ മതിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടുക്കി ജില്ലാ കളക്ടര്‍ ആര്‍ എസ് ഗോകുലിന് നിര്‍ദ്ദേശം നല്‍കി.

ഇന്നു രാവിലെയാണ് പാപ്പാത്തി ചോലയിലെ കൈയേറ്റ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന ഭീമന്‍കുരിശ് റവന്യൂസംഘം പൊളിച്ചുനീക്കിയത്. ആദ്യം ചുറ്റിക ഉപയോ​ഗിച്ച് പൊളിച്ചും പിന്നീട് ട്രാക്ടറെത്തിച്ച് ഡ്രില്ല് ചെയ്യുകയും ചെയ്ത ശേഷം ജെസിബി എത്തിച്ച് കുരിശ് ഇടിച്ചുതാഴെയിടുകയായിരുന്നു. കുരിശിനു സമീപമുള്ള താത്കാലിക ഷെഡ് സംഘം പൊളിച്ച് തീയിടുകയും ചെയ്തു.

തൃശ്ശൂര്‍ കേന്ദ്രമായുള്ള സ്പിരിറ്റ് ഇന്‍ ജീസസ് എന്ന ക്രിസ്ത്യന്‍ സംഘടനയുടേതാണ് പൊളിച്ചുമാറ്റപ്പെട്ട കുരിശ്. ബ്രദര്‍ ടോം സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘടനയാണിത്. കുരിശ് സ്ഥാപിച്ചിരുന്ന ചിന്നക്കനാല്‍ വില്ലേജിലെ 34/1 എന്ന സര്‍വ്വേ നമ്പറില്‍ രണ്ടായിരത്തോളം ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ കുരിശിന് സമീപത്തെ നൂറുകണക്കിന് ഏക്കര്‍, സ്പിരിറ്റ് ഇന്‍ ജീസസ് കൈയേറിയിട്ടുണ്ടെന്ന് ഉടുമ്പന്‍ചോല ഡെപ്യൂട്ടി തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

വിഎസ് ഭരണകാലത്ത് സമാനമായ രീതിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും, ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് സംഘത്തിനും സര്‍ക്കാരിനും പിന്തിരിയേണ്ടിവന്നിരുന്നു. നിലവിലെ കുടിയേറ്റം ഒഴിപ്പിക്കൽ നടപടിക്കെതിരെ മന്ത്രി എം എം മണി, ദേവികുളം എംഎൽഎ ശശീന്ദ്രൻ അടക്കമുള്ളവർ ആദ്യമേ തന്നെ രം​ഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രി തന്നെ അതൃപ്തി അറിയിച്ചിരിക്കുന്നതെന്നാണ് ശ്രദ്ധേയം. ഈ സാഹചര്യത്തിൽ സബ് കളക്ടർക്കും സംഘത്തിനും ദൗത്യം എത്രത്തോളം വിജയകരമായി മുന്നോട്ടുകൊണ്ടുപോവാൻ ആകുമെന്നാണ് രാഷ്ട്രീയ കേരളത്തിന്റെ ആശങ്ക.