എത്ര ഉപദേശകരുണ്ട് ? എണ്ണത്തിൽ മുഖ്യമന്ത്രിക്കു തന്നെ കൺഫ്യൂഷൻ; ആറെന്നും എട്ടെന്നും ഉത്തരം

ടി വി ഇബ്രാഹീമിനും പാറയ്ക്കൽ അബ്ദുല്ലയ്ക്കുമാണ്, തനിക്ക് ആറ് ഉപദേശകരുണ്ടെന്നും അവർ ആരെല്ലാമാണെന്നും മുഖ്യമന്ത്രി മറുപടി നൽകിയത്. കഴിഞ്ഞമാസം 25നായിരുന്നു ഇത്. എന്നാൽ അതേ ദിവസം തന്നെ എം വിൻസന്റ് ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ എട്ട് ഉപദേശകരുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരം.

എത്ര ഉപദേശകരുണ്ട് ? എണ്ണത്തിൽ മുഖ്യമന്ത്രിക്കു തന്നെ കൺഫ്യൂഷൻ; ആറെന്നും എട്ടെന്നും ഉത്തരം

എത്ര ഉപദേശകരുണ്ടെന്ന ചോദ്യത്തിന് നിയമസഭയിൽ വൈരുദ്ധ്യപരമായ ഉത്തരങ്ങൾ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടം​ഗങ്ങളോട് ആറെന്ന് ഉത്തരം നൽകിയപ്പോൾ മറ്റൊരു അം​ഗത്തോട് എട്ടെന്നായിരുന്നു മറുപടി. ഒരേ ദിവസം തന്നെ മൂന്ന് എംഎൽഎമാർ ഉന്നയിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രി വ്യത്യസ്ത മറുപടികൾ നൽകിയത്.

ടി വി ഇബ്രാഹീമിനും പാറയ്ക്കൽ അബ്ദുല്ലയ്ക്കുമാണ്, തനിക്ക് ആറ് ഉപദേശകരുണ്ടെന്നും അവർ ആരെല്ലാമാണെന്നും മുഖ്യമന്ത്രി മറുപടി നൽകിയത്. കഴിഞ്ഞമാസം 25നായിരുന്നു ഇത്. എന്നാൽ അതേ ദിവസം തന്നെ എം വിൻസന്റ് ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ എട്ട് ഉപദേശകരുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരം.

ആഭ്യന്തരവകുപ്പ് ഉപദേഷ്ടാവ്- രമൺ ശ്രീവാസ്തവ, ശാസ്ത്രം- എം ജയചന്ദ്രൻ, സാമ്പത്തികം- ​ഗീതാ ​ഗോപിനാഥ്, നിയമം- ഡോ. എൻ കെ ജയകുമാർ, മീഡിയ- ജോൺ ബ്രിട്ടാസ്, പ്രസ്- പ്രഭാകര വർമ എന്നിവരാണ് ടി വി ഇബ്രാഹീമിനു നൽകിയ മറുപടിയിലെ ഉപദേശകർ.

എന്നാൽ എം വിൻസന്റിനു നൽകിയ മറുപടിയിൽ വികസന ഉപദേഷ്ടാവ് ഉണ്ടെന്നും അദ്ദേഹത്തിന് 92,922 രൂപ ശമ്പളം നല്‍കുന്നുണ്ടെന്നും പറയുന്നു. അതേസമയം, വികസന ഉപദേഷ്ടാവിനെ നിയമിച്ചിട്ടില്ലെന്നാണ് പാറയ്ക്കൽ അബ്ദുല്ലയ്ക്കു നൽകിയ മറുപടി.

ഇവിടംകൊണ്ടും തീർന്നില്ല, ഇവരിൽ പ്രതിഫലം കൂടാതെ സേവനമനുഷ്ടിക്കുന്നവരുടെ എണ്ണം പറയുന്നതിലും വൈരുദ്ധ്യമുണ്ട്. പാറയ്ക്കൽ അബ്ദുല്ലയോട് നാലുപേർ പ്രതിഫലം പറ്റാതെ സേവനമനുഷ്ടിക്കുന്നു എന്നു പറഞ്ഞ മുഖ്യമന്ത്രി, എം വിൻസെന്റിനു നൽകിയ മറുപടിയിൽ ഇത് അഞ്ചു പേരാണെന്നാണ് പറയുന്നത്.

പ്രസ് ഉപദേഷ്ടാവ് പ്രഭാകര വർമയെ 93,000- 1,20,000 എന്ന ശമ്പള സ്കെയിലിലാണ് നിയമിച്ചിരിക്കുന്നതെന്നു പാറയ്ക്കൽ അബ്ദുല്ലയ്ക്കു മറുപടി നൽകുമ്പോൾ 1,04870 രൂപയാണെന്നാണ് എം വിൻസെന്റിനുള്ള ഉത്തരം. ഇത്തരത്തിൽ ഉപദേഷ്ടാക്കളുടെ എണ്ണവും ശമ്പളവും സംബന്ധിച്ച് ​ഗുരുതരമായ അബദ്ധങ്ങളാണ് മുഖ്യമന്ത്രി നിയമസഭയിൽ എഴുന്നള്ളിച്ചത്.

അതേസമയം, ഉപദേഷ്ടാക്കളുടെ എണ്ണത്തിലുള്ള മുഖ്യമന്ത്രിയുടെ മറുപടിയിലെ വൈരുദ്ധ്യം സഭയിൽ വി ഡി സതീശന്‍ ക്രമപ്രശ്‌നമായി ഉന്നയിച്ചു. ക്രമപ്രശ്‌നമല്ല, അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കണമെന്നും പരിശോധിച്ച് നടപടിയെടുക്കാമെന്നും സ്പീക്കര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട 113 ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇക്കൂട്ടത്തിൽപ്പെട്ടതാണ് ഈ മൂന്നു മറുപടികളും. മുഖ്യമന്ത്രിയുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് ഇനി 65 ചോദ്യങ്ങള്‍ക്കുകൂടി മറുപടി കിട്ടാനുണ്ട്.