'ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകം': പിന്നിൽ ഇകെ സമസ്ത ജില്ലാ നേതാവും കൂട്ടാളികളുമെന്ന് കുടുംബം

മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാനുള്ള നീക്കമാണ് മുമ്പ് പൊലീസ് നടത്തിയതും ഇപ്പോൾ സിബിഐ നടത്തുന്നതെന്നും ഇവർ പറയുന്നു. എന്നാൽ കൊലപാതകമാണെന്നതിനുള്ള കൃത്യമായ തെളിവുകൾ മുന്നോട്ടുവച്ചാണ് ഇത് ആത്മഹത്യയാണെന്ന വാദത്തെ ബന്ധുക്കൾ ഖണ്ഡിക്കുന്നത്

ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകം: പിന്നിൽ ഇകെ സമസ്ത ജില്ലാ നേതാവും കൂട്ടാളികളുമെന്ന് കുടുംബം

കോളിളക്കം സൃഷ്ടിച്ച, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇകെ വിഭാ​ഗം) കേന്ദ്ര വൈസ് പ്രസിഡന്റായിരുന്ന സി എം അബ്ദുല്ല മൗലവിയെന്ന ചെമ്പരിക്ക ഖാസിയുടെ (76) മരണം കൊലപാതകമാണെന്നും ഇതിനു പിന്നിൽ സമസ്തയുടെ ജില്ലാ നേതാക്കളാണെന്നും ബന്ധുക്കൾ. മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാനുള്ള നീക്കമാണ് മുമ്പ് പൊലീസ് നടത്തിയതും ഇപ്പോൾ സിബിഐ നടത്തുന്നതെന്നും ഇവർ പറയുന്നു. എന്നാൽ കൊലപാതകമാണെന്നതിനുള്ള കൃത്യമായ തെളിവുകൾ മുന്നോട്ടുവച്ചാണ് ഇത് ആത്മഹത്യയാണെന്ന വാദത്തെ ബന്ധുക്കൾ ഖണ്ഡിക്കുന്നത്. ഒമ്പതു വർഷം മുമ്പ് 2010 ഫെബ്രുവരി 15നാണ് ഖാസി കൊല്ലപ്പെടുന്നത്. മരണത്തിൽ ദുരൂഹതയുണ്ടായിട്ടും ഇതുവരെ അദ്ദേഹം പ്രതിനിധീകരിച്ച സംഘടന നീതിയാവശ്യപ്പെട്ട് ഒരു സമരവുമായി പോലും മുന്നോട്ടുവന്നിട്ടില്ലെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.

മുമ്പ് സമസ്തയുടെ ജില്ലാ സെക്രട്ടറിയും ഇപ്പോൾ കേന്ദ്ര മുശാവറ അം​ഗവുമായ യു എം അബ്ദുർറഹ്മാൻ മുസ്ലിയാരും ചില സമ്പന്നരും ഖാസിയുടെ മരുമകനുമാണ് കൊലപാതകത്തിനു പിന്നിലെന്ന് അദ്ദേഹത്തിന്റെ കൊച്ചുമകൻ റാഷിദ് നാരദാ ന്യൂസിനോടു പറഞ്ഞു. '2010 ഫെബ്രുവരി 15ന് രാവിലെ 6.45നാണ് ചെമ്പരിക്കയിലെ കടലിൽ സി എം അബ്ദുല്ല മൗലവിയുടെ മൃതദേഹം മുക്കുവർ കാണുന്നത്. ആദ്യം ആളെ മനസ്സിലായില്ലെങ്കിലും പിന്നീട് മൃതദേഹം കരയ്ക്കു കൊണ്ടുവന്നപ്പോഴാണ് അത് ചെമ്പരിക്ക ഖാസിയാണെന്ന് നാട്ടുകാർ അറിയുന്നത്. അതോടെ എല്ലാവരും ഞെട്ടി. പിന്നീട് മൃതദേഹം വീട്ടിലേക്കു മാറ്റുമ്പോൾ വീട് പുറത്തുനിന്ന് താഴിട്ടു പൂട്ടിയ നിലയിലായിരുന്നു. ഈ സമയം, ഭാര്യയും മകന്റെ ഭാര്യയും അവരുടെ ചെറിയ കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് ലോക്കൽ പൊലീസ് വീട്ടിലെത്തി പൂട്ടുപൊളിച്ചു. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടായിട്ടും ഡോ​ഗ് സ്ക്വാഡ് ഇവർക്കൊപ്പം ഉണ്ടായിരുന്നില്ല. വിരലടയാള വി​ദ​ഗ്ധർ വൈകിയാണ് വന്നത്. ഇതിനിടെ ഹബീബ് റഹ്മാൻ എന്ന ഡിവൈെസ്പി വീട്ടിലെത്തുകയും ഖാസിയുടെ മുറിക്കകത്തേക്ക് ഓടിക്കയറുകയും ചെയ്തു. അവിടെ നിന്ന് ഒരു കടലാസ് എടുത്ത ശേഷം എനിക്കു കിട്ടേണ്ടത് കിട്ടി എന്ന് ഇയാൾ പറഞ്ഞു. ഇത് ഖാസി എഴുതിയ ബുർദാ വിവർത്തനത്തിന്റെ ഒരു ഭാ​ഗമായിരുന്നു. (ഇതാണ് ആത്മഹത്യാക്കുറിപ്പ് എന്നായിരുന്നു ഡിവൈഎസ്പിയടക്കമുള്ള പൊലീസുകാർ ആദ്യം പറഞ്ഞത്. എന്നാൽ വിവാദമായപ്പോൾ ഈ വാദം ഉപേക്ഷിക്കുകയായിരുന്നു)'.

'പല മാധ്യമപ്രവർത്തകരും പുറത്തുണ്ടായിട്ടും അതിൽ കാഞ്ഞങ്ങാടുള്ള ഒരു പ്രാദേശിക പത്രത്തിന്റെ ആളെ മാത്രം വിളിച്ച് അദ്ദേഹം ആ കുറിപ്പ് കാണിച്ചു. ഇതോടെ മരണം ആത്മഹത്യയാണെന്ന രീതിയിൽ വാർത്ത പരന്നു. പാതിരാത്രി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി പാറക്കെട്ടുകൾക്കു മുകളിലൂടെ നടന്ന് പാറയുടെ മുകളിൽ ചെരുപ്പും വടിയും വച്ച ശേഷം കടലിൽ ചാടി ആത്മഹത്യ ചെയ്തു എന്നായിരുന്നു പൊലീസ് വാദം. വീട്ടിൽ നിന്നും 300-400 മീറ്റർ അപ്പുറത്താണ് ഈ സ്ഥലം. 76കാരനായ സി എം മൗലവിക്ക് പരസഹായമില്ലാതെ അർധരാത്രി ഇത്രയും ദൂരം നടക്കാനും അവിടെ നിന്ന് ഏറെ ദുർ​​ഘടമായ പാറക്കെട്ട് ചാടിക്കടക്കടന്ന് ഈ പറയപ്പെടുന്ന സ്ഥലത്ത് എത്തലും സാധ്യമല്ല. അങ്ങനെയിരിക്കെയാണ്, അവിടംവരെ തനിയെ പോയി വടിയും ചെരിപ്പും പാറയിൽ വച്ചിട്ട് അദ്ദേഹം കടലിൽ ചാടി ആത്മഹത്യ ചെയ്തെന്ന അന്വേഷണ സംഘങ്ങളുടെ വിചിത്ര വാദം. ഖാസി കൊല്ലപ്പെട്ട് 18 ദിവസങ്ങൾക്കു ശേഷമാണ് പൊലീസ് മൊഴിയെടുക്കാൻ വീട്ടിലെത്തുന്നത്. ഇതും സംശയം ബലപ്പെടുത്തുന്നു. കുടുംബക്കാർക്ക് വിഷമം ഉണ്ടാവുന്നതിനാലാണ് അതുവരെ വരാതിരുന്നതെന്നായിരുന്നു അവരുടെ മുടന്തൻന്യായം'.സി എം അബ്ദുല്ല മൗലവിയുടെ മരണം ആത്മഹത്യയല്ല എന്ന് ഉറച്ചു വിശ്വസിക്കാനായി കുടുംബം പറയുന്ന കാരണങ്ങൾ:


1. നീന്തൽ അറിയുന്ന ഒരാൾ വെള്ളത്തിൽ ചാടി ആത്മഹത്യ ചെയ്യുക എന്ന വാദം ബാലിശമാണ്.
2. പരസഹായമില്ലാതെ സി എം ഉസ്താദിന് അർധരാത്രി 300 മീറ്റർ നടക്കാനും അവിടെ നിന്ന് ഏറെ ദുർ​​ഘടമായ പാറക്കെട്ട് ചാടിക്കടക്കടന്ന് പറയപ്പെടുന്ന സ്ഥലത്ത് എത്തലും സാധ്യമല്ല. അങ്ങനെ പോയി വടിയും ചെരിപ്പും പാറയിൽ വച്ചിട്ട് കടലിൽ ചാടി ആത്മഹത്യ ചെയ്തെന്നാണ് അന്വേഷണ സംഘങ്ങളുടെ വാദം.

3. ആറു മാസം മുമ്പ് മേജർ ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു അദ്ദേഹം. ഈ സ്ഥിതിക്ക് 76 വയസ്സായ മൗലവിക്ക് പരസഹായമില്ലാതെ നടക്കാൻ കഴിയില്ല.
4. കണ്ണടയും തലപ്പാവും അടിവസ്ത്രവും ധരിക്കാതെ അദ്ദേഹം പുറത്തിറങ്ങാറില്ല. അവ രണ്ടും റൂമിലാണ് കണ്ടെത്തിയത്.
5. ആത്മഹത്യ വാദത്തിനായി സിബിഐ പറയുന്ന കാരണം കരളിൽ ഏറ്റ ഒരു മാരകമായ രോഗമാണ്. അതേസമയം ഇതു വരെ പെയിൻ കില്ലറുകൾ ഉപയോഗിച്ചതായി സിബിഎ ഒരിടത്തും പറയുന്നില്ല.
6. പാറക്കെട്ടുകൾ ഉള്ള കടലിലേക്ക് ചാടിയതാണങ്കിൽ തലയ്ക്കോ, മുൻഭാഗത്തോ അല്ലെങ്കിൽ പിൻഭാഗത്ത് നട്ടെല്ലിനോ ചതവ് പറ്റേണ്ടതായിരുന്നു. പക്ഷെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത്തരം യാതൊരു ചതവും കണ്ടെത്തിയില്ല.
7. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് കഴുത്തെല്ല് പൊട്ടിയിട്ടുണ്ട് പാറക്കെട്ടുകളുള്ള കടലിലേക്ക് ചാടിമ്പോൾ പിന്നിലെ കഴുത്തെല്ലിന് പൊട്ടാൻ സാധ്യത ഇല്ല.
8. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് ദേഹത്തിന്റെ അകത്താണ് പരിക്ക്. പുറത്ത് പരിക്കില്ല.
9. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയ കണ്ണിന്റെ രണ്ട് വഷത്തെയും മുറിവുകൾ, കടലിൽ ചാടി ആത്മഹത്യ ചെയ്യുന്ന ഒരാൾക്ക് ഉണ്ടാവാൻ സാധ്യതയില്ല. അതും രക്തം കട്ട കെട്ടിയ രൂപത്തിലുള്ള പരിക്ക്.
10. കഴുത്തിനുള്ള പരിക്ക് അകത്തെ എല്ല് പെട്ടിയതാണ്. ഇത് ചാടുമ്പോൾ പൊട്ടിയത് ആണെന്നാണ് സിബിഐ വാദം. എന്നാൽ അങ്ങനെയാണെങ്കിൽ തലയുൾപ്പെടെയുള്ള ഭാ​ഗങ്ങളിലും പരിക്കുകൾ ഉണ്ടാവേണ്ടതാണ്.
11. പാറയിൽ കാണപ്പെട്ട ചെരുപ്പ്, വടി, ടോർച്ച് വളരെ ഭദ്രമായി അടക്കി വെച്ചതായിട്ടാണ് കാണപ്പെട്ടത് (കൊണ്ടുവെച്ചത് പോലെ)
ആത്മഹത്യ ചെയ്യാൻ പോകുന്ന ഒരു വ്യക്തി അങ്ങനെ ഭദ്രമായി അടുക്കി വെക്കാനുള്ള സാധ്യത ഇല്ല.
12.ആത്മഹത്യ ഹറാം (നിശിദ്ധം) എന്ന് വിശ്വസിക്കുകയും അത് മറ്റുള്ളവർക്ക് പഠിപ്പിച്ച് കൊടുക്കുകയും ചെയ്ത മത പണ്ഡിതൻ ഇത് ചെയ്യില്ല.
13. മാത്രമല്ല, ഖാസിയുടെ വസ്ത്രത്തിലുണ്ടായിരുന്നത് കടൽക്കരയിലെ വലിയ മണ്ണാണ്. കടലിൽ ചാടി ആത്മഹത്യ ചെയ്തതാണെങ്കിൽ ഈ മണ്ണല്ല, കടലിനടിയിലെ ചെറിയ മണൽത്തരകിളാണ് പറ്റേണ്ടത്.
14. പാതിരാത്രി ഈ ബീച്ചിലൂടെ രാത്രി രണ്ടു മൂന്നു മണിയോടെ ഒരു വെള്ള കാർ കടന്നുപോയതായി ദൃക്സാക്ഷിയുണ്ട്. ഇക്കാര്യം സിബിഐ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ അന്വേഷണം നടത്തിയിട്ടില്ല.
15. ഈ സമയം കടൽക്കരയിൽ നിന്നും ഒരാളുടെ അലർച്ച കേട്ടതായി അടുത്തുള്ള ഒരു സ്ത്രീ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യവും സിബിഐ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ തുടരന്വേഷണം നടത്തിയിട്ടില്ല.

'മരണപ്പെട്ടത് സമസ്തയുടെ ദേശീയ വൈസ് പ്രസിഡന്റായതിനാൽ സംഘടന നേരിട്ട് ഏറ്റെടുക്കേണ്ട കേസാണ്. അവർ ഏറ്റെടുത്തില്ലെന്നു മാത്രമല്ല, അദ്ദേഹത്തി‍ന്റെ മക്കളെ കോഴിക്കോട്ടു നടന്ന ഉന്നത തല മീറ്റിങ്ങിലേക്കു വിളിക്കുന്നത് ഒരു മാസത്തിനു ശേഷം മാർച്ച് എട്ടിനാണെന്നും കൊച്ചുമകൻ വ്യക്തമാക്കി. അതുവരെ ഒരു അനക്കവും അവരുടെ ഭാ​ഗത്തുനിന്നുണ്ടായില്ല. 40 നേതാക്കൾ പങ്കെടുക്കുന്ന മീറ്റിങ്ങിലേക്കാണ് മകൻ പോയത്. തുടർന്ന്, എന്തുകൊണ്ടാണ് സംഘടന ഈ ദുരൂഹ മരണത്തിൽ ഇടപെടാത്തത് എന്ന് മകൻ ചോദിച്ചപ്പോൾ മരിച്ചുപോയ കോട്ടുമല ബാപ്പു മുസ്ലിയാർ പറഞ്ഞത് ഇപ്രകാരമാണ്- ഞങ്ങൾ ഇടപെടാൻ നിന്നപ്പോഴൊക്കെ നിങ്ങളുടെ ഭാ​ഗത്തുനിന്നുള്ള രണ്ടു പേർ പറഞ്ഞത് ഇതിൽ ഇടപെടേണ്ട, ആത്മഹത്യയാണ് എന്നായിരുന്നു. ഇവർ, സമസ്തയുടെ ജില്ലാ സെക്രട്ടറിയായ മുസ്ലിയാരും മം​ഗലാപുരം വിമാനാപകടത്തിൽ മരണപ്പെട്ട എസ്.വൈ.എസ് സംസ്ഥാന നേതാവുമാണെന്ന് പിന്നീട് വിവരം ലഭിച്ചു'- റാഷിദ് പറഞ്ഞു.'എല്ലാവരും ഇത് കൊലപാതമാണെന്നു പറയുമ്പോഴും ഇവർ രണ്ടുപേരുമായിരുന്നു ഖാസിയുടേത് ആത്മഹത്യയാണെന്ന രീതിയിൽ പ്രചരണം നടത്തിയതും കേസ് അട്ടിമറിക്കാൻ ശ്രമിച്ചതും സമസ്ത കേന്ദ്ര നേതൃത്വത്തെ ഇതിൽ നിന്ന് അകറ്റിയതും. ഇവരെ രണ്ടു പേരെയും കൂടാതെ, എൽഡിഎഫിലും യുഡിഎഫിലും ഒരുപോലെ സ്വാധീനമുള്ള വലിയ പണക്കാരനായ ഒരു കോൺട്രാക്ടറും സംശയിക്കപ്പെടുന്നവരിൽപ്പെടുന്നു. കൊല്ലപ്പെട്ട സിഎം അബ്ദുല്ലാ മൗലവി സമസ്തയുടെ കാസർ​ഗോഡ് ജില്ലാ പ്രസിഡന്റും ജില്ലയിലെ രണ്ട് ഇസ്ലാമിക സ്ഥാപനങ്ങളുടെ സ്ഥാപകനും കൂടിയാണ്. ജാമിഅ സഅ്ദിയ അറബിയ, മലബാർ ഇസ്ലാമിക് കോപ്ലക്സ് എന്നിവയാണവ. മലബാർ ഇസ്ലാമിക് കോളേജിന്റെ പ്രസിഡന്റായിരുന്നു സി എം മൗലവി. ആരോപണ വിധേയനായ യു എം അബ്ദുർറഹ്മാൻ മുസ്ലിയാരാണ് അതിന്റെ സെക്രട്ടറി. ഈ സ്ഥാപനത്തിൽ എന്തോ നിയമവിരുദ്ധ പണമിടപാട് നടന്നിട്ടുണ്ടെന്നും ഇതിന് ഖാസി എതിരു നിന്നതാണ് കൊലപാതകത്തിനു കാരണമെന്നുമാണ് സംശയിക്കുന്നതെന്നും' കൊച്ചുമകൻ ചൂണ്ടിക്കാട്ടുന്നു.

'ഖാസിയുടെ ദുരൂഹമരണത്തിലെ പ്രതിഷേധങ്ങളുടെ മുന്നിൽ നിൽക്കേണ്ട ആളായിട്ടു പോലും യു എം അബ്ദുർറഹ്മാൻ മുസ്ലിയാർ ആ വഴിക്കു വന്നിട്ടില്ല. എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറുന്നു. ആരോപണങ്ങൾക്ക് കൃത്യമായ മറുപടിയില്ല. മരണപ്പെട്ട ഖാസി പ്രസിഡന്റായിരുന്ന സ്ഥാപനത്തിൽ അവിടുത്തെ സെക്രട്ടറിയായ ഇയാൾ ഇതുവരെ ഒരു അനുശോചനയോ​ഗം പോലും നടത്തിയിട്ടില്ല. ഇതു സംബന്ധിച്ച് കുടുംബക്കാരും ബന്ധുക്കളും സ്നേഹിതരും ഉന്നയിക്കുന്ന ചോദ്യങ്ങളോട് സമസ്ത-എസ്കെഎസ്എസ്എഫ് നേതൃത്വത്തിന് മറുപടിയില്ല. ഇതുവരെ ഒരു പ്ര​ക്ഷോഭം സംഘടിപ്പിക്കാൻ പോലും സമസ്ത നേതൃത്വം തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സമസ്തയിൽ ഇപ്പോൾ രണ്ടു ചേരി രൂപപ്പെട്ടു കഴിഞ്ഞു. ആരോപണ വിധേയനായ ജില്ലാ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മകൻ സമസ്ത നേതൃത്വത്തിന് മൂന്നു തവണ കത്ത് നൽകിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല. ഖാസിയുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി രം​ഗത്തുവരുന്നത് നാസർ ഫൈസി കൂടത്തായി അടക്കമുള്ള എസ്കെഎസ്എസ്എഫ് നേതൃത്വമാണ്. അവർ പത്രസമ്മേളനം വിളിച്ചും ഇക്കാര്യം പറഞ്ഞു. പിന്നീട് കൂടത്തായിക്ക് ഒരു ഫോൺ കോൾ വന്നു. ഇത് കൊലപാതകമാണെന്ന് പറയേണ്ട എന്നായിരുന്നു മറുതലയ്ക്കൽ നിന്നുള്ള ആവശ്യം. ഇതോടെ അദ്ദേഹവും പിന്മാറി. വിളിച്ചയാൾ ആരാണെന്ന് ഈ അടുത്തുവരെ കൂടത്തായി പുറത്തുവിട്ടിരുന്നില്ല. എന്നാൽ കുറച്ചു നാൾ മുമ്പാണ് ചിലരോട് അക്കാര്യം രഹസ്യമായി വെളിപ്പെടുത്തിയത്. മരണപ്പെട്ട മുൻ എംഎൽഎയും മന്ത്രിയും ലീ​ഗ് നേതാവുമായ ചെർക്കളം അബ്ദുല്ലയായിരുന്നു അതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് വീണ്ടും എസ്കെഎസ്എസ്എഫ് നേതൃത്വം വീണ്ടും രം​ഗത്തുവന്നെങ്കിലും പിന്നീട് അതും നിലച്ചു. തുടർന്ന് എന്താണ് ഇതിനു കാരണമെന്ന് കുടുംബം അന്വേഷിച്ചപ്പോഴാണ് കോട്ടുമല അബൂബക്കർ മുസ്ലിയാർ (ബാപ്പു മുസ്ലിയാർ) ആണ് പ്രതിഷേധങ്ങളെ തടയുന്നതെന്ന് അവർ വ്യക്തമാക്കി'- റാഷിദ് പറഞ്ഞു.

'ആ​​ദ്യം ലോക്കൽ പൊലീസാണ് കേസ് അന്വേഷിച്ചത്. അന്വേഷണം പൂർത്തിയാക്കാതെ മാർച്ച് രണ്ടിന് കേസ് ക്രൈം ഡിറ്റാച്ച്മെന്റിന് കൈമാറി. മാർച്ച് നാലിന് അവർ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമായിരുന്നു. ചില ചോദ്യം ചെയ്യലുകളൊക്കെ നടന്നിരുന്നു. എന്നാൽ അതേ മാസം 24ന് കേസ് അന്വേഷണം കേരള സർക്കാർ നിയമസഭ വഴി സിബിഐയ്ക്കു വിട്ടു. കേസിൽ സിബിഐയെ കൊണ്ടുവരണമെന്ന് ഈ നേതാക്കൾക്കൊക്കെ വാശിയുണ്ടായിരുന്നു. അണികളെ കൊണ്ട് സമരം ചെയ്യിച്ചും കേന്ദ്രത്തിൽ ഭരണത്തിലുണ്ടായിരുന്ന കോൺ​ഗ്രസിനെ സ്വാധീനിച്ചുമാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ആത്മഹത്യയെന്ന നി​ഗമനത്തിൽ നിന്നാണ് അവർ അന്വേഷണം തുടങ്ങിയതും. കൊലപാതകമാണെന്നു വ്യക്തമാക്കുന്ന പരിക്കുകളെ പറ്റി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ആത്മഹത്യയാണെന്നു തന്നെയായിരുന്നു അന്വേഷണ സംഘങ്ങളുടെ വിചിത്ര വാദം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് ഖാസിയുടെ കഴുത്തെല്ല് പൊട്ടിയിട്ടുണ്ട്. പാറക്കെട്ടുകളുള്ള കടലിലേക്ക് ചാടുമ്പോൾ പിന്നിലെ കഴുത്തെല്ല് പൊട്ടാൻ സാധ്യതയില്ല. മാത്രമല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് ദേഹത്തിന്റെ അകത്താണ് പരിക്ക്. പുറത്ത് പരിക്കില്ല. ഇതു കൂടാതെ, മൂക്കിനോടു ചേർന്ന് കണ്ണിന്റെ ഇരു വശത്തും കുഴികൾ പോലെ പരിക്കുണ്ടായിരുന്നു. ഇവിടെ രക്തം കട്ടപിടിച്ചിരിക്കുകയായിരുന്നു. ഈ മുറിവുകൾ കടലിൽ ചാടി ആത്മഹത്യ ചെയ്യുന്ന ഒരാൾക്ക് ഉണ്ടാവാൻ സാധ്യതയില്ല'- കൊച്ചുമകൻ ചൂണ്ടിക്കാട്ടുന്നു.'കൊലപാതകം മാധ്യമങ്ങളിലോ ജില്ലയ്ക്കു പുറത്തോ ചർച്ച ചെയ്യാത്തതിനാൽ ഒമ്പതു കൊല്ലം മൂടിവച്ചു. ഇപ്പോഴാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന സമസ്തയിലെ ചിലർ തന്നെ സോഷ്യൽമീഡിയയിലൂടെ വീണ്ടും ഇക്കാര്യം ഉയർത്തി കൊണ്ടുവന്നിട്ടുള്ളത്. രാഷ്ട്രീയമായ പിന്തുണയൊന്നും കുടുംബത്തിന് ഇല്ലാത്തതിനാൽ പ്രതികളും അവർ‍ക്കു പിന്നിലുള്ളവരും അവരെ സഹായിക്കുന്നവരുമൊക്കെ അവരുടെ സ്വാധീനം കൊണ്ട് ഈ കേസ് ഒതുക്കുമെന്ന ഭയം ഉണ്ടെന്നും കൊച്ചുമകൻ വ്യക്തമാക്കി. സമസ്തയും ലീ​ഗും തന്നെയാണ് ഈ കേസ് ഒതുക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഖാസി മരിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഈ മരുമകൻ ​ഗൾഫിലേക്കു പോകുന്നത്. കുടുംബത്തിൽ ഖാസിയെ അവസാനമായി കണ്ടതും ഇയാളായിരുന്നു. തുടർന്ന് മരണം അറിഞ്ഞപ്പോൾ ​കുടുംബത്തിൽപ്പെട്ട 16 പേർ ​ഗൾഫിൽ നിന്ന് നാട്ടിലേക്കു വരാൻ ടിക്കറ്റെടുത്തു. ഒരുമിച്ച് ടിക്കറ്റെടുക്കാമെന്ന് ഇയാളോട് മറ്റുള്ളവർ പറഞ്ഞപ്പോൾ വേണ്ടെന്നും എമിറേറ്റ്സിൽ ഓഫറുണ്ടെന്നുമായിരുന്നു ഇയാളുടെ മുടന്തൻ ന്യായം. പിന്നീട് അയാൾ ഒറ്റയ്ക്കാണ് നാട്ടിലേക്ക് വന്നത്'.

'ആദ്യത്തെ വാദം പൊളിഞ്ഞതിനു ശേഷം മൂന്നാംദിവസം മരുമകൻ ഖാസിയുടെ മുറിയിൽ നിന്നും ഒരു കുറിപ്പ് എടുത്തുകൊണ്ടു വന്നു. ഇതാണ് ആത്മഹത്യാ കുറിപ്പെന്നായിരുന്നു വാദം. മാത്രമല്ല, അതിലെ അവസാനത്തെ മൂന്നു വരി ഖാസിയുടെ കൈയെഴുത്തുമല്ല. ഇക്കാര്യം ഞങ്ങൾ പറഞ്ഞെങ്കിലും സിബിഐ അന്വേഷിച്ചിട്ടില്ല. മൂന്നു ദിവസം വീട്ടുകാരും പൊലീസും അരിച്ചുപെറുക്കിയിട്ടും കിട്ടാത്ത കുറിപ്പാണ് മൂന്നു ദിവസം കഴിഞ്ഞ് മരുമകൻ പെട്ടെന്ന് എടുത്തുകൊണ്ടുവരുന്നത്. ഇത് ഖാസി മുമ്പെപ്പോഴോ എഴുതിവച്ചൊരു കത്തായിരുന്നു അത്. എന്നാൽ ഇതിൽ തിയതിയുണ്ടായിരുന്നില്ല. 1950 മുതൽ മരിക്കുന്നതുവരെ എല്ലാ കാര്യവും ഡയറിയിൽ എഴുതുന്ന ആളായിരുന്നു ഖാസി. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തന്നെ അതും ഡയറിയിലാണ് എഴുതേണ്ടത്. എന്നാൽ ഇങ്ങനെയാെരു കാര്യം അദ്ദേഹം ഡയറിയിൽ‍ എഴുതിയിരുന്നില്ല. ഒരു കാറിന്റെ ആർസിയുമായി ബന്ധപ്പെട്ടുള്ള കാര്യമായിരുന്നു അതിൽ പരാമർശിച്ചിരുന്നത്. ഇതേ വിഷയമാണ് ആരോപണവിധേയനായ ജില്ലാ സെക്രട്ടറി ഖാസി മരിച്ച ഉടനെ അദ്ദേഹത്തിന്റെ വീട്ടുകാരെ ഫോൺ വിളിച്ച് പറഞ്ഞത്. കാറിന്റെ ആർസി പോസ്റ്റ് വഴി വരും- എന്നായിരുന്നു അതിലുണ്ടായിരുന്നത്. ഖാസിക്ക് ഒരു സ്വിഫ്റ്റ് കാറുണ്ടായിരുന്നു. ഇതിന്റെ ലോൺ മരിക്കുന്നതിന്റെ അഞ്ചുദിവസം മുമ്പ് അടച്ചുതീർത്തിരുന്നു'.'ഈ കത്ത് അഭിഭാഷകന്റെ നിയമോപദേശ പ്രകാരം ക്രൈംബ്രാഞ്ചിനു കൈമാറി. പിന്നീട് കേസ് സിബിഐയുടെ കൈയിലെത്തുകയും അവർ ഇത് ആത്മഹത്യാക്കുറിപ്പായി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ കോടതി ഇത് തള്ളി. ഇത് ചില കൊടുക്കൽ വാങ്ങലുകൾ സംബന്ധിച്ചുള്ള കുറിപ്പാണെന്നും ആത്മഹത്യാക്കുറിപ്പല്ലെന്നും വ്യക്തമാക്കിയായിരുന്നു കോടതി തള്ളിയത്. കേസിൽ ഉടൻ അറസ്റ്റുണ്ടാകുമെന്ന് സിബിഐയിലെ ലാ​ഗർ എന്നൊരു മാന്യനായ ഉദ്യോ​ഗസ്ഥൻ പറഞ്ഞിരുന്നു. അതിനോടനുബന്ധിച്ച് ഈ രണ്ട് ആരോപണ വിധേയരുടേയും പാസ്പോർട്ട് പിടിച്ചുവച്ചിരുന്നു. ഇതൊക്കെ കൊണ്ട് ഞങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇത് പറഞ്ഞതിന്റെ പിറ്റേദിവസം ഇദ്ദേഹത്തെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. പിന്നീട് നന്ദകുമാരൻ നായർ എന്ന ഉദ്യോ​ഗസ്ഥൻ വന്നു. ഇതോടെ കേസിന്റെ കഥ മാറി. ആത്മഹത്യ തന്നെയാണെന്ന വാദവുമായാണ് പിന്നീട് സിബിഐ മുന്നോട്ടുപോയത്. ഇവരുടെ പാസ്പോർട്ട് തിരികെ കൊടുക്കുകയും ചെയ്തു'.

'നിലവിൽ കുടുംബം തന്നെയാണ് നിയമപോരാട്ടം നടത്തുന്നത്. ഒരു തവണ സിബിഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കഴമ്പില്ലാത്തതിനാൽ കോടതി തള്ളിയിരുന്നു. വീണ്ടും വിശദമായ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടുത്തി അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കാനായിരുന്നു കോടതി നിർദേശം. എന്നിട്ട് വീണ്ടും തട്ടിക്കൂട്ടി ഒരു റിപ്പോർട്ട് കൂടി കൊടുത്തു. അതിന്റെ വാദത്തിൽ സിബിഐയ്ക്ക് ഉത്തരം മുട്ടുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. എറണാകുളം സിജെഎം കോടതി നവംബർ 16ന് കേസ് വീണ്ടും പരി​ഗണിക്കും. അതിൽ പ്രതീക്ഷയുണ്ട്. കണ്ണൂർ, കാസർകോട്, മം​ഗലാപുരം ദേശങ്ങളിലെ സമസ്തയുടെ ഏറ്റവും മുതിർന്ന നേതാവും പ്രശസ്ത പണ്ഡിതനും ആയിരുന്നു സി എം അബ്ദുല്ലാ മൗലവി. ഒരു സൂഫിയായി ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. വെറും മതപണ്ഡ‍ിതൻ മാത്രമായിരുന്നില്ല. ഭൗതിക രം​ഗത്തും അദ്ദേഹം അ​ഗ്ര​ഗണ്യനായിരുന്നു. കൂടാതെ കാന്തപുരം എപി വിഭാ​ഗത്തേയും സംശയമുള്ളതായി കുടുംബം പറയുന്നു. എന്നാൽ അതിനുള്ള തെളിവുകളൊന്നും ഞങ്ങളുടെ കൈയിൽ ഇല്ല. കാരണം, കാന്തപുരം വിഭാ​ഗത്തിന് കുറച്ച് ആധിപത്യം ഉള്ള മം​ഗലാപുരത്തിന്റേയും ഖാസിയായിരുന്നല്ലോ അബ്ദുല്ല മൗലവി. ഇദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൊണ്ട് അവരുടെ സ്വാധീനം നഷ്ടമാവുകയും ഇദ്ദേഹത്തിന് മേധാവിത്വം വർ​ധിക്കുകയും ചെയ്തു. ഇതോടെ, അവർ നടത്തിയ കൊലപാതകമാണോ എന്ന സംശയവും ചിലർക്കുണ്ട്. എന്നാൽ അത് തെളിയിക്കാനും മാത്രമുള്ള കാര്യങ്ങളില്ല'- ഇദ്ദേഹം പറഞ്ഞു.

ഒരു വി​ദ​ഗ്ധ സിബിഐ പുനരന്വേഷണം വന്നാൽ ഇത് തെളിയിക്കാമെന്ന് കുടുംബം പറയുന്നു. സമസ്ത- ലീ​ഗ്- കോൺ​ഗ്രസ്- സിപിഐഎം- പ്രാദേശിക ബിജെപി നേതൃത്വങ്ങളെയെല്ലാം സ്വാധീനിച്ചാണ് ഈ കൊലപാതകം നടത്തിയിട്ടുള്ളത്. പ്രസ്ഥാനത്തിന്റെ ദേശീയ വൈസ് പ്രസിഡന്റിന് നീതി കൊടുക്കാൻ പറ്റുന്നില്ലെങ്കിൽ ഒരു സാധാരണ പ്രവർത്തകന്റെ അവസ്ഥ എന്തായിരിക്കുമെന്നും ഇവർ ചോദിക്കുന്നു. സിഎം മൗലവിയുടെ മരണം കൊലപാതകത്തിൽ സിബിഐയുടെ നിഷേധാത്മക നിലപാടിനെതിരെ കാസർകോ് ജനകീയ ആക്ഷൻ കൗൺസിലിന്റേയും കുടുംബത്തിന്റേയും നേതൃത്വത്തിൽ നടക്കുന്ന സമരം 31 ദിവസം പിന്നിട്ടിരിക്കുകയാണ്.
Read More >>