ബന്ധുനിയമന വിവാദം: യുഡിഎഫ് നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ്; ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജിലന്‍സ്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കഴിമ്പില്ലെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

ബന്ധുനിയമന വിവാദം: യുഡിഎഫ് നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ്; ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജിലന്‍സ്

ബന്ധുനിയമന വിവാദത്തില്‍ യുഡിഎഫ് നേതാക്കള്‍ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രിമാരായ കെ സി ജോസഫ്, കെ എം മാണി, പി കെ ജയലക്ഷ്മി, അനൂപ് ജേക്കബ്, വി എസ് ശിവകുമാര്‍ തുടങ്ങിയവര്‍ക്കെതിരേയും ആരോപണം ഉയര്‍ന്നിരുന്നു. ഇവര്‍ക്കെതിരെയുള്ളആരോപണത്തില്‍ കഴമ്പില്ലെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ഇ പി ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് യുഡിഎഫ് ഭരണകാലത്തെ നിയമനങ്ങളെക്കുറിച്ചും പരാതി ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്.

നിയമനങ്ങളില്‍ ക്രമവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമനം ലഭിച്ചവരില്‍ നേതാക്കളുടെ ബന്ധുക്കള്‍ ഇല്ല. യോഗ്യതയുള്ളവര്‍ക്കാണ് നിയമനം ലഭിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്യൂണ്‍, ക്ലര്‍ക്ക് നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്.