ബീഫ് കഴിക്കുന്ന സംഘപരിവാറുകാരുമില്ലേ; ഭരണം കിട്ടിയാല്‍ എന്തുമാകാമെന്നോ? തുറന്നടിച്ച് സി കെ ജാനു

കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര ഉത്തരവ് അഹങ്കാരമല്ലേയെന്നും ഭരണം കിട്ടിയാല്‍ എന്തും ചെയ്യാമെന്നാണോ എന്നും സി കെ ജാനു ചോദിക്കുന്നു. വേണ്ടത്ര മുന്നൊരുക്കം നടത്താതെയുള്ള തീരുമാനമാണിതെന്നാണ് മനസ്സിലാകുന്നതെന്നും സി കെ ജാനു നാരദാന്യൂസിനോട് പറഞ്ഞു.

ബീഫ് കഴിക്കുന്ന സംഘപരിവാറുകാരുമില്ലേ; ഭരണം കിട്ടിയാല്‍ എന്തുമാകാമെന്നോ? തുറന്നടിച്ച് സി കെ ജാനു

കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ തുറന്നടിച്ച് എന്‍ഡിഎ സഖ്യകക്ഷി നേതാവും ജനാധിപത്യ രാഷ്ട്രീയ സഭാ അദ്ധ്യക്ഷ സി കെ ജാനു രംഗത്ത്. ഭരണം കിട്ടിയാല്‍ എന്തുമാകാമെന്നാണോ എന്നും, അഹങ്കാരമല്ലേ ഇതെന്നും സി കെ ജാനു ചോദിക്കുന്നു. വേണ്ടത്ര മുന്നൊരുക്കം നടത്താതെയുള്ള തീരുമാനമാണിതെന്നാണ് മനസ്സിലാകുന്നതെന്നും സി കെ ജാനു നാരദാന്യൂസിനോട് പറഞ്ഞു.

പ്രകൃതി ഉണ്ടായ കാലം മുതൽ ഇതൊക്കെ ഉണ്ടായിരുന്നതാണ്. കുറെയേറെ ജനങ്ങള്‍ കന്നുകാലിളെ ആശ്രയിച്ച് ജീവിക്കുമ്പോള്‍ ഒറ്റയടിയ്ക്ക് എടുക്കേണ്ട തീരുമാനം അല്ല ഇത്. പ്രായമായ കന്നുകാലികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമോ എന്നും ഇതിനു കര്‍ഷകനു വില നല്‍കുമോ എന്നും സി കെ ജാനു ചോദിക്കുന്നു.

കന്നുകാലികളെ ഉപജീവനമാര്‍ഗ്ഗമാക്കിയ ജനങ്ങളെ ഈ തീരുമാനം ദുരിതത്തിലാക്കും. ബദല്‍ മാര്‍ഗ്ഗങ്ങളോ പഠനങ്ങളോ ഇല്ലാതെ എടുത്തു ചാടി ഇറക്കിയ ഉത്തരവാണിതെന്നും വെറുതെ നിരോധിക്കാന്‍ കഴിയില്ലെന്നും സി കെ ജാനു പറയുന്നു. നേരത്തെ എന്‍ഡിഎ നേതൃയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും മുന്നില്‍ ബീഫ് നയത്തിനെതിരെ സി കെ ജാനു നിലപാട് തുറന്നു പറഞ്ഞിരുന്നു.

ബീഫ് പോലുള്ള തര്‍ക്കവിഷയങ്ങള്‍ ബിജെപി നേതൃത്വം ഇടക്കിടെ ഉന്നയിക്കുന്നത് കേരളത്തിലെ സഖ്യകക്ഷികള്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ജാനു യോഗത്തില്‍ വിമര്‍ശിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കി നരേന്ദ്രമോദി സര്‍ക്കാര്‍ ദലിത്, ആദിവാസി, തൊഴിലാളി പ്രശ്നങ്ങള്‍ക്കും അവര്‍ക്കായുളള പദ്ധതികള്‍ക്കും മുന്‍തൂക്കം നല്‍കണമെന്നും ജാനു യോഗത്തില്‍ ആവശ്യപ്പെട്ടു. ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും ജാനു പറഞ്ഞു