ഒറ്റയ്ക്ക് താമസിക്കുന്ന വിധവയുടെ വഴിയടച്ച് പള്ളി മതിലുകെട്ടി; പ്രതികരിച്ച യുവാവിനും സഹോദരനും മര്‍ദ്ദനം; 'മാപ്പെഴുതി നല്‍കിയില്ലെങ്കില്‍ ഊരുവിലക്കുമെന്ന്'

സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച ഇടവക വികാരിയ്‌ക്കെതിരെ ബിഷപ്പിന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പ്രശ്‌നങ്ങള്‍ ഇടവക പള്ളിയില്‍ തന്നെ തീര്‍ക്കാനാണ് ബിഷപ്പ് ഹൗസില്‍ നിന്നും കിട്ടിയ മറുപടി.

ഒറ്റയ്ക്ക് താമസിക്കുന്ന വിധവയുടെ വഴിയടച്ച് പള്ളി മതിലുകെട്ടി; പ്രതികരിച്ച യുവാവിനും സഹോദരനും മര്‍ദ്ദനം; മാപ്പെഴുതി നല്‍കിയില്ലെങ്കില്‍ ഊരുവിലക്കുമെന്ന്

ഒറ്റയ്ക്കു താമസിക്കുന്ന വിധവയുടെ നടപ്പുവഴി അടച്ച പള്ളിയ്‌ക്കെതിരെ സമൂഹമാധ്യമത്തില്‍ പ്രതികരിച്ച യുവാവിനെയും സഹോദരനെയും പള്ളി അങ്കണത്തില്‍ മര്‍ദ്ദിച്ചുവെന്ന് ആരോപണം. പോസ്റ്റ് പിന്‍വലിച്ചു മാപ്പു പറയുവാന്‍ പൊലീസും സമ്മര്‍ദ്ദം ചെലുത്തിയെന്ന് വലിയതുറ സ്വദേശി വിജിത് വാള്‍ട്ടര്‍ നാരദ ന്യൂസിനോടു പറഞ്ഞു. തിരുവനന്തപുരം പള്ളിത്തുറ കൊച്ചുതോപ്പ് ഫാത്തിമപുരം പള്ളിയ്ക്കും വികാരിയ്ക്കുമെതിരെയാണ് ആരോപണം.

പള്ളിയിലേക്കുള്ള വഴിയുടെ ഒരു വശത്ത് താമസിക്കുന്ന സിലൂജയുടെ നടപ്പുവഴി വീട്ടില്‍ ആളില്ലാത്ത ദിവസം പള്ളിക്കമ്മിറ്റി നിയോഗിച്ച ജോലിക്കാര്‍ വന്നു അടച്ചു. ഭര്‍ത്താവ് മരിച്ച സിലൂജയുടെ മക്കള്‍ ജോലി ആവശ്യങ്ങള്‍ക്കായി പുറത്താണ്. സിലൂജ ബാങ്കില്‍ പോയ സമയത്താണ് നിര്‍മാണ ജോലിക്കാര്‍ വഴി കെട്ടി അടച്ചത്. സിലൂജയുടെ വഴി അടയ്ക്കുന്നത് കണ്ട അടുത്ത വീട്ടിലെ വിജിത് വാള്‍ട്ടര്‍ പള്ളി കാണിച്ചത് ശരിയായില്ല എന്ന് കാണിച്ച് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ സഹിതം പോസ്റ്റിട്ടു. പള്ളിക്കെതിരെ അപമാനകരമായ പോസ്റ്റിട്ടുവെന്ന് ആരോപിച്ചു വിജിത്തിനെതിരെ പള്ളി വികാരി പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്റ്റേഷനിലെത്തിയ വിജിത്തിനോടു പൊലീസുകാരും മോശമായി പെരുമാറി. വിജിത്ത് അപമാനിച്ചത് ക്രിസ്ത്യന്‍ സമൂഹത്തെയാണെന്നും പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പൊലസും ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാക്കേണ്ടതില്ല, എന്ന ചിന്തയില്‍ പോസ്റ്റ് വിജിത്ത് തന്നെ പിന്‍വലിച്ചു.


പോസ്റ്റ് പിന്‍വലിച്ചിട്ടും പള്ളിക്കമ്മറ്റിയ്ക്കും വികാരിയ്ക്കും വിജിത്തിനോടുള്ള ശത്രുത തീര്‍ന്നില്ല. ഞായറാഴ്ച കുര്‍ബാന നടക്കുന്നതിനിടെ വികാരി വിജിത്തിനെക്കുറിച്ചും സഹോദരനെക്കുറിച്ചും മോശമായ രീതീയില്‍ പ്രസംഗിച്ചു. രണ്ടു വിദ്യാര്‍ത്ഥികളെ ആഭാസന്മാരാക്കി വ്യക്തിഹത്യ നടത്താന്‍ ഇടവക സദസിനെ വികാരി ഉപയോഗിച്ചു. പ്രസംഗത്തില്‍ ആവേശം കൊണ്ട വിശ്വാസികളില്‍ കുറച്ചു പേര്‍ പള്ളിയങ്കണത്തിന് പുറത്ത് റോഡില്‍ നിന്ന വിജിത്തിന്റെ സഹോദരനെ കൈയ്യേറ്റം ചെയ്തു. പിടിച്ചുമാറ്റാന്‍ ഓടിയെത്തിയ വിജിത്തിനും കിട്ടി മര്‍ദ്ദനം. സഹിക്കാനും ക്ഷമിക്കാനും പഠിപ്പിക്കേണ്ട വികാരി തന്നെ എതിര്‍ക്കുന്നവരെ തല്ലാന്‍ ആളെക്കൂട്ടിയതില്‍ വിജിത്തിന് അദ്ഭുതമൊന്നുമില്ല. ഇത്തരത്തില്‍ പള്ളിയ്‌ക്കെതിരെ പ്രതികരിച്ചവരെ 'വിലക്കി' ചരിത്രം സൃഷ്ടിച്ചവരാണ്. 'സിലൂജ ആന്റിയുടെ വഴി അടച്ചതിനെയാണ് ഞാന്‍ ചോദ്യം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പന്നി എന്ന പദം ഉപയോഗിച്ചു. ആ സമയത്തുണ്ടായ വൈകാരിതയില്‍ ഇട്ടുപോയ പോസ്റ്റാണ്. അതു പിന്‍വലിക്കുയും മാപ്പ് പറയുകയും ചെയ്തു. ഇനിയും മാപ്പ് പറയാന്‍ തയ്യാറാണ്. എന്നാല്‍ ഞാന്‍ പോസ്റ്റില്‍ ഉന്നയിച്ച കാര്യത്തെക്കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ല. ഒരു പാവം സ്ത്രീയുടെ സഞ്ചാര സ്വാതന്ത്ര്യം പള്ളി നിഷേധിച്ചതിനെയാണ് ഞാന്‍ ചോദ്യം ചെയ്തത്' - വിജിത്ത് വാള്‍ട്ടര്‍ പറഞ്ഞു.


വഴിയടയ്ക്കലില്‍ ഇരയായ സിലൂജയെയും ഊരു വിലക്കുമെന്ന് ഭീഷണിയുണ്ട്. ഇവരുടെ മൂന്നുമക്കളും ജോലി ആവശ്യങ്ങള്‍ക്കായി പുറത്താണ്. ആളില്ലാത്ത സമയത്ത് വഴി അടച്ചതു കണ്ട സിലൂജ പള്ളിക്കമ്മറ്റി കെട്ടിയ മതില്‍ തകര്‍ത്തു. സംഭവം പൊലീസ് കേസാകുമെന്ന് മനസ്സിലായതോടെ സിലൂജ തന്നെ പള്ളി കെട്ടിയ മതില്‍ നിര്‍മിച്ച് നല്‍കാമെന്നു സമ്മതിച്ചു. സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച ഇടവക വികാരിയ്‌ക്കെതിരെ ബിഷപ്പിന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പ്രശ്‌നങ്ങള്‍ ഇടവക പള്ളിയില്‍ തന്നെ തീര്‍ക്കാനാണ് ബിഷപ്പ് ഹൗസില്‍ നിന്നും കിട്ടിയ മറുപടി. ഇളയ മകന്റെ വിവാഹം തീരുമാനിച്ചതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകാതെ പോകാന്‍ വേണ്ടി സിലൂജ വികാരിയെ കാണാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെ കാണാന്‍ വികാരി കൂട്ടാക്കിയില്ല. പൊളിച്ചുമാറ്റിയ മതില്‍ പുനഃനിര്‍മിച്ചു നല്‍കാതെ തനിക്കവരെ കാണേണ്ടയെന്ന് പറഞ്ഞു വികാരി കതകടച്ചു. മതില്‍ നിര്‍മിച്ച ശേഷവും ഇവരോടു സംസാരിക്കാന്‍ വികാരി കൂട്ടാക്കിയിട്ടില്ല. സിലൂജയുടെ പുരയിടത്തില്‍ നിന്നു പുറത്തേക്ക് വരാനായി മറ്റൊരു ഇടുങ്ങിയ വഴി മാത്രമാണുള്ളത്.

തന്റെയും സിലൂജയുടേയുമടക്കം അഞ്ചു കുടുംബങ്ങളുടെ വഴി പള്ളി അടച്ചിട്ടുണ്ടെന്ന് ഇടവകാംഗമായ ഷാജി സേവ്യര്‍ പറഞ്ഞു. അച്ഛനപ്പൂന്മാരുടെ കാലം തുടങ്ങി ഞങ്ങളിവിടെ താമസിക്കുന്നതാണ്. 2000ത്തില്‍ ആണ് പള്ളി സ്ഥാപിക്കുന്നതും ഉദ്ഘാടനം ചെയ്യുന്നതും. കാലക്രമേണ സമീപത്തുള്ള സ്ഥലം പള്ളി വാങ്ങി. ഇതെ തുടര്‍ന്നാണ് ഞങ്ങള്‍ മൂന്നുകുടുംബങ്ങള്‍ക്കുള്ള വഴി പള്ളി കെട്ടിയടച്ചത്. ഞങ്ങളാരും വീട്ടിലില്ലാത്ത തക്കം നോക്കിയായിരുന്നു ഇത്. പ്രമാണത്തിലുള്ള വഴിയാണ് പള്ളി കെട്ടിയടിച്ചതിനെതിരെ ഞങ്ങള്‍ കോടതിയില്‍ പോയി. ഇതായിരുന്നു വഴിയടയ്ക്കലിന്റെ ആദ്യത്തെ സംഭവം. പള്ളി പലപ്പോഴും ഒത്തുതീര്‍പ്പിന് വന്നു. എന്നാല്‍ ഞങ്ങള്‍ വഴങ്ങില്ല. പള്ളി ഇത്തരത്തില്‍ ബുദ്ധിമൂട്ടിക്കുന്നത് ഇടവകാംഗങ്ങളെയാണെന്നുള്ളതാണ് വിരോധാഭാസമെന്നും ഷാജി പറഞ്ഞു.


പള്ളി ആരുടെയും വഴിയടച്ചിട്ടില്ലെന്ന് ഇടവക വികാരി ഫാ. ജോയ് സി മാത്യു പറഞ്ഞു. വീട് നിര്‍മിക്കുന്ന സമയത്ത് തന്നെ ഉപയോഗം കഴിഞ്ഞാല്‍ വഴി അടച്ചുതരാമെന്ന് അവര്‍ സമ്മതിച്ച് മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുനല്‍കിയതാണ്. അതുപ്രകാരം അവര്‍ തന്നെയാണ് വഴി അടച്ചത്. പള്ളിക്കെതിരെ കേസിനു പോയവര്‍ ബൈക്ക് കൊണ്ടുപോകാനുള്ള വഴിക്ക് വേണ്ടിയാണ് ശ്രമിക്കുന്നത്. തെറ്റായ വിവരങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വികാരി നാരദയോട് പറഞ്ഞു.