ആർഎസ്എസ് കാര്യവാഹകിന്റെ കൊലപാതകം പ്രതികാരക്കൊലയെന്നു സൂചന; കൊല്ലപ്പെട്ട ചൂരക്കാട്ട് ബിജു ധൻരാജ് വധത്തിനു പിന്നിലെ മുഖ്യ ബുദ്ധികേന്ദ്രം

കഴിഞ്ഞ ജൂലൈയിൽ പയ്യന്നൂർ രാമന്തളിയിൽ കൊല്ലപ്പെട്ട സിപിഐഎം പ്രവർത്തകൻ ധൻരാജിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് കൊലപാതകം നടന്നിരിക്കുന്നത് എന്നാണു പ്രാഥമിക വിവരം. ബിജു കൊല്ലപ്പെടുമ്പോൾ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് രാജേഷിന്റെ മൊഴിയിൽ ഏഴുപേർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.

ആർഎസ്എസ് കാര്യവാഹകിന്റെ കൊലപാതകം പ്രതികാരക്കൊലയെന്നു സൂചന; കൊല്ലപ്പെട്ട ചൂരക്കാട്ട് ബിജു ധൻരാജ് വധത്തിനു പിന്നിലെ മുഖ്യ ബുദ്ധികേന്ദ്രം

കണ്ണൂർ പഴയങ്ങാടിയിൽ കൊല്ലപ്പെട്ട ആർഎസ്എസ് കാര്യവാഹക് ചൂരക്കാട്ട് ബിജുവിന്റെ കൊലപാതകം പ്രതികാരക്കൊലയെന്നു സൂചന. കഴിഞ്ഞ ജൂലൈയിൽ പയ്യന്നൂർ രാമന്തളിയിൽ കൊല്ലപ്പെട്ട സിപിഐഎം പ്രവർത്തകൻ ധൻരാജിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് കൊലപാതകം നടന്നിരിക്കുന്നത് എന്നാണു പ്രാഥമിക വിവരം. ബിജു കൊല്ലപ്പെടുമ്പോൾ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് രാജേഷിന്റെ മൊഴിയിൽ ഏഴുപേർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. ധൻരാജ് വധത്തിനു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം ചൂരക്കാട്ട് ബിജുവാണെന്ന നിലയിൽ പൊലീസ് കേസന്വേഷണം നടന്നുവരവെയാണ് കൊലപാതകം നടന്നിരിക്കുന്നത്. കണ്ണൂരിലെ സമാനമായ കൊലപാതകങ്ങളുടെ സ്വഭാവവും സൂചിപ്പിക്കുന്നത് ഇപ്പോൾ നടന്നിരിക്കുന്നത് പ്രതികാരക്കൊലയാണെന്നാണ്.

പയ്യന്നൂർ പ്രദേശത്ത് കുഴപ്പങ്ങൾ ഉണ്ടാക്കണം എന്ന നിലയിൽ അക്രമസംഭവങ്ങളുടെ സൂത്രധാരൻ ആർഎസ്എസ് ജില്ലാ കാര്യവാഹക് നെയ്യാറ്റിൻകര സ്വദേശി കണ്ണൻ എന്ന എസ് ആർ അജീഷാണെന്നു നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. രാമന്തളി മണ്ഡൽ കാര്യവാഹകമായ ചൂരക്കാട്ട് ബൈജുവിന്റെ സഹായവും ആസൂത്രണവുമില്ലാതെ രാമന്തളി പ്രദേശത്തുവച്ച് ധൻരാജിനെതിരെ ആക്രമണം നടക്കില്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘവും.

പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നുവെന്നും അന്വേഷണം ഇഴയുന്നുവെന്നും കാട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിൽ നിരവധി തവണ പൊലീസ് സ്റ്റേഷൻ ഉപരോധമടക്കമുള്ള സമരങ്ങളിലേക്ക് സിപിഐഎം കടന്നിരുന്നു. ധൻരാജ് വധക്കേസിൽ അറസ്റ്റിലായിരുന്ന കണ്ണന് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. ഇതു പൊലീസിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും ആരോപണമുയർന്നിരുന്നു. ഈയിടെയാണു ബിജുവും കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയത്. കഴിഞ്ഞയാഴ്ചവരെ ബിജുവിന് പൊലീസ് സംരക്ഷണം ഉണ്ടായിരുന്നു. മംഗളൂരുവിൽ സന്ദർശനം നടത്തി മണ്ടങ്ങിവരവെയാണ് ബിജുവിനു നേർക്ക് ആക്രമണം ഉണ്ടാവുന്നതും കൊല്ലപ്പെടുന്നതും.

കഴിഞ്ഞ വർഷം ജൂലൈ പതിനൊന്നിനാണ് സിപിഐഎം പ്രവർത്തകനും പ്രാദേശിക ഡിവൈഎഫ്ഐ നേതാവുമായ ധൻരാജ് കൊല്ലപ്പെടുന്നത്. രാത്രി പത്തുമണിയോടെ ധൻരാജിനെ പിന്തുടർന്നെത്തിയ ഏഴംഗ മുഖംമൂടി സംഘം വീട്ടുമുറ്റത്തു വച്ചാണ് കൊലപാതകം നടത്തിയത്. തുടർന്നു മണിക്കൂറുകൾക്കകം വീട്ടിനകത്തുവച്ച് ബിഎംഎസ് പ്രവർത്തകനും ഓട്ടോ തൊഴിലാളിയുമായ സി ജെ രാമചന്ദ്രനും കൊല്ലപ്പെട്ടു. ധൻരാജ് വധത്തിന്റെ ഉടൻ പ്രതികാരം എന്ന നിലയ്ക്ക് സിപിഐഎം പ്രവർത്തകരാണ് രാമചന്ദ്രനെ കൊലപ്പെടുത്തിയത് എന്നു പൊലീസ് കണ്ടെത്തിയിരുന്നു.

Read More >>