പാലക്കാട്ടെ കുട്ടിക്കടത്ത്: പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

പാലക്കാട് കൊഴിഞ്ഞാമ്പാറക്കടുത്തു മേനോന്‍പാറ സത്രപ്പടിക്കു സമീപം അനധികൃതമായി താമസിപ്പിച്ചിരുന്ന പതിന്നാല് ആണ്‍കുട്ടികളെ ഇന്നലെ ഗൃഹസന്ദര്‍ശനം നടത്തിയ അങ്കണവാടി ജീവനക്കാരാണു കണ്ടെത്തിയത്.

പാലക്കാട്ടെ കുട്ടിക്കടത്ത്: പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

രേഖകളില്ലാതെ 14 കുട്ടികളെ കടത്തിക്കൊണ്ടുവന്നു വാടകവീട്ടില്‍ താമസിപ്പിച്ചിരുന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പാലക്കാട് കൊഴിഞ്ഞാമ്പാറയ്ക്ക് അടുത്ത് മേനോന്‍പാറ സത്രപ്പടിക്കു സമീപം അനധികൃതമായി താമസിപ്പിച്ചിരുന്ന 14 ആണ്‍കുട്ടികളെ ഇന്നലെ ഗൃഹസന്ദര്‍ശനം നടത്തിയ അങ്കണവാടി ജീവനക്കാരാണു കണ്ടെത്തിയത്.

ചിറ്റൂരിലെ ചൈല്‍ഡ് ലൈന്‍ ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസറെ വിവരം അറിയിച്ചതിനെ തുടര്‍ന്നു ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് കുട്ടികളെ മോചിപ്പിച്ചു മുട്ടിക്കുളങ്ങരയിലെ ബാലനിരീക്ഷണ കേന്ദ്രത്തിലാക്കി.

ഡല്‍ഹി ആസ്ഥാനമായ ഗ്രേസ് കെയര്‍ എന്ന എന്‍ജിഒയുടെ ദക്ഷിണേന്ത്യയിലെ ശാഖ പാലക്കാട്ട് ആരംഭിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് കുട്ടികളെ കൊണ്ടുവന്നതെന്നുമാണു കൂടെയുണ്ടായിരുന്നവര്‍ പൊലീസിനോടു പറഞ്ഞത്. കുട്ടികളെ പാര്‍പ്പിച്ചിരുന്നതിന്റെ അടുത്തു തന്നെ ഇതിനായി ഒരു പുതിയ സെന്ററിന്റെ പണി തുടങ്ങിയിട്ടുണ്ടെന്നും കൂടെയുള്ളവര്‍ പറഞ്ഞിരുന്നെങ്കിലും ഇതു സംബന്ധിച്ചും തെളിവുകള്‍ ഹാജരാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

നോയിഡ സ്വദേശികളായ കുട്ടികളെ നാലു ദിവസമായി മേനോന്‍പാറയിലെ വാടക വീട്ടില്‍ താമസിപ്പിച്ചു വരികയായിരുന്നുവെന്നും കുട്ടികളുടെ ആധികാരികമായ തിരിച്ചറിയല്‍ രേഖകളൊന്നും കൂടെയുണ്ടായിരുന്നവരുടെ പക്കല്‍ ഇല്ലെന്നും ജില്ലാ ചൈല്‍ഡ്‌ലൈന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ ആനന്ദന്‍ നാരദാ ന്യൂസിനോടു പറഞ്ഞു. കുട്ടികളെ വിശദമായി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ അറിയികയുള്ളൂവെന്നും ഇന്നലെ അതിനു സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെ അനധികൃതമായി കൊണ്ടുവന്നു താമസിപ്പിച്ചതിന് അജു മാത്യു ജോര്‍ജ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികളെ കൊണ്ടുവന്ന ഷിജിന്‍ കൊഴിഞ്ഞാമ്പാറ പൊലീസിന്റെ കസ്റ്റഡിയിലാണ്. കുട്ടികളെ സംബന്ധിച്ച രേഖകള്‍ ഇന്നു ഹാജരാക്കിയില്ലെങ്കില്‍ ഇയാൾക്കെതിരെയും ഇന്നു കേസെടുക്കും.

നേരത്തെ, 2014 മേയ്‌ 24 നും 25 നുമായി ഇതര സംസ്ഥാനങ്ങളില്‍നിന്നും 578 കുട്ടികളെ ട്രെയിന്‍ മാര്‍ഗം എത്തിച്ച സംഭവം വിവാദമായിരുന്നു. ഇരുകേസുകളിലുമായി ആകെ 15 പേരാണ്‌ പ്രതിസ്ഥാനത്തുണ്ടായിരുന്നത്. ഇതില്‍ 11 പേരെയും ആദ്യം കേസ്‌ അന്വേഷിച്ച പാലക്കാട്‌ റെയില്‍വേ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇവര്‍ പിന്നീട്‌ ജാമ്യത്തിലിറങ്ങി.

ബിഹാര്‍, ഝാര്‍ഖണ്ഡ്‌ സംസ്ഥാനങ്ങളില്‍നിന്നും കോഴിക്കോട്‌ മുക്കം മുസ്ലിം ഓര്‍ഫനേജിലേക്ക്‌ 455 കുട്ടികളെയും പശ്ചിമ ബംഗാളില്‍നിന്നും 123 കുട്ടികളെ മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍ യത്തീംഖാനയിലേക്കുമാണു കൊണ്ടുവന്നത്‌. ഇതിനിടെ, 2015 മെയ് 20ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 29 കുട്ടികളെ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തിയ സംഭവം കുട്ടിക്കടത്തല്ലെന്നും ഇവരില്‍ 20 കുട്ടികള്‍ എറണാകുളത്തെ സ്കൂളുകളില്‍ പഠിക്കുന്നവരാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

Read More >>