ഔദ്യോഗിക വാഹനം ദുരൂപയോഗം ചെയ്തതായി സ്ഥിരീകരണം; മുന്‍ കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ താക്കീത്

സര്‍ക്കാര്‍ വാഹനം ഔദ്യോഗിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂവെന്നും മേലില്‍ വീഴ്ച്ച വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എന്‍ പ്രശാന്തിനു ചീഫ് സെക്രട്ടറി രേഖാമൂലം നിര്‍ദേശം നല്‍കി.

ഔദ്യോഗിക വാഹനം ദുരൂപയോഗം ചെയ്തതായി സ്ഥിരീകരണം; മുന്‍ കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ താക്കീത്

ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന് മുന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ താക്കീത്. ജില്ലാ കളക്ടറായിരുന്ന വേളയില്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. സര്‍ക്കാര്‍ വാഹനം ഔദ്യോഗിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂവെന്നും മേലില്‍ വീഴ്ച്ച വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും എന്‍ പ്രശാന്തിനു ചീഫ് സെക്രട്ടറി രേഖാമൂലം നിര്‍ദേശം നല്‍കി.

എന്‍ പ്രശാന്ത് ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനത്തിനു പുറമെ മറ്റൊരു വാഹനം വീട്ടിലെ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നു. കളക്ടറുടെ മകളെ സ്‌കൂളില്‍ കൊണ്ടുപോവുന്നതിനായിരുന്നു ഈ വാഹനം ഉപയോഗിച്ചിരുന്നത്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കെതിരെ സര്‍ക്കാരിനു പരാതി ലഭിച്ചിരുന്നു.

വിഷയത്തില്‍ ധനകാര്യ പരിശോധനാ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറായിരുന്ന എന്‍ പ്രശാന്തിനു വീഴ്ച്ച സംഭവിച്ചുവെന്നുള്ള പൊതുഭരണ വകുപ്പിന്റെ കണ്ടെത്തല്‍. കളക്ടറുടെ നടപടി ചട്ടപ്രകാരമല്ലെന്നും പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.

റിവര്‍ മാനേജ്മെന്റിനു ലഭിച്ച രണ്ടു ഫോര്‍ഡ് കാറുകളില്‍ ഒന്ന് വീട്ടില്‍ ഒന്നര വര്‍ഷത്തോളം ഉപയോഗിക്കുന്നത് തെളിവ് സഹിതം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വന്നതോടെയാണ് എന്‍ പ്രശാന്ത് കുടുങ്ങിയത്. തുടര്‍ന്ന് കളക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി ഉത്തരവ് വരികയും ചെയ്തു.

ഇതിനിടെ ബീച്ചില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് പൊളിച്ചു കൈയേറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തതാണ് തന്റെ സ്ഥലം മാറ്റത്തിനു കാരണമെന്ന് എന്‍ പ്രശാന്ത് വിശദീകരിച്ചിരുന്നു. ഇതിനിടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചതിന് വാടകയിനത്തില്‍ സര്‍ക്കാറിലേക്ക് പണമടച്ച് എന്‍ പ്രശാന്ത് പ്രശ്നം പരിഹരിച്ചിരുന്നു.

2015 ഫെബ്രുവരിയിലാണ് ജില്ലാ കളക്ടറായി എന്‍ പ്രശാന്ത് കോഴിക്കോട്ടെത്തുന്നത്. 2017 ഫെബ്രുവരിയില്‍ പ്രശാന്തിനെ ജില്ലാ കളക്ടര്‍ സ്ഥാനത്തു നിന്ന് നീക്കി പകരം യു വി ജോസിനു ചുമതല നല്‍കുകയും ചെയ്തു.