ജേക്കബ് തോമസിന്റെ ആത്മകഥയിൽ 14 ഇ‌‌‌ടങ്ങളിൽ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി; മുഖ്യമന്ത്രിക്കു റിപ്പോർട്ട് സമർപ്പിച്ചു

2016 ഒക്ടോബറിൽ പുസ്തകമെഴുതാൻ ജേക്കബ് തോമസ് അനുമതി തേടിയിരുന്നു. എന്നാൽ ഉളളടക്കം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടും അറിയിച്ചില്ലെന്നും ഇതിനാൽ അനുമതി നൽകിയില്ലെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ പരിശോധനയ്ക്കും ശുപാർശ ചെയ്തിട്ടുണ്ട്.

ജേക്കബ് തോമസിന്റെ ആത്മകഥയിൽ 14 ഇ‌‌‌ടങ്ങളിൽ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി; മുഖ്യമന്ത്രിക്കു റിപ്പോർട്ട് സമർപ്പിച്ചു

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ആത്മകഥയിൽ 14 ഇടങ്ങളിൽ ചട്ടലംഘനമുണ്ടെന്നു ചീഫ് സെക്രട്ടറിയുടെ നളിനി നെറ്റോ. ഇക്കാര്യം ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട്‌ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കു സമർപ്പിച്ചു.

2016 ഒക്ടോബറിൽ പുസ്തകമെഴുതാൻ ജേക്കബ് തോമസ് അനുമതി തേടിയിരുന്നു. എന്നാൽ ഉളളടക്കം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടും അറിയിച്ചില്ലെന്നും ഇതിനാൽ അനുമതി നൽകിയില്ലെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ പരിശോധനയ്ക്കും ശുപാർശ ചെയ്തിട്ടുണ്ട്.

ജേക്കബ് തോമസിന്റെ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ആത്മകഥയാണ് പ്രകാശനത്തിനു മുമ്പുതന്നെ വിവാദത്തിലായത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വി എസ് സർക്കാരിന്റെ കാലത്ത് സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന സി ദിവാകരൻ തുടങ്ങിയ നേതാക്കൾക്കെതിരെയുള്ള ഒളിയമ്പുകളാണ് പുസ്തകത്തിന്റെ കാതൽ. ഇതോടെ വിവിധ കോണുകളിൽ നിന്നുള്ള സമ്മർദ്ദത്തിന്റേയും നിയമസെക്രട്ടറിയുടെ നിയമോപദേശത്തിന്റേയും അടിസ്ഥാനത്തിൽ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറിയിരുന്നു.

പുസ്തകത്തിൽ നിയമപ്രശ്നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി കെ സി ജോസഫ് മുഖ്യമന്ത്രിക്കു കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നിയമസെക്രട്ടറി നിയമോപദേശം നൽകിയത്. ജേക്കബ് തോമസ് സപ്ലൈകോ എംഡിയായിരിക്കെ വകുപ്പില്‍ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചും അന്നത്തെ മന്ത്രിമാരെക്കുറിച്ചുമെല്ലാം പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജേക്കബ് തോമസിനെതിരെ രൂക്ഷ​ വിമർശനവുമായി സി ദിവാകരൻ എംഎൽഎയും രം​ഗത്തെത്തിയിരുന്നു.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡിയായിരുന്നപ്പോള്‍ താന്‍ ശുപാര്‍ശ ചെയ്ത സിബിഐ അന്വേഷണം അന്ന് സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന സി ദിവാകരന്‍ തള്ളിക്കളഞ്ഞുവെന്നാണ് ജേക്കബ് തോമസ് തന്റെ പുസ്തകത്തിലൂടെ ആരോപിക്കുന്നത്. അതിനു പിന്നാലെ തന്നെ പ്രസ്തുത സ്ഥാനത്ത് മാറ്റിയെന്നും ജേക്കബ് തോമസ് പുസ്തകത്തിൽ പറയുന്നു. ഇതാണ് സി ദിവാകരനെ ചൊടിപ്പിച്ചത്,

മാത്രമല്ല, ബാർകോഴ കേസിൽ കെ എം മാണിക്കും ബാബുവിനും എതിരായ അന്വേഷണരീതി തുടരേണ്ടതില്ലെന്ന തീരുമാനം ഉണ്ടായതിനു പിന്നിൽ ഉമ്മൻചാണ്ടിയാണെന്ന് പരോക്ഷ​ സൂചനയും പുസ്തകത്തിൽ ജേക്കബ് തോമസ് നൽകുന്നുണ്ട്. ബാർ ഉടമ ബിജു രമേശിന്റെ രഹസ്യമൊഴിയിൽ നാലു പേജ് കെ ബാബുവിനെതിരായിരുന്നു. എന്നാൽ അന്വേഷണത്തോട് രമേശ് ചെന്നിത്തലയ്ക്ക് വിയോജിപ്പില്ലായിരുന്നെന്നും പുസ്തകം പറയുന്നു. പുസ്തകത്തിൽ യുഡിഎഫ് നേതാക്കൾക്കെതിരെയുള്ള വാചകശരങ്ങളാണ് മുഖ്യമന്ത്രിക്കു കത്ത് നൽകുന്നതിലേക്ക് കെ സി ജോസഫിനെ പ്രേരിപ്പിച്ച ഘടകം.

സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നു നിർബന്ധിച്ചപ്പോഴാണ് തന്നെ ഫയർഫോഴ്സ് മേധാവി സ്ഥാനത്തുനിന്നും നീക്കിയതെന്നും പല കാര്യങ്ങളിലും ജനവിരുദ്ധനെന്നു ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചുവെന്നും പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. വിജിലൻസ് സ്ഥാനത്തുനിന്നും അവധിയിലായതും തുടർന്ന് സ്ഥാനം തന്നെ നഷ്ടമായതും എങ്ങനെയെന്നുമൊക്കെ അദ്ദേഹം പുസ്തകത്തിൽ പരാമർശ വിധേയമാക്കുന്നുണ്ട്.