കോടതി വിധി പഠിച്ചശേഷം നടപടിയെന്ന് മുഖ്യമന്ത്രി; രാജ്യത്തെ എല്ലാ പോലീസുകാർക്കും പ്രയോജനകരമായ വിധിയെന്ന് സെൻകുമാർ

കണ്ണൂർ ഗസ്റ്റ് ഹൗസിൽ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയശേഷമാണ് വിധി പൂർണമായും പഠിച്ചശേഷം നടപടിയെടുക്കുമെന്ന് പ്രസ്താവിച്ചത്. എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസിന് പ്രയോജനകരമായ വിധിയാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത് എന്ന് മുൻ ഡിജിപി ടി പി സെൻകുമാറും പ്രതികരിച്ചു.

കോടതി വിധി പഠിച്ചശേഷം നടപടിയെന്ന് മുഖ്യമന്ത്രി; രാജ്യത്തെ എല്ലാ പോലീസുകാർക്കും പ്രയോജനകരമായ വിധിയെന്ന് സെൻകുമാർ

ടി പി സെന്‍കുമാര്‍ വിഷയത്തിലെ സുപ്രീംകോടതി വിധിയിൽ നടപടി വിധി പൂർണമായും പഠിച്ച ശേഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് മേധാവി സ്ഥാനത്തു നിന്നു മാറ്റിയത് ചോദ്യം ചെയ്ത് ടി പി സെന്‍കുമാര്‍ നല്‍കിയ ഹരജിയിൽ സർക്കാരിനെതിരെ സുപ്രീം കോടതി വിധി വന്നത് സംബന്ധിച്ച് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു പിണറായി.കാര്യങ്ങൾ പൂർണമായി വരട്ടെ.അപ്പോൾ നിയമപരമായി എന്താണ് ചെയ്യാൻ പറ്റുന്നത് അത് ചെയ്യുമെന്ന് പിണറായി വിശദീകരിച്ചു.

കണ്ണൂർ ഗസ്റ്റ് ഹൗസിൽ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. രാവിലെ പതിനൊന്ന് മുക്കാലിന് നടന്ന കൂടിക്കാഴ്ചക്കു ശേഷമാണ് പിണറായി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.

അതേസമയം സുപ്രീം കോടതി വിധി എല്ലാ സംസ്ഥാനങ്ങളിലെ പൊലീസിനും പ്രയോജനകരമായിരിക്കുമെന്ന് ഡിജിപി ടിപി സെൻകുമാർ . സത്യസന്ധമായി ജോലി ചെയ്തതിന്റെ പേരിൽ ഒരു പോലീസുകാരനും പീഡിപ്പിക്കപ്പെടരുതെന്നും സെൻകുമാർ പറഞ്ഞു. സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു സെൻകുമാർ. സംസ്ഥാന സർക്കാരിനെ പറ്റി ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

സെൻകുമാറിനെ ഡിജിപി സ്ഥാനത്തേക്കു തിരിച്ചെടുക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. സംസ്ഥാന സർക്കാരിന്റെ വാദങ്ങളെല്ലാം തള്ളിയാണ് സെൻകുമാറിനെ ഡിജിപിയായി വീണ്ടും നിയമിക്കണമെന്ന് സുപ്രീംകോടതി വിധിച്ചത്.