ബീഫ് നിരോധനം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും; പ്രധാനമന്ത്രിക്ക് പിണറായി വിജയന്റെ തുറന്നകത്ത്

റമദാന്‍ വ്രതം ആരംഭിക്കുന്നതിന്റെ തലേന്ന് ഇത്തരം ഒരു നിയന്ത്രണം കൊണ്ടുവന്നത് ചില സമുദായങ്ങളോടുളള ആക്രമണമായേ കാണാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി പറയുന്നു.

ബീഫ് നിരോധനം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും; പ്രധാനമന്ത്രിക്ക് പിണറായി വിജയന്റെ തുറന്നകത്ത്

കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പുചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക്, മുഖ്യമന്ത്രി പിണറായി വിജയന്റെ തുറന്ന കത്ത്. രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതവും ജീവിതമാര്‍ഗവും തകരാറിലാക്കുന്ന തീരുമാനം റദ്ദാക്കണമെന്ന് പിണറായി, കത്തില്‍ ആവശ്യപ്പെടുന്നു. കേന്ദ്രം ഇറക്കിയ വിജ്ഞാപന പ്രകാരം, കന്നുകാലികളെ കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കാനാണെന്ന് രേഖാമൂലം തെളിവ് നല്‍കിയാലേ ചന്തയില്‍ കാലികളെ വില്‍ക്കാനും വാങ്ങാനും കഴിയൂ. ഇത് കാര്‍ഷികാവശ്യത്തിനും വീട്ടാവശ്യത്തിനും കന്നുകാലികളെ ഉപയോഗിക്കുന്ന ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കര്‍ഷകരില്‍ തീരെ ചെറിയ ശതമാനത്തിന് മാത്രമേ ഇത്തരം രേഖകള്‍ ഹാജരാക്കാന്‍ പറ്റുകയുളളൂ. ജില്ലാതലത്തില്‍ മൃഗവിപണന കമ്മിറ്റികളും മേല്‍നോട്ട കമ്മിറ്റികളും രൂപീകരിക്കാന്‍ പുതിയ വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നുണ്ട്. കാലിവ്യാപാരികള്‍ക്കും കാലികളെ കൊണ്ടുപോകുന്നവര്‍ക്കുമെതിരെ ആക്രമണം നടത്തികൊണ്ടിരുന്ന ഗോരക്ഷാ സമിതികള്‍ ഈ കമ്മിറ്റികളുടെ അധികാരം കൈയാളുമെന്ന ഉത്കണ്ഠ ജനങ്ങള്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. രാജ്യത്തെ ദളിതര്‍ ഉള്‍പ്പെടെയുളള ദശലക്ഷക്കണക്കിന് പാവങ്ങള്‍ക്ക് മാംസത്തില്‍നിന്നാണ് മുഖ്യമായും പ്രോട്ടീന്‍ ലഭിക്കുന്നത്.

റമദാന്‍ വ്രതം ആരംഭിക്കുന്നതിന്റെ തലേന്ന് ഇത്തരം ഒരു നിയന്ത്രണം കൊണ്ടുവന്നത് ചില സമുദായങ്ങളോടുളള ആക്രമണമായേ കാണാന്‍ കഴിയൂ. മതന്യൂനപക്ഷങ്ങള്‍ മാത്രമല്ല എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും മാംസം കഴിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. പുതിയ തീരുമാനം ഇന്ത്യയിലെ തുകല്‍ വ്യവസായത്തിന് അസംസ്‌കൃത സാധനം കിട്ടാതാക്കും. ഇന്ത്യയിലെ തുകല്‍ വ്യവസായത്തില്‍ 25 ലക്ഷം പേര്‍ തൊഴിലെടുക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും ദളിതരാണ്. അതുകൊണ്ടുതന്നെ ഈ തീരുമാനം രാജ്യത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ജീവിതത്തെയും ജീവിതോപാധിയേയും ഗുരുതരമായി ബാധിക്കും.

മാംസ കയറ്റുമതിയില്‍ ആഗോള വിപണിയില്‍ ഇന്ത്യക്ക് പ്രമുഖമായ സ്ഥാനമുണ്ട്. നിരോധനം മാംസ കയറ്റുമതിയെയും അതുവഴി ഇന്ത്യക്ക് ലഭിക്കുന്ന വിദേശ നാണ്യത്തെയും ബാധിക്കും. കേരളാ മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യാ ഉള്‍പ്പെടെ ഈ രംഗത്തുളള പൊതുമേഖലാ മാംസ സംസ്‌കരണ വ്യവസായങ്ങളെയും ഇത് തകര്‍ക്കും.

കേരളത്തില്‍ വലിയവിഭാഗം ജനങ്ങള്‍ മാംസാഹാരം കഴിക്കുന്നവരാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും വടക്കുകിഴക്കു സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. അസം, ബിഹാര്‍, ഛത്തിസ്ഗഡ്, ഗോവ, ജമ്മു-കശ്മീര്‍, ജാര്‍ഘണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും മാംസാഹാരം കഴിക്കുന്നവരാണ് കൂടുതല്‍. അതിനാല്‍ സംസ്ഥാനങ്ങളോട് ആലോചിച്ചുമാത്രമേ ഇത്തരത്തിലുളള തീരുമാനം എടുക്കാന്‍ പാടുളളൂ. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെയുളള ഇത്തരം ദൂരവ്യാപകഫലമുണ്ടാക്കുന്ന നടപടികള്‍ ജനാധിപത്യത്തിന് വലിയ ദോഷമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ പറയുന്നു.