സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവം; യുവതിയുടേത് ധീരമായ നടപടിയെന്ന് മുഖ്യമന്ത്രി; എല്ലാ പിന്തുണയും നല്‍കും

ഇടതുപക്ഷ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായായിരുന്നു പിണറായിയുടെ പ്രതികരണം.

സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവം; യുവതിയുടേത് ധീരമായ നടപടിയെന്ന് മുഖ്യമന്ത്രി; എല്ലാ പിന്തുണയും നല്‍കും

യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ഉദാത്തമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെണ്‍കുട്ടിയുടേത് നല്ലധീരമായ നടപടിയാണ്, അതിലൊരുസംശയവുമില്ല. ശക്തമായ നടപടിയുണ്ടായല്ലോ. അതിന് പിന്തുണകൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായായിരുന്നു പിണറായിയുടെ പ്രതികരണം.

പന്മന ആശ്രമത്തിലെ ഗണേശാനന്ദ തീര്‍ത്ഥ പാദ സ്വാമി എന്ന ഹരിയുടെ ജനനേന്ദ്രിയമാണ് പീഡനശ്രമം ചെറുക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശിനിയായ യുവതി മുറിച്ചത്. 54 കാരനായ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പന്മന ആശ്രമത്തിലെ തിരുവനന്തപുരം സെന്ററിലെ അന്തേവാസിയാണ് ഇയാള്‍.കഴിഞ്ഞ ഏഴുവര്‍ഷമായി ഇയാള്‍ നിരന്തരമായി പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. പെണ്‍കുട്ടിയുടെ അമ്മയുമായി ഇയാള്‍ക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 23 വയസ് പ്രായമുണ്ട്. വിദ്യാര്‍ത്ഥിയായിരിക്കെതന്നെ ഇയാള്‍ പെണ്‍കുട്ടിയോട് ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും പീഡനശ്രമം നടത്തുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇതിനിടെ ലൈംഗികതിക്രമമുണ്ടായപ്പോഴാണ് പെണ്‍കുട്ടി സ്വയരക്ഷയ്ക്കായി ഇയാളുടെ ജനനേന്ദ്രിയം മുറിച്ചത്. പെണ്‍കുട്ടിയുടെ അച്ഛന്‍ വര്‍ഷങ്ങളായി തളര്‍വാതം പിടിച്ച് കിടപ്പിലാണ്. അച്ഛന്റെ ചികിത്സയ്ക്കും പൂജ നടത്തിപ്പിനും എന്ന നിലയ്ക്കാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ബന്ധം പുലര്‍ത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തുമെന്നറിഞ്ഞ പെണ്‍കുട്ടി കത്തി കൈയില്‍കരുതുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെയാണ് ഇന്നലെ ഇയാളെ ആശുപത്രിയിലെത്തിച്ചത്. പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞതിനാല്‍ ഇയാളുടെ ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.