ഇല്ലാത്ത വാര്‍ത്തകള്‍ പടച്ചുവിടുന്നത് ഗൗരവതരം; മുഖ്യമന്ത്രി പിണറായി വിജയന്‍

വാര്‍ത്തയുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതില്‍ പത്രാധിപന്മാര്‍ ശ്രദ്ധിച്ച കാലമുണ്ടായിരുന്നു. ഇന്ന് അത്തരക്കാരുടെ എണ്ണം കുറയുകയാണ്. മാധ്യമ മത്സരത്തിനിടെ വാര്‍ത്തയുടെ വിശ്വാസ്യത ചോര്‍ന്നുപോകുന്നുവെന്നും പിണറായി പറഞ്ഞു.

ഇല്ലാത്ത വാര്‍ത്തകള്‍ പടച്ചുവിടുന്നത് ഗൗരവതരം; മുഖ്യമന്ത്രി പിണറായി വിജയന്‍

ഇല്ലാത്ത വാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം കൂടിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൂര്യപ്രകാശത്തിലും കണ്ണടച്ച് ഇരുട്ടാക്കുന്നവരാണിവര്‍. വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷഇക്കാതെ തോന്നിയതുപോലെ വാര്‍ത്തയുണ്ടാക്കല്‍ ദേശീയതലത്തിലും വര്‍ധിക്കുന്നു. ഗൗരവമായി കാണേണ്ട വിഷയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തെരുവുനാടകം അവതരിപ്പിച്ചപ്പോള്‍ ഒരു ദേശീയമാധ്യമം തെരുവില്‍ യുവതിയെ ആക്രമിക്കുന്നു എന്ന പേരില്‍ ആ ദൃശ്യം കൊടുത്തു. ആരോ പറഞ്ഞുകൊടുത്തത് അതുപോലെ വാര്‍ത്തയാക്കിയതിന്റെ ദുരന്തമാണിത്. മാധ്യമസ്ഥാപനങ്ങള്‍ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം. വാര്‍ത്തയുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതില്‍ പത്രാധിപന്മാര്‍ ശ്രദ്ധിച്ച കാലമുണ്ടായിരുന്നു. ഇന്ന് അത്തരക്കാരുടെ എണ്ണം കുറയുകയാണ്. മാധ്യമ മത്സരത്തിനിടെ വാര്‍ത്തയുടെ വിശ്വാസ്യത ചോര്‍ന്നുപോകുന്നുവെന്നും പിണറായി പറഞ്ഞു. ജനാധിപത്യം നിലനിര്‍ത്താനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട്.

ചില മാധ്യമപ്രവര്‍ത്തകരും സ്ഥാപനങ്ങളും പ്രത്യേക അജന്‍ഡ നടപ്പാക്കുന്നതുപോലെ പ്രവര്‍ത്തിക്കുന്നത് കാണാം. മ്യാന്‍മറില്‍നിന്നുള്ള റോഗിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ഇത് ദൃശ്യമാണ്. ഇന്ത്യയിലെ മുഴുവന്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെയും നാടുകടത്തിയാലേ രക്ഷയുള്ളൂ എന്നാണ് ചില മാധ്യമങ്ങള്‍ നിലപാടെടുക്കുന്നത്. മനുഷ്യത്വത്തിനൊപ്പം നില്‍ക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.


എതിര്‍ക്കുന്നവരെ വകവരുത്തുന്നതിനെതിരേ ധീരമായ നിലപാടെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണം. എത്രപേര്‍ക്ക് അതിന് കഴിയുമെന്ന് വിമര്‍ശനാത്മകമായി ചിന്തിക്കണം. ആശയത്തെ ആയുധംകൊണ്ട് ഇല്ലാതാക്കാമെന്നത് ഇരുട്ടിന്റെ ശക്തികളുടെ ചിന്തയാണ്. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് അസഹിഷ്ണുതയുടെ ശക്തികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More >>