പൊലീസിനെ ശരിയാക്കാനുറച്ചു പിണറായി; മുഖ്യമന്ത്രി നേരിട്ടു പങ്കെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗങ്ങൾക്ക് ഇന്നു തുടക്കം

പൊതുപ്രവർത്തകർക്കു യുഎപിഎ ചുമത്തുന്ന വിഷയത്തിലുൾപ്പെടെ പൊലീസിന്റെ നിലപാട് എൽഡിഎഫ് നയത്തിനു വിരുദ്ധമാണെന്ന വിമർശനം ഉയരുന്നതിനിടെയാണ് എസ്‌ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ യോഗങ്ങൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരം യോഗത്തിൽ മുഖ്യമന്ത്രി നേരിട്ടു പങ്കെടുക്കുന്നത്. യോഗത്തിൽ പിണറായി വിജയൻ എൽഡിഎഫ് പൊലീസ് നയം നടപ്പിലാക്കുന്നത് സംബന്ധിച്ച് നിർദേശം നൽകും.

പൊലീസിനെ ശരിയാക്കാനുറച്ചു പിണറായി; മുഖ്യമന്ത്രി നേരിട്ടു പങ്കെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗങ്ങൾക്ക് ഇന്നു തുടക്കം

ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് കടുത്ത വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പൊലീസ് സേനക്ക് മേൽ പിടിമുറുക്കാനുള്ള നീക്കങ്ങൾ പിണറായി വിജയൻ ശക്തമാക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി എസ്‌ഐ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗങ്ങൾ ഇന്ന് തുടക്കം കുറിച്ചു. മുഖ്യമന്ത്രി നേരിട്ടു പങ്കെടുക്കുന്ന താഴേത്തട്ടിലെ ഉദ്യോഗസ്ഥരുടെ ഇത്തരം യോഗം സംസ്ഥാനത്ത് ആദ്യമാണ്.

തിരുവനന്തപുരം റേഞ്ചിലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗമാണ് ഇന്ന് നടന്നത്. ടെക്‌നോപാർക്കിലെ പാർക്ക് സെന്ററിലായിരുന്നു യോഗം. തുടർന്ന് 24നു കണ്ണൂർ റേഞ്ച് യോഗം കണ്ണൂരും 29നു എറണാകുളം റേഞ്ച് യോഗം എറണാകുളത്തും 29നു തൃശൂർ റേഞ്ച് യോഗം മലപ്പുറത്തും നടക്കും. യോഗങ്ങളിൽ ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കും.

എൽഡിഎഫ് സർക്കാരിന്റെ പൊലീസ് നയത്തെപ്പറ്റിയാണ് മുഖ്യമന്ത്രി യോഗത്തിൽ വിശദീകരണം നൽകുന്നത് . പൊതുപ്രവർത്തകരുടെ പേരിൽ യുഎപിഎ കേസ് പാടില്ലെന്ന എൽഡിഎഫ് നിലപാട് പാലിക്കണമെന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ജനോപകാരപ്രദവും സ്ത്രീ സൗഹൃദവുമായ പൊലീസ് പ്രവർത്തനം നടപ്പിൽ വരുത്താനാവശ്യമായ നിർദേശങ്ങളും യോഗത്തിൽ മുഖ്യമന്ത്രി നൽകും. ലോക്കപ്പ് മർദനം അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി കർശന നിർദേശങ്ങലാണ് നൽകുക.

പോലീസിന്റെ നിലപാടുകളും പെരുമാറ്റവും സംബന്ധിച്ച് സിപിഐഎമ്മിനുള്ളിൽ തന്നെ കടുത്ത വിമർശനങ്ങളുയരുന്ന സാഹചര്യത്തിലാണ് സേനയെ നന്നാക്കാനായി പിണറായി വിജയൻ നേരിട്ടിറങ്ങുന്നത്. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ പിണറായി പരാജയമാണെന്ന പ്രതിപക്ഷ അഭിപ്രായത്തെയും മുഖ്യമന്ത്രി ഗൗരവമായി നോക്കിക്കാണുന്നുണ്ട്. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എൽഡിഎഫിന്റെ പൊലീസ് നയത്തെ നോക്കുകുത്തിയാക്കുന്നു എന്ന വിലയിരുത്തൽ കൂടിയുള്ള സാഹചര്യത്തിലാണ് പിണറായി നേരിട്ട് താഴെത്തട്ടിലെ ഉദ്യോഗസ്ഥരോട് സംവദിക്കുന്നത്.