'കോൺഗ്രസ് നേതാക്കൾ വഞ്ചിച്ചു'; കണ്ണൂരിലെ കരാറുകാരനെ കൊലപ്പെടുത്തിയതാണെന്ന് ഭാര്യ

ജോയിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും പിറ്റേന്ന്‌ പുലർച്ചെവരെ ആശുപത്രി കെട്ടിടത്തിലും പരിസരത്തും തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇവർ തെരച്ചിൽ നടത്തിയ മൂന്നാം നിലയിലാണ്‌ രാവിലെ ഒമ്പതോടെ മൃതദേഹം കണ്ടെത്തിയതെന്നത് മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നു.

കോൺഗ്രസ് നേതാക്കൾ വഞ്ചിച്ചു; കണ്ണൂരിലെ കരാറുകാരനെ കൊലപ്പെടുത്തിയതാണെന്ന് ഭാര്യ

കണ്ണൂരിലെ കെട്ടിട നിർമാണ കരാറുകാരൻ ജോയി എന്ന ജോസഫ്‌ മുതുപാറകുന്നേലിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ഭാര്യ മിനി. കെ കരുണാകരന്റെ സ്മരണാർത്ഥം നിർമിച്ച ആശുപത്രിയുടെ നിർമാണ തുക നൽകാമെന്ന് പലതവണ പറഞ്ഞ് ജോയിയെ കോൺഗ്രസ് നേതാക്കൾ നിരവധി തവണ വഞ്ചിച്ചതായും മിനി മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ ജോയിയുടെ കൈവശം ഉണ്ടായിരുന്നതായും അവ നഷ്ടപ്പെട്ടതായും അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മിനി പറഞ്ഞു. എല്ലാ സമ്പാദ്യവും ചെലവഴിച്ചാണ്‌ അദ്ദേഹം ആശുപത്രി കെട്ടിടം പൂർത്തിയാക്കിയതെന്നും മിനി വ്യക്തമാക്കി.

കോൺഗ്രസ്‌ നേതാക്കളായ കെ കുഞ്ഞികൃഷ്‌ണൻ നായരും റോഷി ജോസും ഒരാഴ്‌ച മുമ്പും പണം നൽകാമെന്നു പറഞ്ഞിരുന്നുവെന്നും ജോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സഹോദരൻ മാർട്ടിൻ മുതുപാറകുന്നേൽ പറഞ്ഞു. പണം നൽകാമെന്നു പറഞ്ഞ്‌ ട്രസ്‌റ്റ്‌ ഭാരവാഹികളായ നേതാക്കൾ വിളിപ്പിച്ചതനുസരിച്ച്‌ പകൽ രണ്ടോടെ സ്വന്തം കാറിൽ പുറപ്പെട്ട ജോസഫിനെ പിന്നീട്‌ കാണാതാവുകയും വ്യാഴാഴ്‌ച പുലർച്ചയോടെ ചെറുപുഴ കെ കരുണാകരൻ സ്‌മാരക ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

ജോയിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും പിറ്റേന്ന്‌ പുലർച്ചെവരെ ആശുപത്രി കെട്ടിടത്തിലും പരിസരത്തും തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇവർ തെരച്ചിൽ നടത്തിയ മൂന്നാം നിലയിലാണ്‌ രാവിലെ ഒമ്പതോടെ മൃതദേഹം കണ്ടെത്തിയതെന്നത് മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നു. ഇരു കൈകളുടെയും വലതുകാലിന്റെയും ഞരമ്പുകൾ മുറിച്ച്‌ രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. എന്നാൽ വസ്ത്രത്തിൽ രക്തം പുരളാതിരുന്നതും ദുരൂഹത വർധിപ്പിക്കുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.