ചരക്കു സേവന നികുതി; ചെക്ക്‌പോസ്റ്റുകള്‍ക്ക് പകരം ചുമതല ക്യാമറകള്‍ക്ക്

വാളയാറിലായിരിക്കും സിസിടിവി ക്യാമറകള്‍ ആദ്യം സ്ഥാപിക്കുക. നികുതിവെട്ടിച്ച് സാധനങ്ങള്‍ ഊടുവഴിയിലൂടെ കടത്തുന്നത് തടയാന്‍ പ്രധാന പാതകള്‍ക്ക് പുറമെ ഊടു വഴികളിലും ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

ചരക്കു സേവന നികുതി; ചെക്ക്‌പോസ്റ്റുകള്‍ക്ക് പകരം ചുമതല ക്യാമറകള്‍ക്ക്

ചരക്കു സേവന നികുതി [ജിഎസ്ടി] നടപ്പാക്കുന്നതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകള്‍ അടച്ചുപൂട്ടുമ്പോള്‍ പകരം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. നികുതിവെട്ടിച്ച് സാധനങ്ങള്‍ ഊടുവഴിയിലൂടെ കടത്തുന്നത് തടയാന്‍ പ്രധാന പാതകള്‍ക്ക് പുറമെ ഊടു വഴികളിലും ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

വാണിജ്യനികുതി വകുപ്പിന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാമറകള്‍ വാങ്ങാനുള്ള ടെണ്ടര്‍ ഉടന്‍ വിളിക്കും. വാളയാറിലായിരിക്കും സിസിടിവി ക്യാമറകള്‍ ആദ്യം സ്ഥാപിക്കുക. തുടര്‍ന്ന് മുത്തങ്ങ ഉള്‍പടെയുള്ള മറ്റു അതിര്‍ത്തി ഭാഗങ്ങളിലേക്കും ഇതു വ്യാപിപ്പിക്കും. സിസിടിവി നിരീക്ഷണത്തിന് പുറമെ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കും.

അതിര്‍ത്തി കടക്കുന്ന ചരക്കുവാഹനങ്ങളുടെ ചിത്രം സിസിടിവി ക്യാമറയുപയോഗിച്ച് പകര്‍ത്തി വാണിജ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കും.വാഹന നമ്പരും ഇന്‍വോയിസ് നമ്പരും ഒത്തുനോക്കി നികുതി അടച്ചാണോ ചരക്കു കടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുവരുത്താം. ഇതര സംസ്ഥാനങ്ങളുടെ ജിഎസ്ടി അടയ്ക്കുമ്പോള്‍ വാഹനത്തിന്റെ നമ്പരും ബില്‍നമ്പരും കമ്പ്യൂട്ടറില്‍ ചേര്‍ക്കണം. സംസ്ഥാനത്തെ 25 ശതമാനം വ്യാപാരികള്‍ കൂടി മാത്രമേ ഇനി ജിഎസ്ടിയുടെ ഭാഗമാകാനുള്ളൂ. ജിഎസ്ടി നടപ്പാക്കുന്നതോടെ സംസ്ഥാനങ്ങളുടെ സാമ്പത്തികമേഖലയില്‍ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.