നീറ്റ് പരീക്ഷയിലെ വിവാദ പരിശോധന ദൗര്‍ഭാഗ്യകരമെന്നു സിബിഎസ്ഇ: പ്രിൻസിപ്പൽ മാപ്പ് പറയണം; എറണാകുളത്ത് ആദ്യകേസ് രജിസ്റ്റർ ചെയ്തു

വിദ്യാർഥിനികളോട് കണ്ണൂർ കുഞ്ഞിമം​ഗലം കൊവ്വപ്പുറം ടിസ്ക് സ്കൂൾ പ്രിൻസിപ്പൽ നിരുപാധികം മാപ്പ് പറയണമെന്നും സിബിഎസ്ഇ ആവശ്യപ്പെട്ടു. കണ്ണൂരിലെ സംഭവമാെഴിച്ചുനിർത്തിയാൽ രാജ്യത്ത് മറ്റെവിടെയും യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായില്ല. ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വിശ്വാസ്യത കാക്കാൻ നടപടികളുണ്ടാവും- സിബിഎസ്ഇ അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു

നീറ്റ് പരീക്ഷയിലെ വിവാദ പരിശോധന ദൗര്‍ഭാഗ്യകരമെന്നു സിബിഎസ്ഇ:  പ്രിൻസിപ്പൽ മാപ്പ് പറയണം; എറണാകുളത്ത് ആദ്യകേസ് രജിസ്റ്റർ ചെയ്തു

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടു അടിവസ്ത്രം അഴിപ്പിച്ചതടക്കം കേരളത്തിലുണ്ടായ സംഭവങ്ങൾ നിർഭാ​ഗ്യകരമാണെന്നു സിബിഎസ്ഇ. പ്രശ്നങ്ങൾക്കു കാരണം ചിലരുടെ അമിതാവേശമാണെന്നും സിബിഎസ്ഇ അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

വിദ്യാർഥിനികളോട് കണ്ണൂർ കുഞ്ഞിമം​ഗലം കൊവ്വപ്പുറം ടിസ്ക് സ്കൂൾ പ്രിൻസിപ്പൽ നിരുപാധികം മാപ്പ് പറയണമെന്നും സിബിഎസ്ഇ ആവശ്യപ്പെട്ടു. കണ്ണൂരിലെ സംഭവമാെഴിച്ചുനിർത്തിയാൽ രാജ്യത്ത് മറ്റെവിടെയും യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായില്ല. ഭാവിയിൽ ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വിശ്വാസ്യത കാക്കാൻ നടപടികളുണ്ടാവും.

പരീക്ഷ നടത്തിപ്പിൽ വീഴ്ചയില്ല. നടപടി ക്രമങ്ങൾ തീരുമാനിച്ചത് സുപ്രീം കോടതി നിർദേശങ്ങൾ അനുസരിച്ചാണെന്നും ഇത് എല്ലാവരേയും അറിയിച്ചതാണെന്നും സിബിഎസ്ഇ അറിയിച്ചു.

അതേസമയം, നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയതിനെതിരെ ആദ്യ കേസ് എറണാകുളത്ത് രജിസ്റ്റർ ചെയ്തു. ജില്ലയിലെ ഒരു സ്കൂളിൽ പരീക്ഷയ്ക്കെത്തിയ കണ്ണൂർ സ്വദേശിനിയായ വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം കുറുപ്പംപടി പോലീസാണ് കേസെടുത്തിരിക്കുന്നത്. പരാതിയെ തുടർന്ന് വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

എന്നാൽ കണ്ണൂരിലെ സംഭവത്തിൽ ആർക്കുമെതിരെ കേസെടുത്തിട്ടില്ല. ഇതുവരെ പരാതിയുമായി ആരും സമീപിച്ചിട്ടില്ലെന്നാണ് പൊലീസ് വാദം. സംഭവത്തിൽ ഇന്നലെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. സിബിഎസ്ഇ റീജ്യണൽ ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.