കലാഭവൻ മണിയുടെ മരണം; കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു

മണിയുടെ ബന്ധുക്കളുടെ ഹരജി പരി​ഗണിച്ചുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. സിബിഐ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനായി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ചാലക്കുടിയിലെത്തി സിഐയിൽ നിന്നും കേസ് ഡയറി സ്വീകരിച്ചു.

കലാഭവൻ മണിയുടെ മരണം; കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു

നടൻ കലാഭവൻ മണിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു. മണിയുടെ ബന്ധുക്കളുടെ ഹരജി പരി​ഗണിച്ചുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. സിബിഐ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനായി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ചാലക്കുടിയിലെത്തി സിഐയിൽ നിന്നും കേസ് ഡയറി സ്വീകരിച്ചു.

കേസ് ഏറ്റെടുക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം നേരത്തെ സിബിഐ തള്ളിയിരുന്നു. കേസ് ഏറ്റെടുക്കാനാവില്ലെന്നും സിബിഐ അന്വേഷിക്കേണ്ട കാര്യങ്ങളൊന്നും ഇതിലില്ലെന്നുമായിരുന്നു അവരുടെ നിലപാട്. എന്നാൽ മരണത്തിൽ ഗുഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇതോടെയാണ്, സിബിഐ നിലപാട് തള്ളി ഹൈക്കോടതി അവർ തന്നെ കേസ് അന്വേഷണിക്കണമെന്ന് ഉത്തരവിട്ടത്. കഴിഞ്ഞ മാസം 12 നാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വന്നത്. സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍, ഭാര്യ നിമ്മി എന്നിവരുടെ ഹരജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.

മണിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുക്കുന്നതോടെ വീണ്ടും ശാസ്ത്രീയ പരിശോധന അടക്കമുള്ള കാര്യങ്ങൾ ചെയ്യേണ്ടിവരും. മണിയുടെ ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല. മണിയുടെ ശരീരത്തിൽ മെഥനോൾ അടങ്ങിയ മദ്യത്തിന്‍റെ അംശമുണ്ടായിരുന്നുവെന്നു വാർത്തകൾ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ ശാസ്ത്രീയ പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല.

സ്വാഭാവിക മരണമാണോ കൊലപാതകമാണോ എന്നത് സംബന്ധിച്ച് നിഗമനത്തിലെത്താന്‍ കേസ് അന്വേഷിച്ച കേരളാ പൊലീസിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനും കോടതിക്കും ഹരജി സമർപ്പിച്ചത്.