കലാഭവൻ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി; കേസ് ഏറ്റെടുക്കാനാവില്ലെന്ന സിബിഐ നിലപാടിനു തിരിച്ചടി

കരൾ രോ​ഗമായിരുന്നു മണിയുടെ മരണ കാരണമെന്നും രാസ പരിശോധനയടക്കം വിശദമായ അന്വേഷണങ്ങള്‍ നടന്നിട്ടുണ്ടെന്നും അതിനാൽ കേസ് ഏറ്റെടുക്കാനാവില്ലെന്നുമായിരുന്നു നേരത്തെ സിബിഐ കോടതിയെ അറിയിച്ചിരുന്നത്. ഇത് തള്ളിയ കോടതി ഒരുമാസത്തിനുള്ളിൽ കേസ് ഏറ്റെടുക്കണമെന്നും സിബിഐക്കു നിർദേശം നൽകി. കേസിലെ ദുരൂഹതകൾ നീക്കേണ്ടതുണ്ടെന്നും സമാന കേസുകൾ അന്വേഷിക്കുന്ന വിഭാ​ഗത്തെ മണിയുടെ മരണത്തിലെ അന്വേഷണം ഏൽപ്പിക്കാനും കോടതി സിബിഐയോട് ആവശ്യപ്പെട്ടു.

കലാഭവൻ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി; കേസ് ഏറ്റെടുക്കാനാവില്ലെന്ന സിബിഐ നിലപാടിനു തിരിച്ചടി

നടൻ കലാഭവൻ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് ഏറ്റെടുക്കാനാവില്ലെന്ന സിബിഐ നിലപാട് തള്ളിയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

കരൾ രോ​ഗമായിരുന്നു മണിയുടെ മരണ കാരണമെന്നും രാസ പരിശോധനയടക്കം വിശദമായ അന്വേഷണങ്ങള്‍ നടന്നിട്ടുണ്ടെന്നും അതിനാൽ കേസ് ഏറ്റെടുക്കാനാവില്ലെന്നുമായിരുന്നു നേരത്തെ സിബിഐ കോടതിയെ അറിയിച്ചിരുന്നത്. ഇത് തള്ളിയ കോടതി ഒരുമാസത്തിനുള്ളിൽ കേസ് ഏറ്റെടുക്കണമെന്നും സിബിഐക്കു നിർദേശം നൽകി. കേസിലെ ദുരൂഹതകൾ നീക്കേണ്ടതുണ്ടെന്നും സമാന കേസുകൾ അന്വേഷിക്കുന്ന വിഭാ​ഗത്തെ മണിയുടെ മരണത്തിലെ അന്വേഷണം ഏൽപ്പിക്കാനും കോടതി സിബിഐയോട് ആവശ്യപ്പെട്ടു.

മണിയുടെ മരണത്തില്‍ ദുരൂഹത നടന്നിട്ടുണ്ടെന്നും അത് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തരസെക്രട്ടറി ഉതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുകയും അന്വേഷണത്തിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിനു കൈമാറുകയും ചെയ്തിരുന്നു.

എന്നാല്‍ കേസ് ഏറ്റെടുക്കാനാകില്ല എന്ന നിലപാടാണ് സിബിഐക്ക് ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഇതിനുശേഷം 2017 ഏപ്രില്‍ ആദ്യം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഹൈക്കോടതി ഉത്തരവ് വരുന്നത്.

2016 മാര്‍ച്ച് ആറിനാണ് കലാഭവൻ മണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ചാലക്കുടി പുഴയോരത്തെ ഔട്ട്ഹൗസായിരുന്ന 'പാടി'യില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റേയും സാന്നിധ്യമുണ്ടെന്ന് കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

എന്നാല്‍ ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം തള്ളി മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളും നടന്‍മാരുമായ ജാഫര്‍ ഇടുക്കി, സാബു എന്നിവര്‍ക്കെതിരെയും മറ്റു സുഹൃത്തുക്കള്‍ക്കുമെതിരെ മണിയുടെ സഹോദരന്‍ സംശയമുന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് എല്ലാവരേയും പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.