ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ സിബിഐ: കുറ്റവിമുക്തമാക്കിയ നടപടി നിയമവിരുദ്ധം; തെളിവുകള്‍ പരിശോധിച്ചില്ല

കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതിവിട്ടുകൊണ്ടുള്ള വിധിക്കെതിരെ നല്‍കിയ റിവിഷന്‍ ഹരജിയിലാണ് സിബിഐയുടെ പരാമര്‍ശം. പ്രതികളുടെ വാദങ്ങള്‍ അതേപടി അംഗീകരിക്കുകയാണ് കോടതി ചെയ്തതെന്നും സിബിഐ റിവിഷന്‍ ഹരജിയില്‍ ആരോപിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജനാണ് സിബിഐയ്ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ സിബിഐ: കുറ്റവിമുക്തമാക്കിയ നടപടി നിയമവിരുദ്ധം; തെളിവുകള്‍ പരിശോധിച്ചില്ല

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹൈക്കോടതിയില്‍ സിബിഐ. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ വെറുതെ കുറ്റവിമുക്തമാക്കിയത് നിയമവിരുദ്ധമാണെന്ന് സിബിഐ അഭിപ്രായപ്പെട്ടു. സാക്ഷിമൊഴികളോ തെളിവുകളോ പരിശോധിക്കാന്‍ വിചാരണക്കോടതി തയ്യാറായില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി.

കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതിവിട്ടുകൊണ്ടുള്ള വിധിക്കെതിരെ നല്‍കിയ റിവിഷന്‍ ഹരജിയിലാണ് സിബിഐയുടെ പരാമര്‍ശം. പ്രതികളുടെ വാദങ്ങള്‍ അതേപടി അംഗീകരിക്കുകയാണ് കോടതി ചെയ്തതെന്നും സിബിഐ റിവിഷന്‍ ഹരജിയില്‍ ആരോപിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജനാണ് സിബിഐയ്ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

റിവിഷന്‍ ഹരജിയില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ തന്നെയാണ് സിബിഐ വാദത്തിലും പറഞ്ഞിരിക്കുന്നത്. കേസിലെ കുറ്റപത്രം മുഴുവന്‍ പരിഗണിക്കാന്‍ പോലും വിചാരണക്കോടതി തയ്യാറായില്ലെന്നു പറഞ്ഞ അഭിഭാഷകന്‍ വസ്തുതകള്‍ കൃത്യമായി വിലയിരുത്തിയിരുന്നെങ്കില്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി.

കുറ്റക്കാരെ വിചാരണ കൂടാതെ കുറ്റവിമുക്തമാക്കുന്നത് സിബിഐയുടെ ചരിത്രത്തില്‍ ആദ്യമായാണ്. അഴിമതി നിരോധന നിയമത്തിനു വിരുദ്ധമാണ് കോടതി വിധി. അതിനാല്‍ വിചാരണ നടത്താന്‍ അനുമതി നല്‍കണമെന്നും വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.

ലാവ്‌ലിന്‍ കേസില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സിബിഐ അന്വേഷണം നടത്തുകയും 2013 നവംബറില്‍ പിണറായി വിജയന്‍ അടക്കമുള്ള ഏഴുപ്രതികളെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. തിരുവന്തപുരം സിബിഐ വിചാരണക്കോടതിയാണ് ഇവരെ വെറുതെവിട്ടത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്. അതേസമയം, കേസില്‍ വരും ദിവസങ്ങളിലും വാദം തുടരും.

Read More >>