കലാഭവൻ മണിയുടെ മരണം അസ്വാഭാവികമെന്നു സിബിഐ റിപ്പോർട്ട്; എഫ്ഐആർ കോടതിയിൽ സമർപ്പിച്ചു

അസ്വാഭാവിക മരണമെന്നാണെങ്കിലും മണിയുടെ മരണത്തിനുത്തരവാദികൾ ആരൊക്കെയെന്നു എഫ്ഐആറിൽ പരാമർശിക്കുന്നില്ല.

കലാഭവൻ മണിയുടെ മരണം അസ്വാഭാവികമെന്നു സിബിഐ റിപ്പോർട്ട്; എഫ്ഐആർ കോടതിയിൽ സമർപ്പിച്ചു

നടൻ കലാഭവൻ മണിയുടെ മരണം അസ്വാഭാവികമെന്നു സിബിഐ. ഇക്കാര്യം വ്യക്താമാക്കുന്ന എഫ്ഐആർ എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചു. അസ്വാഭാവിക മരണമെന്നാണെങ്കിലും മണിയുടെ മരണത്തിനുത്തരവാദികൾ ആരൊക്കെയെന്നു എഫ്ഐആറിൽ പരാമർശിക്കുന്നില്ല.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസമാണ് മണിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തത്. മണിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നു ചൂണ്ടിക്കാട്ടി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുക്കാൻ സിബിഐക്ക് ഹൈക്കോടതി നിർദേശം നൽകിയത്. നേരത്തെ സർക്കാർ ആവശ്യപ്പെട്ടെങ്കിലും മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നു ചൂണ്ടിക്കാട്ടി കേസ് ഏറ്റെടുക്കാന്‍ സിബിഐ വിസമ്മതിച്ചെങ്കിലും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനായി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ചാലക്കുടിയിലെത്തി പരിശോധന നടത്തുകയും സിഐയിൽ നിന്നും കേസ് ഡയറി കൈപ്പറ്റുകയും ചെയ്തിരുന്നു. ഔട്ട് ​ഹൗസായ പാഡിയിൽ അവശനിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മണി കഴിഞ്ഞ മാര്‍ച്ച് ആറിനാണു മരിച്ചത്.