ജാമ്യവ്യവസ്ഥകൾ ലംഘിച്ചു: കാരായി രാജന് സിബിഐ കോടതിയുടെ ശാസന; പുതിയ ജോലിക്കു പോകാനുള്ള അനുമതി റദ്ദാക്കി

കഴിഞ്ഞയാഴ്ച തലശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലാണ് രാജൻ ജാമ്യവ്യവസ്ഥ ലം​ഘിച്ച് പങ്കെടുത്തത്. അവാര്‍ഡ് ദാനം കാണുന്നതിനു മുന്‍ നിരയില്‍ ഇരിക്കുകയും ക്ഷണിക്കപ്പെട്ടവര്‍ക്ക് നല്‍കുന്ന പ്രത്യേക ടാഗ് ധരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്​ഘാടനം ചെയ്തത്.

ജാമ്യവ്യവസ്ഥകൾ ലംഘിച്ചു: കാരായി രാജന് സിബിഐ കോടതിയുടെ ശാസന; പുതിയ ജോലിക്കു പോകാനുള്ള അനുമതി റദ്ദാക്കി

ഫസൽ വധക്കേസ് പ്രതി കാരായി രാജന് സിബിഐ കോടതിയുടെ ശാസന. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് തലശ്ശേരിയിൽ പൊതുപരിപാടിയിൽ പങ്കെടുത്തതിനാണ് കാരായി രാജനെ കോടതി ശാസിച്ചത്.

രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. കണ്ണൂരിൽ പ്രവേശിക്കരുതെന്ന് ഉപാധിയോടെയായിരുന്നു കോടതി നേരത്തെ ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് സിബിഐ കോടതിയെ സമീപിച്ചത്.

അതേസമയം, കാരായി രാജന് അനുവദിച്ചിരുന്ന ജാമ്യവ്യവസ്ഥയിലെ ഇളവ് കോടതി റദ്ദാക്കി. സിപിഐഎം പ്രസിദ്ധീകരണമായ 'ചിന്ത'യിലെ പ്രൂഫ് റീഡര്‍ ജോലി ചെയ്യാനായി തിരുവനന്തപുരത്തു പോകാനായി നേരത്തെ നൽകിയ അനുവാദമാണ് കോടതി റദ്ദ് ചെയ്തത്.

കഴിഞ്ഞയാഴ്ച തലശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലാണ് രാജൻ ജാമ്യവ്യവസ്ഥ ലം​ഘിച്ച് പങ്കെടുത്തത്. അവാര്‍ഡ് ദാനം കാണുന്നതിനു മുന്‍ നിരയില്‍ ഇരിക്കുകയും ക്ഷണിക്കപ്പെട്ടവര്‍ക്ക് നല്‍കുന്ന പ്രത്യേക ടാഗ് ധരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്​ഘാടനം ചെയ്തത്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് അം​ഗമായ കാരായി രാജന് ജില്ലാപഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കോടതി നേരത്തെ അനുവാദം നല്‍കിയിരുന്നു. എന്നാൽ ഈ ഇളവ് മുതലാക്കി ചലചിത്ര പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.

ചലചിത്ര പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തതിനെ കോടതി വിമര്‍ശിച്ചു. അവാര്‍ഡ് ദാന ചടങ്ങില്‍ രാജനെത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ഇതിനാൽ ജാമ്യം റദ്ദാക്കണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ജാമ്യം പൂർണമായി റദ്ദ് ചെയ്യാൻ കോടതി തയ്യാറായില്ല.

കാരായി രാജന്‍റെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വ്യവസ്ഥ ലംഘിച്ചതു വഴി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നതിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാൻ സാധിക്കില്ലെന്നു കോടതി അറിയിച്ചത്.

കഴിഞ്ഞ ജൂണിലാണ് എറണാകുളം ജില്ല വിട്ടുപോകാന്‍ കാരായി രാജന് സിബിഐ കോടതി അനുമതി നല്‍കിയത്. പാര്‍ട്ടി പ്രസിദ്ധീകരണമായ 'ചിന്ത'യില്‍ പ്രൂഫ് റീഡറായി ജോലി ലഭിച്ചതിനാല്‍ തിരുവനന്തപുരത്തേക്കു പോകാനായിരുന്നു അനുമതി. രാജന്റെ അപേക്ഷ പരിഗണിച്ചായിരുന്നു കോടതി അനുമതി നല്‍കിയത്.

എന്നാല്‍ കോടതിയില്‍ നിന്ന് അനുമതി തേടി ജില്ലാ പഞ്ചായത്ത് യോഗത്തിനല്ലാതെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടുവെച്ചിരുന്നു. അതേസമയം, സംഭവം വിവാദമായതോടെ വിശദീകരണവുമായി കാരായി രാജന്‍ രംഗത്തെത്തിയിരുന്നു. 2006 ല്‍ തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതിയാണ് കാരായി രാജന്‍.

Read More >>