വാണിയംകുളം ചന്തയില്‍ ഇന്നെത്തിയത് വെറും പത്ത് ശതമാനത്തോളം കന്നുകള്‍. 'ഈ പോക്ക് പോയാല്‍ ബീഫ് കിട്ടാതെ വരും. കിട്ടിയാല്‍ തന്നെ വില പൊന്നും വില കൊടുക്കേണ്ടി വരും'; ആധിയോടെ കാലിക്കച്ചവടക്കാർ

വാണിയംകുളം ചന്ത നേരത്തെ കണ്ടവര്‍ക്ക് ഇന്നത്തെ ചന്ത കണ്ടാല്‍ വേദന തോന്നും. നൂറ് കണക്കിന് ലോഡ് കന്നുകാലികള്‍ വരേണ്ടയിടത്ത് വളരെ കുറച്ചു മാത്രമാണ് എത്തിയിട്ടുള്ളത്. അതും സമീപ പ്രദേശങ്ങളില്‍ നിന്ന് എത്തിയവയാണ് അധികവും. കഴിഞ്ഞയാഴ്ച്ച വരെ കന്നുകാലികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞ ചന്തയാണിത്.

വാണിയംകുളം ചന്തയില്‍ ഇന്നെത്തിയത്  വെറും  പത്ത് ശതമാനത്തോളം  കന്നുകള്‍. ഈ പോക്ക് പോയാല്‍ ബീഫ് കിട്ടാതെ വരും. കിട്ടിയാല്‍ തന്നെ വില പൊന്നും വില കൊടുക്കേണ്ടി വരും; ആധിയോടെ കാലിക്കച്ചവടക്കാർ

' ഈ പോക്ക് പോയാല്‍ വരുന്ന പെരുന്നാളിന് ബീഫ് കിട്ടില്ല, അഥവാ കിട്ടുന്നെങ്കില്‍ തന്നെ കിലോവിനു അഞ്ഞൂറെങ്കിലും വില കടക്കും' വാണിയംകുളത്ത് കശാപ്പ് നിയന്ത്രണം വന്ന ശേഷം ആദ്യ ചന്തയില്‍ നിന്നു കൊണ്ട് ഇറച്ചി കച്ചവടക്കാരനായ ഹംസ പറഞ്ഞു.

' കന്നിന്റെ തൂക്കം ഏകദേശം നോക്കി ഇറച്ചി വിലയ്ക്കാണ് കന്നുകളെ ചന്തയില്‍ വില്‍ക്കുന്നതും വാങ്ങുന്നതും. ഇന്ന് കന്നിന്റെ വിലയില്‍ കിലോവിന് അമ്പത് രൂപ വരെ കൂടി, ഇത് ഇറച്ചിയായി വില്‍ക്കുമ്പോള്‍ നൂറ് രൂപയോളം വരും. 260 രൂപയുണ്ടായിരുന്ന ബീഫ് രണ്ട് ദിവസത്തിന് മുമ്പ് തന്നെ പലയിടത്തും 300 രൂപ കടന്നു. ഇന്നത്തെ ചന്ത വിലയുടെ കാര്യം നോക്കി പറയുകയാണെങ്കില്‍ ഒന്ന് രണ്ട് ദിവസത്തിനകം തന്നെ ഒരു കിലോ ബീഫിന് വില നാനൂറിന് അടുത്തെത്താം.' വര്‍ഷങ്ങളായി വാണിയംകുളത്ത് നിന്ന് കന്നുകാലികളെ വാങ്ങി കൊണ്ടു പോയി ഇറച്ചിക്കട നടത്തുന്ന ഹംസ പറഞ്ഞു.

മൂന്നു നാലു പോത്തിനെ വാങ്ങാന്‍ വന്ന ഹംസ കഴിഞ്ഞ ദിവസം രണ്ടെണ്ണം മാത്രമേ വാങ്ങിയുള്ളു. കാരണം ചോദിച്ചപ്പോള്‍ ഹംസ പറഞ്ഞു. ' ഇങ്ങിനെ പോയാല്‍ അടുത്താഴ്ച്ച ചന്തയില്‍ നിന്ന് കന്നുകാലികളെ വാങ്ങാനാവുമെന്ന് കരുതുന്നില്ല. വാങ്ങിയ ഉരുക്കളെ പെരുന്നാളിന് മാത്രമേ കശാപ്പ് ചെയ്യു. അപ്പോഴേക്കും നിലയില്‍ മാറ്റം വന്നില്ലെങ്കില്‍ ബീഫിന് വില അറുന്നൂറിനടുത്ത് വരാം. അത് കൊടുത്താലും അന്ന് ബീഫ് കിട്ടിക്കൊള്ളണം എന്നുമില്ല.'

ഹംസ പറഞ്ഞത് ശരിയാണെന്ന് ഇന്നത്തെ വാണിയംകുളം ചന്ത കണ്ടാല്‍ തോന്നും. വാണിയംകുളം ചന്ത നേരത്തെ കണ്ടവര്‍ക്ക് ഇന്നത്തെ ചന്ത കണ്ടാല്‍ വേദന തോന്നും. ചന്തയുടെ ഏക്കര്‍ കണക്കിന് സ്ഥലത്ത് ഏകദേശം അഞ്ഞൂറില്‍ താഴെ കന്നുകാലികള്‍ മാത്രമാണ് എത്തിയിട്ടുള്ളത്. നൂറ് കണക്കിന് ലോഡ് കന്നുകാലികള്‍ വരേണ്ടയിടത്ത് വളരെ കുറച്ചു മാത്രമാണ് എത്തിയിട്ടുള്ളത്. അതും സമീപ പ്രദേശങ്ങളില്‍ നിന്ന് എത്തിയവയാണ് അധികവും. കഴിഞ്ഞയാഴ്ച്ച വരെ കന്നുകാലികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞ ചന്തയാണിത്. റംസാന്‍ മാസത്തില്‍ ഇറച്ചിക്ക് കൂടുതല്‍ ആവശ്യക്കാരുള്ളതിനാല്‍ കൂടുതല്‍ ലോഡുകള്‍ എത്തേണ്ടയിടത്താണ് തീരെ ലോഡുകള്‍ കുറഞ്ഞു പോയത്.

വ്യാഴാഴ്ച്ച ദിവസങ്ങളിലാണ് വാണിയംകുളത്തെ കന്നുകാലി ചന്ത. ചന്ത നടക്കുന്ന ദിവസങ്ങളില്‍ വാണിയംകുളത്തുകാര്‍ക്ക് ഉത്സവമാണ്. കാരണം കന്നുകച്ചവടക്കാരും ലോറിക്കാരും എല്ലാമായി നൂറു കണക്കിന് പേരാണ് വാണിയംകുളത്ത് എത്തിചേരുക. കടകളില്‍ കച്ചവടം പൊടി പൊടിക്കും. ചന്തയോട് ചേര്‍ന്ന് ചന്ത ദിവസങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന മൂന്നാലു ചായക്കടകളും ഉണ്ട്. ഏക്കര്‍ കണക്കിന് വരുന്ന ചന്തപ്പറമ്പില്‍ മഴക്കാലത്ത് ചെളിയുണ്ടാവും. ഈ ചെളിക്കിടയില്‍ ആയിരത്തിലധികം കന്നുകാലികള്‍ നിരന്നു നില്‍ക്കുന്നുണ്ടാവും. പോത്ത്, എരുമ, മൂരി, പശു, തുടങ്ങിയവയാണ് എല്ലാം.

കോഴികള്‍ക്കും ആടിനുമെല്ലാമായി ഇതേ സ്ഥലത്ത് ബുധനാഴ്ച്ചയിൽ ചന്ത നടക്കും. ആടുകളും കോഴികളും ചന്തയിലേക്ക് അധികം എത്താതിനാല്‍ ബുധനാഴ്ച്ച ഉച്ച മുതലെ ചന്തയിലേക്ക് കന്നുകളെത്താന്‍ തുടങ്ങും.

പാലക്കാട്- കുളപ്പുള്ളി സംസ്ഥാന പാതയോട് ചേര്‍ന്ന് ചന്തയിലേക്കു വന്ന വലിയ ലോറികള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടാവും. കിലോമീറ്ററുകള്‍ ദൂരത്തില്‍ പാര്‍ക്ക് ചെയ്തു കിടക്കുന്ന ലോറികള്‍ പലപ്പോഴും ഗതാഗത കുരുക്കുണ്ടാവും. ചന്തയേയും ലോറികളേയും ശപിച്ചു കൊണ്ട് യാത്രക്കാര്‍ ഇറങ്ങി നടക്കും-ഇതൊക്കെ പഴങ്കഥകളായി.

വ്യാഴാഴ്ച മാത്രം ഇവിടെ രണ്ടു കോടിയിലധികം രൂപയുടെ കന്നുകാലി വ്യാപാരമാണ് നടന്നിരുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ് ഇവിടേക്ക് പ്രധാനമായും കന്നുകാലികൾ എത്തുന്നത്. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കോയമ്പത്തൂർ ജില്ലകളിൽ നിന്നുള്ള വ്യാപാരികളും ഇടപാടുകൾക്കായി ചന്തയിലെത്തിയിരുന്നു.

" മുഖ്യമന്ത്രി പിണറായി വിജയന്‍ കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകളാണ് ഇപ്പോള്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും കന്നുകാലി വ്യാപാരികള്‍ക്ക് ആശ്വാസം പകരുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ് ചെന്നൈ ഹൈക്കോടതി സ്‌റ്റേ ചെയ്‌തെങ്കിലും അതിന്റെ ഗുണമൊന്നും തമിഴ്‌നാട്ടിലെ കന്നുകാലി കച്ചവടകാര്‍ക്ക് കിട്ടിയിട്ടില്ല". ആള്‍ കേരള കന്നുകാലി വ്യാപാരി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി യൂസഫ് നാരദാ ന്യൂസിനോട് പറഞ്ഞു.

"കേന്ദ്രത്തിന്റെ ഉത്തരവ് വന്നിട്ട് ഒരാഴ്ച്ചയായി. നിയമത്തെ നേരിടാനുള്ള പല പദ്ധതികളും കേരള സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടാവാം. പക്ഷെ ഒന്നും പ്രായോഗികമായി നടപ്പില്‍ വന്നിട്ടില്ല. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് കന്നുകാലികളെ കൊണ്ടു വരാന്‍ പറ്റാത്തതാണ് പ്രശ്‌നം, അവിടത്തെ സര്‍ക്കാറുകള്‍ പ്രശ്‌നം ഉണ്ടാക്കിയില്ലെങ്കിലും ഗോ സംരക്ഷകര്‍ എന്ന പേരില്‍ ചിലര്‍ വണ്ടി തടഞ്ഞു കന്നുകളെ തട്ടികൊണ്ടു പോകുന്നുണ്ട്." യൂസഫ് പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നും മറ്റ് അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെ നേരിട്ടാണ് വാണിയംകുളത്തെ ചന്തയില്‍ എത്തിക്കുന്നത്. വാണിയംകുളത്തെ ചന്തയില്‍ വില്‍ക്കാന്‍ കഴിയാത്ത കന്നുകാലികളാണ് ഇവിടെ നിന്നും മറ്റിടങ്ങളിലേക്ക് കൊണ്ടു പോകുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച നടന്നിരുന്ന കുഴല്‍മന്ദം ചന്തയിലും തിരക്ക് കുറവായിരുന്നു. വാണിയംകുളം പോലുള്ള വലിയ ചന്തകളില്‍ ആവശ്യത്തിന് കന്നുകാലികളെ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തില്‍ ബീഫ് ലഭ്യത വളരെ കുറയുമെന്ന കാര്യത്തിൽ സംശയമില്ല.