കന്നുകാലി കശാപ്പ് നിരോധനം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയക്കും; മറുപടി കിട്ടിയ ശേഷം തുടർനടപടി

ഉത്തരവ് നടപ്പാക്കുന്നത് പ്രായോ​ഗികമല്ലെന്നു പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കത്തിലൂടെ അറിയിക്കും. കത്തിനു കേന്ദ്രത്തിന്റെ മറുപടി കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.

കന്നുകാലി കശാപ്പ് നിരോധനം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയക്കും; മറുപടി കിട്ടിയ ശേഷം തുടർനടപടി

രാജ്യമൊട്ടാകെ കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയക്കും.

ഉത്തരവ് നടപ്പാക്കുന്നത് പ്രായോ​ഗികമല്ലെന്നു പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കത്തിലൂടെ അറിയിക്കും. കത്തിനു കേന്ദ്രത്തിന്റെ മറുപടി കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.

കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം രാജ്യത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതികരിച്ചിരുന്നു.

ഇതുവരെ പശുവിനെ കൊല്ലുന്നതിന്റെ പേരിലാണ് രാജ്യത്തിന്‍റെ പല ഭാഗത്തും സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടത്. എന്നാല്‍, നിരോധനം കാള, പോത്ത്, എരുമ, ഒട്ടകം എന്നീ മൃഗങ്ങള്‍ക്കും ബാധകമാണ്. രാജ്യത്ത് കോടിക്കണക്കിനാളുകള്‍ ഭക്ഷ്യാവശ്യത്തിന് ഇത്തരം മൃഗങ്ങളെ കൊല്ലുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മാംസം ഭക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരല്ല. എല്ലാ മതങ്ങളില്‍പ്പെട്ടവരും ചരിത്രാതീത കാലം മുതല്‍ മാംസ ഭക്ഷണം കഴിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കുക വഴി ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിനു മേലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കൈവച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിരോധനത്തിനെതിരെ ശക്തമായ ഭാഷയിലാണ് മറ്റു മന്ത്രിമാരും രം​ഗത്തുവന്നിരുന്നത്. കേന്ദ്രത്തിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രം നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയാണെന്നായിരുന്നു കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ പ്രതികരണം. ഇനിയാരും കന്നുകാലികളെ വളര്‍ത്താന്‍ ധൈര്യപ്പെടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

ഇന്നലെയാണ് രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. ഉത്തരവോടെ കൃഷി ആവശ്യങ്ങള്‍ക്കായി അല്ലാതെ രാജ്യത്ത് ഇനി കന്നുകാലികളെ വില്‍ക്കാന്‍ സാധിക്കില്ലെന്നതാണ് പ്രശ്നം. കന്നുകാലി കച്ചവടങ്ങള്‍ കൃഷി ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് തെളിയിക്കുന്ന രേഖകള്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കണമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പശുവിനെ കൂടാതെ കാള, പോത്ത്, ഒട്ടകം എന്നിവയടക്കമുള്ള കന്നുകാലികളുടെ കശാപ്പിനും വിപണനത്തിനുമാണ്നി രോധനമേർപ്പെടുത്തിയിരിക്കുന്നത്. കന്നുകാലികളെ ബലിയര്‍പ്പിക്കുന്നതും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. 1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്ന നിയമത്തിലെ പ്രത്യേക വകുപ്പ് ഉപയോഗിച്ചാണ് നിരോധനം.